Sorry, you need to enable JavaScript to visit this website.

കാരുണ്യപ്രവർത്തനം വിടാതെ സജി ചെറിയാൻ

നിയുക്തമന്ത്രി സജി ചെറിയാൻ രക്തസാക്ഷി ചെറിയനാട് ശിവരാമന്റെ സ്മൃതി മണ്ഡപത്തിൽ.


ആലപ്പുഴ - ചെങ്ങന്നൂർ മണ്ഡലത്തിന്റെ ആദ്യമന്ത്രി സജിചെറിയാനും സത്യപ്രതിജ്ഞയുടെ തലേദിവസവും കാരുണ്യപ്രവർത്തനങ്ങൾ തന്നെ. തന്റെ നേതൃത്വത്തിലുള്ള കരുണ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തകരോടൊപ്പം അവശതയിലായവരെ സഹായിക്കാൻ ഇന്നലെയും നിയുക്ത മന്ത്രി സജീവമായിരുന്നു. കരുണയുടെ കൃഷിയിടമായ കരുണ സെന്ററിലെത്തി അവിടുത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് പാർട്ടിയുടെ ഔദ്യോഗിക പരിപാടികൾക്കും മറ്റുചില സന്ദർശനങ്ങൾക്കുമായി തിരിച്ചത്. ഇതിനിടെ ഉച്ചയോടെ തനിക്ക് ലഭിക്കാൻ പോകുന്ന വകുപ്പിനെക്കുറിച്ചുള്ള അറിയിപ്പും എത്തി. ഇതും സ്വദേശത്തെ പാർട്ടി പ്രവർത്തകരോട് പങ്കുവെച്ചു. 


കോവിഡുമൂലവും പ്രളയക്കെടുതിയിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഇന്നലെയും മണിക്കൂറുകളോളമാണ് സജി ചെറിയാൻ മുൻനിരയിലുണ്ടായിരുന്നത്. ഈ പ്രവർത്തനങ്ങളാണ് സജിയെ ഇന്നാട്ടുകാരുടെ പ്രിയപ്പെട്ടവനാക്കിയത്. കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് മഴക്കോട്ടും ധരിച്ച് അരയൊപ്പം വെള്ളത്തിൽ നീന്തി നടന്നുകൊണ്ട് എന്റെ നാട്ടുകാരെ രക്ഷിക്കൂ.. എന്നലറിവിളിച്ച സജി ചെറിയാന് ഏതുസമയവും ജനങ്ങളോടൊപ്പം കഴിയാനാണ് ഇഷ്ടം. 
സജി ചെറിയാന്റെ മന്ത്രി സ്ഥാനം ചരിത്രത്തിൽ ചെങ്ങന്നൂരിന്റെ പേര് എഴുതി ചേർക്കുക കൂടിയാണ്. ചെങ്ങന്നൂർ മണ്ഡലം രൂപീകരിച്ച ശേഷമുള്ള ആദ്യമന്ത്രിയാവുകയാണ് സജി ചെറിയാൻ. 2006 ൽ കന്നിയങ്കത്തിന് ചെങ്ങന്നൂരിൽ ഇറങ്ങിയ സജിക്ക് അന്ന് തോൽവിയായിരുന്നു. പിന്നീട് 2018 ലെ ഉപതെരഞ്ഞെടുപ്പിൽ 20,000 ൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇത്തവണ ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവുമുയർന്ന ഭൂരിപക്ഷമായിരുന്നു സജിയുടേത്. 32,093. ചുരുങ്ങിയ കാലംകൊണ്ട് മണ്ഡലത്തിൽ വികസനം എത്തിച്ച സജിയെ ഇക്കുറി ജനം ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. 


ഇന്നലെ കരുണയിലെ പ്രവർത്തനങ്ങൾക്കുശേഷം നിയോജക മണ്ഡലത്തിലെ രക്തസാക്ഷി മണ്ഡപങ്ങളിൽ എത്തി പുഷ്പാർച്ചന നടത്തി. തിരികെ വീട്ടിലെത്തുമ്പോഴേക്കും അനുമോദനങ്ങളുമായി ആളുകൾ എത്തി തുടങ്ങിയിരുന്നു. ഒപ്പം വിവിധ ആവശ്യങ്ങളുമായി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലുള്ളവരുടെ പതിവുള്ള തിരക്കും ഉണ്ടായിരുന്നു. ചെങ്ങന്നൂരിലെ ആദ്യ മന്ത്രിക്ക് ഉപഹാരവുമായി ചെങ്ങന്നൂർ മീഡിയാ സെന്റർ ഭാരവാഹികളും എത്തി. പിന്നീട് എൽ.ഡി.എഫ് നേതാക്കളും വിവിധ സംഘടനാ ഭാരവാഹികളും എത്തിക്കൊണ്ടിരുന്നു. 
രക്തസാക്ഷികളായ പാണ്ടനാട് രവി, കുഞ്ഞുകുഞ്ഞ് എന്നിവരുടെ സ്മൃതി കുടീരങ്ങളിൽ എത്തി ആദരവ് അർപ്പിച്ചു. മാന്നാർ പുഷ്പസേനൻ നായർ, ചെന്നിത്തല അച്യുതക്കുറുപ്പ്, വെണ്മണി ചാത്തൻ, ചെറിയനാടു ശിവരാമൻ എന്നിവരുടെ രക്തസാക്ഷി മണ്ഡപങ്ങളിലും പാർട്ടി പ്രവർത്തകരോടൊപ്പം പൃഷ്പാർച്ചന നടത്തി. ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാണ്ടനാട് പഞ്ചായത്തിൽ ആരംഭിച്ച  കോവിഡ് ഡി.സി.സിയുടെ ഉദ്ഘാടനം സജി ചെറിയാൻ നിർവഹിച്ചു.


തുടർന്ന് സി.പി.എം ചെങ്ങന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ ഏരിയാ സെക്രട്ടറി എം.എച്ച്. റഷീദ് സജിയെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. കേക്കുമുറിച്ച് സജി ചെറിയാൻ മധുര വിതരണം നടത്തി. മണ്ഡലത്തിലെ ആദ്യകാല പാർട്ടി പ്രവർത്തകരേയും പ്രധാന വ്യക്തികളേയും വീടുകളിൽ എത്തി സന്ദർശിച്ചു. വിവിധ ലോക്കൽ കമ്മിറ്റി  ഓഫീസുകളിൽ എത്തി പ്രവർത്തകരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി.

Latest News