കണ്ണൂർ- കളമശ്ശേരിയിൽ കോണി ചിഹ്നത്തിൽ മത്സരിച്ച ഗഫൂറിനെ പോലെയോ, വർഗീയതയും അഴിമതിയും തന്റെ തൊപ്പിയിൽ ചർത്തിയ അഴീക്കോട്ടെ ലീഗ് സ്ഥാനാർഥിയെ പോലെയുള്ള ആളല്ല മുഹമ്മദ് റിയാസെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ.
വിജയനും കുടുംബവും കേരളം ഭരിക്കും എന്ന തലക്കെട്ടിൽ മുസ്‌ലിം ലീഗ് മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തക്കെതിരെ രൂക്ഷ വിമർശനവുമായി ഫെയ്‌സ് ബുക്കിലെ കുറിപ്പിൽ പ്രതികരിക്കുകയായിരുന്നു ജയരാജൻ.
പിണറായി വിജയന്റെ മകളുടെ ഭർത്താവായ ശേഷമല്ല മുഹമ്മദ് റിയാസ് നേതാവായത്. ഡി.വൈ.എഫ്.ഐയുടെ യൂനിറ്റ് തലം മുതൽ പ്രവർത്തിക്കുകയും കഴിവ് തെളിയിക്കുകയും ചെയ്ത വ്യക്തിത്വമാണ് അദ്ദേഹം. അഴിമതി കേസിൽ കൃത്യമായ തെളിവുകളോടെ പിടിക്കപ്പെട്ട ഇബ്രാഹിം കുഞ്ഞിന്റെ മകനെപ്പോലെയല്ല റിയാസ്. നിരവധി സമരമുഖങ്ങളിൽ പോലീസിന്റെ ഭീകരത അനുഭവിച്ച ഇദ്ദേഹം, ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റും സി.പി.എം സംസ്ഥാന സമിതി അംഗവുമാണ്. ഇതെല്ലാം ബോധ്യമുള്ള വായനക്കാരുടെ മുന്നിലേക്കാണ് ലീഗ് പത്രം ഇത്തരമൊരു തലക്കെട്ട് നൽകിയത് -ജയരാജൻ കുറിച്ചു.
ഇത്രയും കാലം ശൈലജ ടീച്ചറെ ഇവർ വിളിച്ചത് എന്താണെന്ന് ഈ സമൂഹത്തിനറിയാം. അങ്ങേയറ്റം മ്ലേഛമായ ഭാഷയിൽ അധിക്ഷേപിച്ചവരാണിപ്പോൾ പുകഴ്ത്തലുമായി വരുന്നത്. കെ.പി.സി.സി. പ്രസിഡന്റ് ടീച്ചറെ അധിക്ഷേപിച്ചത് ജനങ്ങൾ മറന്നിട്ടില്ല. എല്ലാ മന്ത്രിമാരും പുതുമുഖങ്ങളാവണമെന്നത് ജനാധിപത്യപരമായ ചർച്ചകൾക്കുശേഷം എടുത്ത തീരുമാനമാണ്.
സി.പി.എം അല്ലാതെ മറ്റൊരു പാർട്ടിക്കും ഇത്തരമൊരു ദൃഢമായ തീരുമാനം എടുക്കാനാവില്ല. കോൺഗ്രസ്, ലീഗ് നേതാക്കളെ പോലെ മന്ത്രിയാവാനോ എം.എൽ.എയാവാനോ അല്ല സി.പി.എമ്മുകാർ പൊതുപ്രവർത്തന രംഗത്തു നിൽക്കുന്നത്. സംഘടനാ രംഗത്തായാലും പാർലമെന്ററി രംഗത്തായാലും പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കുക എന്നതാണ് സി.പി.എം പ്രവർത്തകന്റെ കടമ. 57 ൽ അധികാരമേറ്റപ്പോൾ ഇ.എം.എസ് പറഞ്ഞ ഒരു കാര്യമുണ്ട്. ഞക്കൾക്ക് മന്ത്രിമാരെന്ന നിലയിൽ ഉള്ള ഭരണ പരിചയമില്ല. എന്നാൽ ജനങ്ങൾക്കിടയിൽ അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി ഇടപെട്ട അനുഭവത്തിന്റെ കരുത്തുണ്ട്. ആ കരുത്ത് കൈമുതലാക്കിയാണ് ഭരണകസേരയിൽ ഇരിക്കുന്നത് എന്ന്. അതുപോലെ പുതുമുഖമെന്ന് വിശേഷിപ്പിക്കുന്ന എല്ലാ മന്ത്രിമാരും അനുഭവ കരുത്തുള്ളവരാണ്. അത് കൈമുതലാക്കി മികച്ച ഭരണം കാഴ്ചവെക്കാൻ അവർക്ക് കഴിയും -ജയരാജൻ ഫെയ്‌സ് ബുക്കിൽ കുറിച്ചു.