ഷാർജ - ആഫ്രിക്കൻ വന്യജീവി വൈവിധ്യങ്ങളുമായി ഷാർജയിൽ വിശാലമായ സഫാരി പാർക്ക് അടുത്ത വർഷത്തോടെ സജ്ജമാകും. നിലവിൽ ചെറിയ തോതിൽ പ്രവർത്തിക്കുന്ന പാർക്ക് വിപുലീകരിക്കാനാണ് പദ്ധതി. വ്യത്യസ്തമായ ആഫ്രിക്കൻ മൃഗങ്ങളുടെ സാന്നിധ്യമുള്ള ആഫ്രിക്കക്ക് പുറത്തുള്ള ഏറ്റവും വലിയ സഫാരി പാർക്ക് ആയിരിക്കും ഇത്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങൾ ഉൾപ്പെടെ ഈ പാർക്കിലുണ്ടാവും. അൽദൈദിലാണ് സഫാരി പാർക്ക് ഒരുങ്ങുന്നത്. ജിറാഫ്, പക്ഷികൾ, ആന, കടലാമ, ആഫ്രിക്കൻ റോക്ക് പൈത്തൺ, അരയന്നം, മുതലകൾ തുടങ്ങിയ പലതരം മൃഗങ്ങളാണ് പാർക്കിലുണ്ടാവുക.
ഈ വർഷം അവസാനമോ അടുത്ത വർഷത്തിലോ പാർക്ക് തുറക്കുമെന്ന് പാർക്കിന്റെ മുഖ്യ ശിൽപി ഷുറൂക്ക് കമ്പനി എക്‌സിക്യൂട്ടീവ് ചെയർമാൻ മർവാൻ അൽസർക്കൽ പറഞ്ഞു. ഷാർജ ഗവൺമെന്റും പരിസ്ഥിതി സംരക്ഷണ അതോറിറ്റിയും പദ്ധതിയുടെ ഭാഗമാണ്. ഇക്കോ ടൂറിസം, സാംസ്‌കാരിക പൈതൃകം, ചരിത്ര സ്ഥലങ്ങൾ, സാഹസിക ടൂറിസം എന്നീ മേഖലകളെ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് സഫാരി പാർക്കിന്റെയും വികസനം. രാജ്യത്തിന്റെ ടൂറിസം മേഖലയിൽ വലിയ ചലനം സൃഷ്ടിക്കാൻ സഫാരി പാർക്കിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ജിറാഫുകൾക്ക് പുറമെ പാർക്കിൽ ഇനിയും ജിറാഫുകളെത്തും. മുതലകൾക്കായി തടാകങ്ങൾ ഒരുങ്ങും. സിംഹങ്ങൾക്കായി ഗുഹകളുമുണ്ടാകും. കാണ്ടാമൃഗം ഉൾപ്പെടെയുള്ള വ്യത്യസ്ത വന്യജീവികൾക്ക് വാസഗേഹമൊരുക്കും.
ആഫ്രിക്കൻ വന്യജീവികളെ ആഫ്രിക്കയിൽ പോകാതെ തന്നെ കാണാനുള്ള സുവർണാവസരമാണ് സഫാരി പാർക്ക്. കഴിഞ്ഞ മാസം സഫാരി പാർക്കിൽ 121 തരം വ്യത്യസ്ത വന്യജീവികൾ എത്തിയിരുന്നു.