Sorry, you need to enable JavaScript to visit this website.

കോവിഡിനെ നേരിടുന്നതിൽ മോഡി  സർക്കാർ വൻ പരാജയമെന്ന് കത്തോലിക്ക സഭ


കൊച്ചി- കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിൽ കേന്ദ്ര സർക്കാർ അമ്പേ പരാജയപ്പെട്ടെന്ന് സീറോ മലബാർ സഭ. നിറഞ്ഞു കവിയുന്ന ആശുപത്രികളും ചിതയണയാത്ത ശ്മശാനങ്ങളും ഒഴുകി നടക്കുന്ന മൃതദേഹങ്ങളും ഓക്‌സിജന്റെ നിറസിലിണ്ടറിനായി കിലോമീറ്റർ നീളുന്ന കാത്തിരിപ്പുകളും, കേവല ദുരന്തമല്ല, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമായിത്തന്നെ തിരിച്ചറിയണമെന്ന് ഉന്നത നീതിപീഠങ്ങൾതന്നെ നിലവിളിക്കുക്കുകയാണ്. അപ്പോഴും പ്രധാനമന്ത്രിയുടെ വസതിയുൾപ്പെടെയുള്ള 'സെൻട്രൽ വിസ്താ' പദ്ധതിക്ക് ഇളവ് തേടുന്ന ഭരണകൂടം ജനവിരുദ്ധമെന്നതിനപ്പുറം ഭരണമില്ലായ്മയാണ് കാണിക്കുന്നതെന്ന് അതിരൂപതാ മുഖപത്രമായ സത്യദീപം എഡിറ്റോറിയലിൽ കുറ്റപ്പെടുത്തി. ബജറ്റിൽ ഉൾപ്പടുത്തിയ 35,000 കോടിയും 'കണക്കിൽപ്പെടാത്ത' പി.എം. കെയർ ഫണ്ടും ഉപയോഗിച്ച് ഈ ആരോഗ്യ അടിയന്തരാവസ്ഥയെ അതിശക്തമായി നേരിടാനുള്ള ആർജവം കേന്ദ്രസർക്കാർ കാണിക്കണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യത്തെ സർക്കാർ നിരന്തരം അവഗണിക്കുകയാണ്. 


രണ്ടാം തരംഗത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഒക്ടോബറിൽത്തന്നെ കിട്ടിയിട്ടും എല്ലാം ഭദ്രമെന്ന മട്ടിൽ ആലസ്യത്തിലാണ്ടതാണ് കാര്യങ്ങൾ ഈ വിധം കൈവിട്ട് പോകാനിടയാക്കിയത് എന്ന വിമർശനം ഇപ്പോൾ ഉയർത്തുന്നത് ആർ.എസ്.എസ് ആണ്. കോവിഡ് പോരാട്ടത്തിൽ ശാസ്ത്രീയമായ നയരൂപീകരണം സാധ്യമാകുന്നില്ല എന്ന സങ്കടമറിയിച്ച് ജനോമിക്‌സ് കൺസോർഷ്യം മേധാവി ഡോ. ഷാഹിദ് ജമീൽ രാജിവെച്ചതാണ് പുതിയ വഴിത്തിരിവ്.


പുതിയ ഓക്‌സിജൻ നിർമാണ യൂനിറ്റുകൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശം പ്രാവർത്തികമാക്കാതെ പാതിവഴിയിൽ നിന്നുപോയതും, വാക്‌സിൻ നിർമാണാനുമതി പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകാതെ രണ്ട് സ്വകാര്യ കമ്പനികൾക്ക് മാത്രമായി ചുരുക്കി നൽകി. ആഭ്യന്തരാവശ്യം പരിഗണിക്കാതെ വാക്‌സിൻ വിദേശത്തേക്ക് കയറ്റി അയച്ചതും, വിദേശവാക്‌സിൻ ഇറക്കുമതിയുടെ അനുമതി വൈകിച്ചതും, വാക്‌സിന്റെ വില നിർണയാധികാരം നിർമാണ കമ്പനികൾക്ക് നിരുപാധികം വിട്ടു നൽകിയതും, എരിതീയിൽ എണ്ണപോലെ എണ്ണകമ്പനികളെ സഹായിക്കുംവിധം അനുദിന ഇന്ധനവില വർധനവും ഒരു നാടിന്റെ അനാഥത്വത്തിന്റെ മുറിവടയാളങ്ങളാകുകയാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.


ലോക്ഡൗണിലൂടെ അകത്തിരിക്കാൻ നിർബന്ധിതരായ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുന്ന സംസ്ഥാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാഘോഷം അനൗചിത്യമാണെന്ന് മുഖപത്രം കുറ്റപ്പെടുത്തി. രാജ്ഭവനിലെ ലളിതമായ ചടങ്ങിൽ അത്യാവശ്യക്കാരെ മാത്രം ഉൾപ്പെടുത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേൽക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നതായിരുന്നു ഇപ്പോൾ നല്ലത്. സാധാരണക്കാരുടെ മൃതസംസ്‌കാര ശുശ്രൂഷയിൽ 20 പേരെ കർശനമായി നിജപ്പെടുത്തുമ്പോൾ, വി.ഐ.പികളുടെ വിടവാങ്ങലിന് ആൾക്കൂട്ടമനുവദിക്കുന്ന നിലപാട് മാറ്റം നിലവാരമില്ലാത്തതാണെന്നും സഭാ ലേഖനം പറയുന്നു.

 

Latest News