Sorry, you need to enable JavaScript to visit this website.

പരീക്ഷ പാസാകാത്തവർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നൽകില്ല; സുപ്രധാന നീക്കവുമായി സൗദി

റിയാദ് - ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന (ബൂഫിയ അടക്കം) സ്ഥാപനങ്ങളിലെയും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റുകൾ അനുവദിക്കാൻ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം ആരോഗ്യ അവബോധ പരീക്ഷ പാസാകൽ നിർബന്ധമാക്കുന്നു. ഹെൽത്ത് സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിനെ ആരോഗ്യ അവബോധ പരീക്ഷ പാസാകുന്നതുമായി ബന്ധിപ്പിക്കാൻ വകുപ്പ് മന്ത്രി മാജിദ് അൽഹുഖൈൽ ഉത്തരവിട്ടു. 
ജീവനക്കാരുടെ അവബോധം വർധിപ്പിക്കാനും, സ്വയം നിരീക്ഷണ ശൈലി പിൻപറ്റുാനും ആരോഗ്യപരമായി തെറ്റായ ചെയ്തികൾ ഒഴിവാക്കാനും അവരെ പ്രാപ്തരാക്കി മാറ്റാനുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത ഭാഷകളിൽ അവബോധ പരിശീലനങ്ങളും പരീക്ഷകളും നടത്തും. പരീക്ഷക്ക് മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം മേൽനോട്ടം വഹിക്കും. പരീക്ഷകൾ നടത്തുന്ന സെന്റുകൾക്ക് നഗരസഭകളാണ് മേൽനോട്ടം വഹിക്കുക. തൊഴിലാളികൾക്ക് നടപ്പാക്കുന്ന ബോധവൽക്കരണ പ്രക്രിയയിൽ പങ്കാളിത്തം വഹിക്കുന്ന സ്വകാര്യ പരിശീലന സ്ഥാപനങ്ങൾക്ക് സാങ്കേതിക, തൊഴിൽ പരിശീലന കോർപറേഷനും ശാഖകളും മേൽനോട്ടം വഹിക്കും. 
പുതിയ സേവനം ആരംഭിക്കാനും പരീക്ഷാ സെന്ററുകൾക്ക് മേൽനോട്ടം വഹിക്കാനും മേയർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ നഗരസഭയുടെയും ബലദിയകളുടെയും തലത്തിൽ ഇക്കാര്യത്തിൽ കൈവരിച്ച നേട്ടങ്ങളെ കുറിച്ച് ഈരണ്ടു മാസം കൂടുന്തോറും റിപ്പോർട്ടുകൾ തയാറാക്കി മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയത്തിന് സമർപ്പിക്കണം. പരീക്ഷാ സെന്ററുകളും പരിശീലന സ്ഥാപനങ്ങളും ആവശ്യമായ ലൈസൻസുകൾ നേടുകയും സജ്ജീകരണങ്ങൾ പൂർത്തിയാക്കുകയും ചെയ്താലുടൻ ഹെൽത്ത് സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിനെ ആരോഗ്യ അവബോധ പരീക്ഷ പാസാകുന്നതുമായി ബന്ധിപ്പിക്കുമെന്ന് മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം വ്യക്തമാക്കി. 
ഭക്ഷ്യവസ്തുക്കളുടെ സുരക്ഷാ നിലവാരം ഉയർത്തുന്നതിലും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിലും പൊതുജനാരോഗ്യം സംരക്ഷിക്കുന്ന മുൻകരുതൽ നടപടികളിൽ തൊഴിലാളികൾക്ക് പരിശീലനവും അറിവും നൽകുന്നതിലും ഭക്ഷ്യവിഷബാധാ കേസുകൾക്ക് തടയിടുന്നതിലും പുതിയ പദ്ധതി അനുകൂലമായി പ്രതിഫലിക്കുമെന്നാണ് കരുതുന്നത്.
 

Latest News