തൃശൂര്‍- കേരളത്തിലെ ഉന്നത ബി.ജെ.പി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് കരുതുന്ന കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് 12 ലക്ഷം രൂപ കൂടി കണ്ടെടുത്തു. പോലീസ് നടത്തിയ തിരച്ചിലിലാണ് മുഖ്യപ്രതി രഞ്ജിത്തിന്റെ തൃശൂര്‍ പുല്ലൂറ്റിലെ വാടക വീട്ടില്‍നിന്ന് പണം കണ്ടെത്തിയത്. ഇതോടെ കേസില്‍ ഇതുവരെ പോലീസ് കണ്ടെടുത്ത തുക 90 ലക്ഷം രൂപയായി.
മുഖ്യപ്രതികളായ രഞ്ജിത്തും മുഹമ്മദ് അലിയും തട്ടിയെടുത്ത പണം നിരവധി പേര്‍ക്ക് വീതം വെച്ചുവെന്ന് അന്വേഷണ സംഘം പറയുന്നു. ഏകദേശം 25 പേരുടെ പക്കല്‍ പണം എത്തിയതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കവര്‍ച്ച ചെയ്തത് 25 ലക്ഷമല്ല രണ്ടരക്കോടി രൂപയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൂടുതല്‍ പ്രതികളെ ചോദ്യം ചെയ്യുന്നതോടെ തുക വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.