മക്ക - ഇത്തവണ ഹജ് കര്‍മം നിര്‍വഹിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കുന്നതിനെ കുറിച്ച് സൗദി അറേബ്യ ആലോചിക്കുന്നതായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. എല്ലാവരുടെയും ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്ന നിലക്ക് കടുത്ത മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ക്ക് അനുസൃതമായാണ് വിദേശ തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കുകയെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സൗദി അറേബ്യക്കകത്തു നിന്നുള്ളവര്‍ക്കു മാത്രമാണ് ഹജ് അനുമതി നല്‍കിയത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെ സ്വീകരിച്ചിരുന്നില്ല. സൗദിയില്‍ നിന്നു തന്നെ സ്വദേശികളിലും വിദേശികളിലും പെട്ട വളരെ പരിമിതമായ ആളുകള്‍ക്കു മാത്രമാണ് ഹജ് അനുമതി ലഭിച്ചത്.
ഇത്തവണത്തെ ഉംറ സീസണ്‍ വിജയകരമായി പൂര്‍ത്തിയായത് ഭരണാധികാരികളുടെ പ്രതീക്ഷക്കൊത്തും തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ക്കനുസൃതമായും ഹജ് സീസണ്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍, സ്വകാര്യ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കഴിയുമെന്നതിന്റെ സൂചനയാണെന്ന് ആഭ്യന്തര ഹജ് സര്‍വീസ് കമ്പനി ഏകോപന സമിതി പ്രസിഡന്റ് അബ്ദുറഹ്മാന്‍ അല്‍ഹഖ്ബാനി പറഞ്ഞു. ഏകോപന സമിതി വെര്‍ച്വല്‍ രീതിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്താണ് അടുത്ത ഹജ് സീസണ്‍ കുറ്റമറ്റ നിലക്ക് സംഘടിപ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സാധിക്കുമെന്ന് അബ്ദുറഹ്മാന്‍ അല്‍ഹഖ്ബാനി വ്യക്തമാക്കിയത്. ആഭ്യന്തര ഹജ് സര്‍വീസ് കമ്പനി ഏകോപന സമിതി അംഗങ്ങളും സെക്രട്ടറി ജനറലും ആഭ്യന്തര ഹജ് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഉടമകളും ഡയറക്ടര്‍ ജനറലുമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.