തിരുവനന്തപുരം- സ്ഥാനാര്‍ഥി നിര്‍ണയത്തിലും മന്ത്രിമാരെ നിശ്ചയിക്കുന്നതിലും കൊണ്ടുവന്ന കണിശതയും മാനദണ്ഡവും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമനത്തിലും സി.പി.എം. കൊണ്ടുവരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാ മന്ത്രിമാരുടെയും ഓഫീസുകളില്‍ പാര്‍ട്ടി 'നിയന്ത്രണം' കൊണ്ടുവരാനാണ് തീരുമാനം. പ്രൈവറ്റ് സെക്രട്ടറിമാര്‍ പാര്‍ട്ടി നിശ്ചയിക്കുന്നവരാകും. മറ്റു സ്റ്റാഫുകള്‍ക്കും നിബന്ധനകള്‍ നിശ്ചയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ കാലാവധിക്കു മുമ്പ് വിരമിക്കുന്നവരെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളാക്കേണ്ടെന്നു തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ സ്റ്റാഫിലുണ്ടായിരുന്നവര്‍ക്ക് പറ്റിയ വീഴ്ചയാണ് കഴിഞ്ഞ സര്‍ക്കാരിന് ഏറെ പേരുദോഷമുണ്ടാക്കിയത്. അത് ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത ഇത്തവണ ഉണ്ടാകും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം.പി.യുമായിരുന്ന കെ.കെ. രാഗേഷിനെയാണ് നിയമിക്കുന്നത്. പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നേരത്തേയുണ്ടായിരുന്ന പുത്തലത്ത് ദിനേശന്‍ തുടര്‍ന്നേക്കും. ഉദ്യോഗസ്ഥരെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറിമാരായി കൊണ്ടുവരുന്നതാണ് ഉചിതമെന്നാണ് സി.പി.എം. നിലപാട്. പക്ഷേ, ഇക്കാര്യത്തില്‍ കടുത്ത നിലപാടുണ്ടാകില്ല. എന്നാല്‍, ഉദ്യോഗസ്ഥരാണ് പ്രൈവറ്റ് സെക്രട്ടറിമാരാകുന്നതെങ്കില്‍, അവര്‍ പാര്‍ട്ടി കൂറുള്ളവരാകണം. സി.പി.എം. അനുകൂല യൂണിയനുകളിലൂടെയാകും ഇവരെ തെരഞ്ഞെടുക്കുക.
പാര്‍ട്ടിയില്‍നിന്ന് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളാകുന്നവര്‍ക്ക് കഴിഞ്ഞതവണ തന്നെ സി.പി.എം. യോഗ്യത നിശ്ചയിച്ചിരുന്നു. ബിരുദധാരികളെ മാത്രം സ്റ്റാഫില്‍ നിയമിച്ചാല്‍ മതിയെന്നായിരുന്നു തീരുമാനം. ഇതില്‍ ഒറ്റപ്പെട്ട ഇളവുകള്‍ മാത്രമാണ് നല്‍കിയിരുന്നത്. ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ 30 പേരെയാണ് നിയമിക്കാനാകുക. പക്ഷേ, പരമാവധി അംഗങ്ങളെ സ്റ്റാഫില്‍ നിയോഗിക്കുകയെന്ന രീതി വേണ്ടെന്ന് കഴിഞ്ഞതവണ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും സ്റ്റാഫിലൊഴികെ പരമാവധി 27 അംഗങ്ങളെ മാത്രമേ നിയമിച്ചുള്ളൂ.