കോഴിക്കോട് - യു.ഡി.എഫ് തട്ടിക്കൂട്ട് സംവിധാനമായെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്. കോൺഗ്രസിന്റെ സംഘടനാ സംവിധാനം ദുർബലമാണെന്നും പോഷക സംഘനകളിൽ പുനഃസംഘാടനം നടന്നില്ലെന്നും കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ സ്ഥാനാർഥി കൂടിയായിരുന്ന അഭിജിത്ത് ഫെയ്‌സ് ബുക്ക് പേജിൽ പറഞ്ഞു. ഇവിടെ പറയാൻ ഉദ്ദേശിച്ചതല്ല എന്നാരംഭിക്കുന്ന പോസ്റ്റ് ഇങ്ങനെ:
15-ാമത് കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടതെന്ന കാര്യത്തിൽ തർക്കമില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വജനപക്ഷപാതവും അഴിമതികളും വേണ്ട രീതിയിൽ ജനങ്ങളിലേക്കെത്തിക്കാൻ സാധിക്കാത്തതും, കഴിഞ്ഞ സർക്കാരിൽ അഞ്ച് മന്ത്രിമാർ രാജിവെക്കേണ്ടി വന്നതുൾപ്പെടെ ജനങ്ങൾക്കിടയിൽ ചർച്ചയാക്കാൻ സാധിക്കാതെ പോയതും കോവിഡ് മഹാമാരിക്കിടയിൽ മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളും, കിറ്റ് വിതരണവും മത-സാമുദായിക സംഘടനകളെ ഇടതു മുന്നണിക്ക് കൂടെ നിർത്താൻ സാധിച്ചതും, കോൺഗ്രസിനെ പരാജയപ്പെടുത്താൻ സംഘപരിവാറിന്റെ പിന്തുണയുമെല്ലാം ഇടതുപക്ഷം വിജയിക്കാനുള്ള കാരണങ്ങളായി.
യു.ഡി.എഫിനും, കോൺഗ്രസിനും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ സാധിച്ചത് തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മുമ്പ് മാത്രമാണ്. മറ്റുള്ളവർ തെരെഞ്ഞെടുപ്പ് കമ്മിറ്റികൾ മാസങ്ങൾക്കു മുമ്പ് പ്രഖ്യാപിക്കുന്നിടത്താണ് സ്ഥാനാർഥിപ്രഖ്യാപനത്തിനുശേഷം യു.ഡി.എഫ് സ്ഥാനാർഥികൾക്ക് തെരെഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണത്തിന് ഓടേണ്ടി വന്നത്.
കോൺഗ്രസ് സംഘടനാ സംവിധാനം ദുർബലമായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം തട്ടിക്കൂട്ടുന്ന ഒന്നായി 'യു.ഡി.എഫ് സംവിധാനം' പലയിടത്തും മാറിയിട്ടുമുണ്ട്. കോൺഗ്രസ് ആൾക്കൂട്ടമായി. പോഷക സംഘടനകളെ വേണ്ട രീതിയിൽ സംഘടിപ്പിക്കപ്പെട്ടോ എന്ന ചോദ്യത്തിന് ഞാൻ ഉൾപ്പെടെ മറുപടി പറയാൻ ബാധ്യസ്ഥനുമാണ്.
ചില വ്യക്തികൾക്കുമേൽ തെരെഞ്ഞെടുപ്പ് പരാജയം കെട്ടിവെക്കുന്നത് ഉചിതമല്ല. വിജയിച്ചവർ പ്രവർത്തകരുടെയും, ജനങ്ങളുടെയും പ്രതീക്ഷ്‌ക്കൊത്ത് നിയമസഭയ്ക്കകത്തെ കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 21 പേരും നിയമസഭാംഗങ്ങളും കോൺഗ്രസിന്റെ ശബ്ദമായി നിയമസഭക്കകത്തുണ്ടാകുമെന്നതു തന്നെയാണ് പ്രതിസന്ധിഘട്ടത്തിലെ പ്രതീക്ഷയും.
നിയമസഭയ്ക്ക് പുറത്ത് കേരളത്തിലുടനീളം കോൺഗ്രസ് സംഘടനാ സംവിധാനം ചലിപ്പിക്കാൻ കഴിയേണ്ടതുണ്ട്. കോൺഗ്രസിനെ സംഘടനാ സംവിധാനത്തിലൂടെ തിരികെ കൊണ്ടു വന്നേ മതിയാകൂ. എല്ലാ തലങ്ങളിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ്. ഏതെങ്കിലും വ്യക്തികളെ മാറ്റിയല്ല ഒന്നാകെയുള്ള മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു.
കെ.എസ്.യു പുഃനസംഘടന ഉൾപ്പെടെ കൃത്യം രണ്ടു കൊല്ലത്തിനുശേഷം അഖിലേന്ത്യാ കമ്മിറ്റിയോട് ആവശ്യപ്പെട്ട സമയത്ത് പല സംസ്ഥാനങ്ങളിലും പുഃനസംഘടന നടക്കുന്നതുകൊണ്ട് മൂന്നു വർഷമാണ് കാലാവധി അതുവരെ തുടരാനാണ് നേതൃത്വം പറഞ്ഞിരുന്നത്. മൂന്നുവർഷത്തിനുശേഷം കഴിഞ്ഞ ഒരുവർഷക്കാലത്തിലേറെയായി രാജ്യമാകമാനം കോവിഡ് പ്രതിസന്ധിയാണ്, പുഃനസംഘടന നടന്നിട്ടില്ല. ആ സമയത്താണ് ബ്ലോക്ക് കമ്മിറ്റികൾക്ക് കീഴിൽ പ്രാദേശിക കമ്മിറ്റികൾ രൂപീകരിക്കാനുള്ള തീരുമാനം കെ.എസ്.യു സംസ്ഥാന എക്‌സിക്യൂട്ടീവിൽ കൈക്കൊണ്ടത്. പല സഹപ്രവർത്തകരും ആത്മാർത്ഥമായി 'പ്രാദേശിക യൂണിറ്റ് രൂപീകരണമുൾപ്പെടെ' നടപ്പിലാക്കിയപ്പോൾ ചിലർ ഭാരവാഹിത്വത്തിൽ ഇരുന്നിട്ടും ഇതൊന്നും അറിഞ്ഞതേ ഇല്ലായിരുന്നു. ഭാരവാഹിത്വത്തിൽ ഇരുന്ന് സംഘടനയോട് നീതിപുലർത്താൻ സാധിക്കാത്ത ഇടങ്ങളിൽ മാറ്റം അനിവാര്യമാണെന്ന പക്ഷക്കാരനാണ് ഞാനും. കോൺഗ്രസിന്റെ 'വിശാലമായ ഉൾപ്പാർട്ടി ജനാധിപത്യം' കൊണ്ട് പലപ്പോഴും പോഷക സംഘടനകളും സമ്പന്നമാണ്. 'അത്തരം വിശാലമായ ഉൾപ്പാർട്ടി ജനാധിപത്യത്താൽ പലരും പലയിടങ്ങളിലും സംരക്ഷിക്കപ്പെട്ടു പോകാറുണ്ട്, തീരുമാനം എടുക്കേണ്ടവർ എന്ന് മറ്റുള്ളവർ കരുതുന്നവർ നിസ്സഹായരാകാറുണ്ട്' മാറ്റം വരേണ്ടത് അവിടെ കൂടിയാണ്. -അഭിജിത്ത് പറഞ്ഞു.