തിരുവനന്തപുരം- ഇടതുസ്വതന്ത്ര എംഎല്‍എ അഡ്വ. പി.ടി.എ റഹീമിനെ പുതിയ നിയമസഭയില്‍ ഇടക്കാല (പ്രൊ ടെം) സ്പീക്കറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കുന്ദമംഗലം എംഎല്‍എയായ റഹീം നാലാം തവണയാണ് സഭയിലെത്തുന്നത്. റഹീമിന്റെ പേര് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. പ്രൊ ടെം സ്പീക്കറുടെ നേതൃത്വത്തിലാണ് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടക്കുക. തിങ്കളാഴ്ചയാണ് പുതിയ സഭയുടെ ആദ്യ സമ്മേളനം. മേയ് 25 ചൊവ്വാഴ്ച സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും. തൃത്താല എം.എല്‍.എ എം.ബി രാജേഷിന് സ്പീക്കര്‍ പദവി നല്‍കാനാണ് ഇടതു മുന്നണി തീരുമാനം. പുതിയ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ചുമതലയേല്‍ക്കുന്നതു വരെ പ്രൊ ടെം സ്പീക്കറിനാണ് സഭ നിയന്ത്രിക്കാനുള്ള ചുമതല.
മുന്‍ മുസ്ലിം ലീഗ് നേതാവായ പിടിഎ റഹീം പാര്‍ട്ടി വിട്ട് 2006ൽ ഇടത് സ്വതന്ത്രനായി മത്സരിച്ച് കൊടുവള്ളി മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി എംഎല്‍എ ആയത്. തുടര്‍ന്ന് 2011, 2016, 2021 വര്‍ഷങ്ങളില്‍ കുന്ദമംഗലത്തിനു നിന്നും ഹാട്രിക് വിജയം നേടി. 2011ല്‍ നാഷണല്‍ സെക്യൂലര്‍ കോണ്‍ഫറന്‍ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഈ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ്.