റിയാദ് - സൗദിയിൽ പെട്രോളിതര കയറ്റുമതിയിൽ 1340 കോടിയുടെ അധികലാഭമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസം സൗദി അറേബ്യയുടെ പെട്രോളിതര കയറ്റുമതി 21 ശതമാനം തോതിൽ വർധിച്ചതായി കയറ്റുമതി വികസന അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മാസം 1340 കോടി റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങളാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. ആകെ 44 ലക്ഷം ടൺ തൂക്കമുള്ള പെട്രോളിതര ഉൽപന്നങ്ങൾ കഴിഞ്ഞ മാസം വിദേശങ്ങളിലേക്ക് കയറ്റി അയച്ചു.
ഏറ്റവുമധികം പെട്രോളിതര ഉൽപന്നങ്ങൾ കയറ്റി അയച്ചത് ജുബൈൽ ഇൻഡസ്ട്രിയൽ തുറമുഖം വഴിയാണ്. ഈ തുറമുഖം വഴി 360 കോടി റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങൾ കയറ്റി അയച്ചു. രണ്ടാം സ്ഥാനത്തുള്ള ജുബൈൽ തുറമുഖം വഴി 260 കോടി റിയാലിന്റെയും മൂന്നാം സ്ഥാനത്തുള്ള ജിദ്ദ തുറമുഖം വഴി 240 കോടി റിയാലിന്റെയും പെട്രോളിതര ഉൽപന്നങ്ങൾ കഴിഞ്ഞ മാസം വിദേശങ്ങളിലേക്ക് കയറ്റി അയച്ചു.
കഴിഞ്ഞ മാസം ഏറ്റവുമധികം പെട്രോളിതര ഉൽപന്നങ്ങൾ കയറ്റി അയച്ചത് ചൈനയിലേക്കാണ്. ചൈനയിലേക്ക് 230 കോടി റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങൾ കയറ്റി അയച്ചു. ഇന്ത്യയും യു.എ.ഇയുമാണ് രണ്ടാം സ്ഥാനത്ത്. ഇരു രാജ്യങ്ങളിലേക്കും കഴിഞ്ഞ മാസം 140 കോടി റിയാലിന്റെ വീതം പെട്രോളിതര ഉൽപന്നങ്ങൾ കയറ്റി അയച്ചതായും സൗദി കയറ്റുമതി വികസന അതോറിറ്റി പറഞ്ഞു.