Sorry, you need to enable JavaScript to visit this website.

 ലിനിയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ല- കെ.കെ ശൈലജ 

കോഴിക്കോട്- നിപ്പയോട് പൊരുതി ജീവത്യാഗം ചെയ്ത സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മദിനത്തില്‍ അനുസ്മരണ കുറിപ്പുമായി മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഈ ദിനം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും അത്രയേറെ തീവ്രതയോടെ ഉള്ളിനുള്ളില്‍ പതിഞ്ഞിട്ടുണ്ട് ലിനി എന്ന ജീവത്യാഗിയായ മാലാഖയുടെ മുഖമെന്നും ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോഴിക്കോട് നിപ്പ വൈറസ് പടര്‍ന്ന ആദ്യഘട്ടത്തില്‍ രോഗം ബാധിച്ച 18 പേരില്‍ 16 പേരും മരണത്തിന് കീഴടങ്ങിയിരുന്നു. നിപ്പ രോഗികളെ പരിചരിക്കുന്നതിനിടെ പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയിലെ താല്‍ക്കാലിക നഴ്‌സായിരുന്ന സിസ്റ്റര്‍ ലിനിയും രോഗബാധിതയായി മരണത്തിന് കീഴടങ്ങുകയായിരുന്നു. രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ തനിച്ചാക്കി ഭര്‍ത്താവിന് മരണക്കിടക്കയില്‍ നിന്നും കത്തെഴുതിവെച്ച് മരണത്തെ പുല്‍കിയ സിസ്റ്റര്‍ ലിനിയെ രക്തസാക്ഷിയായാണ് കേരളക്കര നെഞ്ചേറ്റിയത്.

ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് കുറിപ്പ്:
.
ലിനിയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ല. ഈ ദിനം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. അത്രയേറെ തീവ്രതയോടെ ഉള്ളിനുള്ളില്‍ പതിഞ്ഞിട്ടുണ്ട് ലിനി എന്ന ജീവത്യാഗിയായ മാലാഖയുടെ മുഖം. ആദ്യഘട്ടത്തില്‍ വൈറസ് ബാധിച്ച 18 പേരില്‍ 16 പേരെയും നമുക്ക് നഷ്ടപ്പെട്ടിരുന്നു. രോഗപ്പകര്‍ച്ച കൂടിയ വൈറസ് ആയിരുന്നിട്ടും കൂടുതല്‍ ആളുകളിലേക്ക് രോഗപ്പകര്‍ച്ച തടയാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്.
ആരോഗ്യ വകുപ്പിലേയും മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ള വ്യത്യസ്ത വകുപ്പുകളിലേയും, മുന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍, മറ്റ് ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ സഹകരണത്തോടെ പഴുതടച്ച പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിന് ആധാരം. നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ലിനി സിസ്റ്റര്‍ക്ക് രോഗം ബാധിക്കുന്നത്. താന്‍ മരണത്തിലേക്ക് അടുക്കുകയാണെന്ന് അറിഞ്ഞിട്ടും പ്രിയ ഭര്‍ത്താവിന് എഴുതിയ കത്ത് ഇന്നും ഏറെ വേദന നിറയ്ക്കുന്നു. കേരളത്തിന്റെ പോരാട്ട ഭൂമിയിലെ ഒരു ധീര നക്ഷത്രമായ ലിനിയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍. 
 

Latest News