Sorry, you need to enable JavaScript to visit this website.

സുപ്രധാന തീരുമാനങ്ങളുമായി പിണറായിയുടെ ആദ്യമന്ത്രിസഭ യോഗം, ജപ്തി ഒഴിവാക്കും

തിരുവനന്തപുരം- അടുക്കള ജോലി ലഘൂകരിക്കുന്നത് സ്മാർട്ട് കിച്ചൺ ഉൾപ്പെടെയുള്ള വൻ പ്രഖ്യാപനങ്ങളുമായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ മന്ത്രിസഭയുടെ ആദ്യ തീരുമാനം. 
അതിദാരിദ്ര്യ ലഘൂകരണം എന്ന ലക്ഷ്യം കൈവരിക്കാൻ പര്യാപ്തമായ സുപ്രധാനമായ ഒരു തീരുമാനം ആദ്യ മന്ത്രിസഭാ യോഗം കൈക്കൊണ്ടു. ഇതുസംബന്ധിച്ച് വിശദമായ സർവെ നടത്താനും ക്ലേശഘടകങ്ങൾ നിർണയിക്കാനും അത് ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും തദ്ദേശഭരണ വകുപ്പിനെ (സെക്രട്ടറിമാരെ) ചുമതലപ്പെടുത്തി.
പാർപ്പിടമെന്നത് മനുഷ്യൻറെ അവകാശമായി അംഗീകരിച്ച സർക്കാരാണിത്. എല്ലാവർക്കും ഭവനം എന്ന വിശാലമായ ലക്ഷ്യം കൈവരിക്കാൻ വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതേസമയം മറുഭാഗത്ത് ജപ്തി നടപടികളിലൂടെയും മറ്റും ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്.
ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാൻ ശക്തമായ നിയമനിർമാണം നടത്തും. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, ആസൂത്രണകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, വിദഗ്ധ അഭിഭാഷകൻ എന്നിവരടങ്ങുന്ന സമിതി ഇതുസംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ച് ജൂലൈ 15നകം റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ആ റിപ്പോർട്ട് പരിശോധിച്ചാകും തുടർനടപടികൾ.
ഗാർഹിക ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് സഹായമെത്തിക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയിരുന്നു. ഒപ്പം ഗാർഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാൻ സ്മാർട്ട് കിച്ചൻ പദ്ധതിയും നടപ്പാക്കുമെന്നും വാഗ്ദാനം നൽകിയതാണ്. നമ്മുടെ നാട്ടിലെ വീട്ടമ്മമാരുടെ ജോലിഭാരം ലഘൂകരിക്കുന്ന, വീട്ടുജോലിയെടുക്കുന്നവരെ സംരക്ഷിക്കുന്ന ഈ പദ്ധതിക്ക് രൂപം നൽകാൻ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ സെക്രട്ടറി, വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.
20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകാനുള്ള മാർഗരേഖ കെഡിസ്‌ക് തയ്യാറാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ച് ജൂലൈ 15നകം റിപ്പോർട്ട് നൽകാൻ കെ ഡിസ്‌കിനെ  ചുമതലപ്പെടുത്തി. 
സർക്കാരിൻറെ എല്ലാ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന കാഴ്ചപ്പാടാണ് സർക്കാരിനെ നയിക്കുന്നത്. ഓരോ തീരുമാനവും ജനങ്ങൾക്കുവേണ്ടിയുള്ളതാണ്. അത് ജനങ്ങൾക്ക് ലഭ്യമാകുന്നതിൽ തടസ്സമുണ്ടാകാൻ പാടില്ല. സർക്കാർ സേവനങ്ങൾ ഓൺലൈനായി വീട്ടുപടിക്കലെത്തുന്ന ബൃഹത്തായ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ഈ പദ്ധതി നിലവിൽ വരും. ഐടി സെക്രട്ടറി, ഐടി വിദഗ്ധർ എന്നിവരടങ്ങിയ സമിതി പദ്ധതിക്ക് അന്തിമരൂപം നൽകും.
ഇഓഫീസ്, ഇഫയൽ സംവിധാനങ്ങൾ കൂടുതൽ വിപുലമായി നടപ്പാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് പദ്ധതി നടപ്പാക്കുന്നതിന് സമിതിയെ നിശ്ചയിച്ചു.
വ്യവസായമേഖലയിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. വ്യവസായങ്ങളെ ആകർഷിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാരിന് സാധിച്ചിട്ടുണ്ട്. വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികൾ അറിയിക്കാൻ വ്യത്യസ്തങ്ങളായ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം നിലവിലുണ്ട്.
അത് ഒഴിവാക്കാൻ പരാതി പരിഹാരത്തിനുള്ള ഏകജാലക സംവിധാനം കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗ്രീവൻസ് റിഡ്രസ്സൽ കമ്മിറ്റി നിയമപരമായി പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും ഈ കമ്മിറ്റിയുടെ ചുമതല. ഇതിനായി പ്രത്യേക നിയമനിർമാണം നടത്തും. ഈ നിയമത്തിൻറെ കരട് പരിശോധിക്കാൻ ഉദ്യോഗസ്ഥത തല സമിതിയെ ചുമതലപ്പെടുത്തി.
 

Latest News