Sorry, you need to enable JavaScript to visit this website.

സി.പി.എമ്മിനും പിണറായിക്കും മാത്രം സാധ്യമാകുന്ന രാഷ്ട്രീയ ധൈര്യം

കേരളം എന്താകണം, എങ്ങോട്ട് പോകണം എന്നതൊക്കെ ഇനി കാനം രാജേന്ദ്രനും പിണറായി വിജയനും തീരുമാനിക്കും. കാനം പാർട്ടി സെക്രട്ടറിയാണ്. പിണറായി അതല്ല എന്ന വ്യത്യാസമുണ്ട്. പാർട്ടിയും പാർലമെന്ററി അധികാരവും കൈപ്പിടിയിലുള്ള പിണറായി വിജയൻ ഈ കാര്യത്തിൽ കാനത്തിനും മുന്നിലാണ്.


കേരളത്തിലെ ആദ്യത്തെ കോവിഡ് രോഗി തൃശൂരിൽ എത്തിയ കാലം- നിയമസഭ നടക്കുകയാണ്. വിഷയം കൈകാര്യം ചെയ്ത വിധം നീട്ടി പരത്തി പറയുകയാണ് ശൈലജ ടീച്ചർ.  കേൾക്കാൻ സുഖമുള്ള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്വാധീനമുള്ള നല്ല മലയാളത്തിൽ കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു, പറഞ്ഞങ്ങനെ പോവും. അതാണവരുടെ രീതി.  പ്രസ് ഗാലറിക്ക് പൊതുവെ ടീച്ചറുടെ പ്രസംഗത്തോട് അത്ര കണ്ട് താൽപര്യമുണ്ടാകാറില്ല. കാരണം നീട്ടി പരത്തുന്നതു കാരണം വാർത്ത പോയന്റ് കുറവായിരിക്കും. ചില ചൂടന്മാരും (ചൂടത്തികളും) ഇരുന്ന ഇരിപ്പിൽ പ്രതിഷേധിക്കുന്നതും  കണ്ടിട്ടുണ്ട്.  ഒരു ലേഖകൻ ടീച്ചറുടെ പ്രസംഗം തീർന്നാലുടൻ ശൂന്യമായ നോട്ട് ബുക്ക് ഡെസ്‌കിലെറിഞ്ഞ് സ്വയം പ്രതിഷേധിക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. തൃശൂർ കോവിഡ് രോഗിയുടെ കാര്യം പറയവേ ടീച്ചറുടെ വാക്കുകൾ ഏതാണ്ട് ഇങ്ങനെയായിരുന്നു. 


'തൃശൂരിലെ കോവിഡ് ചർച്ചാ യോഗത്തിൽ പങ്കെടുത്തത് ഉറങ്ങാതെയാണ്. ഒന്ന് മൂത്രമൊഴിക്കാൻ പോലും സമയമുണ്ടായിരുന്നില്ല. യോഗം രാത്രി രണ്ട് മണിയും കഴിഞ്ഞ് നീണ്ടപ്പോൾ..... പത്രത്തിന്റെ മുഖ്യ പത്രാധിപർ (ഏറ്റവും പ്രചാരമുള്ള മലയാള പത്രം) നേരിട്ട് വിളിക്കുന്നു. എത്ര വൈകിയാലും യോഗത്തിന്റെ വിവരം കിട്ടിയ ശേഷമേ ഞങ്ങൾ പത്രം അച്ചടിക്കുകയുള്ളൂ.... കാത്തിരിക്കാം.  പത്രത്തിൽ നിന്നുണ്ടായ പിന്തുണയെ ടീച്ചർ നല്ല വാക്കു ചൊല്ലി അഭിനന്ദിക്കുന്നു. പന്തികേട് തോന്നിയിട്ടോ എന്തോ ഗാലറിയിൽ ചിലർക്കെങ്കിലും അപ്പോൾ നല്ല പരിഹാസച്ചിരിയായയിരുന്നു. പാവം ടീച്ചർ 64 കഴിഞ്ഞു...ചിലരെങ്കിലും രംഗം തണുപ്പിക്കാൻ നോക്കി. മാധ്യമ പരിലാളനയുടെ തുടക്കമൊന്നുമായിരുന്നില്ല അത്. പരസ്യമായ പ്രഖ്യാപനമായി എന്നു മാത്രം. ടീച്ചർക്ക് കിട്ടിയത് അതിരുകളില്ലാത്ത മാധ്യമ പരിലാളനയാണ്. വിദേശ പത്രങ്ങളിലൊക്കെ ടീച്ചറെ ബ്രാൻഡാക്കിയതാരാണെന്ന് മനസ്സിലാക്കാനുള്ള അരിയാഹാരമൊക്ക സി.പി.എമ്മിലുള്ളവരും കഴിക്കാറുണ്ടെന്ന് ഇപ്പോൾ ഏതാണ്ട്  എല്ലാവർക്കും മനസ്സിലായി. ടീച്ചറെ ലോകത്തിന്റെ നെറുകയിലെത്തിച്ച എഴുത്തു പ്രചാരണ ജോലി ഏറ്റെടുത്തവരൊന്നും മുഖ്യമന്ത്രി പിണറായി വിജയനനുകൂലമായി ഒരിക്കലെങ്കിലും ഉള്ളുതുറന്ന് എഴുതുകയോ, പറയുകയോ ചെയ്തവരായിരുന്നില്ല.  അലൻ-താഹ ഉൾപ്പെടെയുള്ള തീവ്ര ഇടതുപക്ഷ വിഷയങ്ങളിലെല്ലാം ഈ വിഭാഗം  പിണറായി വിരുദ്ധ ചേരിയിലായിരുന്നു.  


മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും സംവിധാനം എല്ലാം കാണുകയും കേൾക്കുകയും ചെയ്തു. കെ.കെ. ശൈലജ ടീച്ചർ  പാർട്ടി വിരുദ്ധയാകുമെന്ന് അവരെ അറിയുന്നവരാരും ഒരിക്കലും പറയില്ല. പക്ഷേ അവരെയും ഒരു ഘട്ടത്തിൽ   പാർട്ടി സംവിധാനത്തിനെതിരായി അവതരിപ്പിക്കാൻ ഏറ്റവും എളുപ്പമായിരിക്കുമെന്ന് അനുഭവങ്ങളിൽ നിന്ന് സി.പി.എമ്മും പിണറായി വിജയനും മനസ്സിലാക്കിയതിന്റെ ഫലമാകാം ശൈലജ ടീച്ചറെ ഒഴിവാക്കിയ 'ധീരമായ'' നടപടി. തലശ്ശേരിയിൽ നിന്നുള്ള നിയുക്ത എം.എൽ.എ എ.എൻ. ഷംസീർ ഇക്കാര്യം ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞിട്ടുണ്ട്- എന്റെ പാർട്ടിക്കേ ഇങ്ങനെയൊക്കെ തീരമാനിക്കാൻ സാധിക്കുകയുള്ളൂ എന്നായിരുന്നു ഷംസീറിന്റെ പാർട്ടി ആവേശം. കഴിഞ്ഞ നിയമസഭയുടെ കാലത്ത് ഒരു ദിവസം പിണറായി വിജയൻ നിയമസഭയിൽ ഒരു കാര്യം കമ്മ്യൂണിസ്റ്റ് ബെഞ്ചുകളെ ഓർമിപ്പിക്കുകയുണ്ടായി. കേരളത്തിൽ നിലവിലുള്ളത് കമ്യൂണിസ്റ്റ് ഭരണമല്ലെന്നും മറ്റൊരു സംവിധാനമണെന്നുമായിരുന്നു പ്രത്യയശാസ്ത്രം തലക്കു പിടിച്ച് ആവേശ കമ്മിറ്റി കൂടുന്നവരോട്  പിണറായിയുടെ മുന്നറിയിപ്പ്.  ഇത്തവണ എന്തായാലും രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളും ചേർന്നാൽ ഈ പറഞ്ഞ ഭരണം കൊണ്ടുവരാനുള്ള ഭൂരിപക്ഷമൊക്കെ ഉണ്ട്. ആ വഴിക്ക് അവർ ചിന്തിക്കുമെന്നല്ല. ഇനി ചിന്തിച്ചാലും എതിർക്കാൻ ആരും ഉണ്ടാകുമെന്ന് കരുതുന്നില്ല. കമ്മ്യൂണിസ്റ്റ് ഭരണം എന്ന് പറയാൻ പറ്റില്ലെങ്കിലും സമാന സ്വഭാവത്തിലേ അവർക്ക് എല്ലാ കാര്യങ്ങളും മുന്നോട്ട് നീക്കാൻ സാധിക്കുകയുള്ളൂവെന്ന് കൃത്യമായും വ്യക്തമായും പറഞ്ഞ ഒരാളുണ്ട്- കേരളത്തിൽ ഇ.എം.എസിനോളമൊക്കെ കമ്മ്യൂണിസ്റ്റ് പാണ്ഡിത്യമുള്ള കെ.വേണു. ജനാധിപത്യ സംവിധാനം ആത്മാർഥമായി ഉൾക്കൊള്ളാൻ പറ്റാത്തതാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേരിടുന്ന വലിയ പ്രതിസന്ധി എന്നതായിരുന്നു വേണുവിന്റെ വിലയിരുത്തൽ. ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തവർ അത് നടപ്പാക്കുന്നതിന്റെ ദുരന്തം രാജ്യ തലസ്ഥാനത്തുൾപ്പെടെ കണ്ടു  കൊണ്ടിരിക്കുമ്പോഴാണ് കേരളത്തിലും ഇപ്പറഞ്ഞ അവസ്ഥയെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.  

 

പുതിയ നിയമസഭയിൽ എത്തിപ്പെടാൻ പറ്റാതെ പോയ അഡ്വ. കെ.എൻ.എ. ഖാദർ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന് മറ്റൊരു സർട്ടിഫിക്കറ്റ് നൽകിയിരുന്നു- അങ്ങയുടെ കൂടെയിരിക്കാൻ കൊള്ളാവുന്ന ഒരൊറ്റയെണ്ണമില്ല അപ്പുറത്ത് എന്നതായിരുന്നു  ഭരണ ബെഞ്ചിനെ നോക്കിയുള്ള ലീഗ് അംഗത്തിന്റെ  സർട്ടിഫിക്കറ്റ്. ഇത്തവണ എന്തായാലും ടീം പിണറായി പൂർണമായും പുതിയതാണ്. നേരത്തെ പറഞ്ഞതിൽ നിന്നെല്ലാം സ്ഥിതി ആകെ മാറിപ്പോയിരിക്കുന്നു. വരച്ച വരക്കപ്പുറം പോകാൻ ഒരാൾക്കും ധൈര്യത്തിന്റെ ചെറിയ അംശമെങ്കിലുമുണ്ടാകുമെന്ന് ഒരാളും വിശ്വസിക്കുന്നില്ല. കേരള രാഷ്ട്രീയം കണ്ട രാഷ്ട്രീയ ചാണക്യരിൽ മുഖ്യൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്ന് വീണ്ടും വീണ്ടും തെളിയുകയാണ്. അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന സോഷ്യൽ എൻജിനീയറിംഗ് എത്രമാത്രം കണിശതയോടെയുള്ളതാണെന്ന് അതിന്റെയൊക്കെ ആഴത്തിലിറങ്ങുമ്പോഴേ മനസ്സിലാവുകയുള്ളൂ. മുസ്‌ലിം-ക്രിസ്ത്യൻ മതന്യൂനപക്ഷത്തെ കൈകാര്യം ചെയ്തപ്പോഴെല്ലാം ഇപ്പറഞ്ഞ സോഷ്യൽ എൻജിനീയറിംഗ് കൗശലം പ്രകടമാകുന്നു. 


സി.പി.ഐയിലും ഏതാണ്ട് സമാന ശരീര ഭാഷയുള്ള കാനം രാജേന്ദ്രനാണ് മുഖ്യ അധികാര കേന്ദ്രം. അദ്ദേഹം നിർദേശിച്ചവരാണ് ആ പാർട്ടിയിലും പദവിയിലെത്തിയത്. കേരളം എന്താകണം, എങ്ങോട്ട് പോകണം എന്നതൊക്കെ ഇനി കാനം രാജേന്ദ്രനും പിണറായി വിജയനും തീരുമാനിക്കും. കാനം പാർട്ടി സെക്രട്ടറിയാണ്. പിണറായി അതല്ല എന്ന വ്യത്യാസമുണ്ട്. പാർട്ടിയും പാർലമെന്ററി അധികാരവും കൈപ്പിടിയിലുള്ള പിണറായി വിജയൻ ഈ കാര്യത്തിൽ കാനത്തിനും മുന്നിലാണ്. പ്രൊഫ. എം.എൻ. വിജയൻ പണ്ട് പിണറായിയെ നോക്കി നടത്തിയ പ്രവചനം വീണ്ടും തെറ്റുകയാണോ? ഇങ്ങനെ പോയാൽ പാർട്ടിയുണ്ടാകും, ജനങ്ങളുണ്ടാകില്ല എന്നതായിരുന്നു എം.എൻ. വിജയന്റെ വാക്കുകൾ. സോഷ്യൽ എൻജിനീയറിംഗിലൂടെ ജനങ്ങളെയും തന്ത്രങ്ങളിലൂടെ പാർട്ടിയെയും പിണറായി വിജയൻ കൂടെ നിർത്തുകയാണ്. എന്റെ പാർട്ടിക്ക് മാത്രമേ ഇങ്ങനെയൊക്കെ തീരുമാനിക്കാൻ സാധിക്കുകയുള്ളൂവെന്നത് എ.എൻ. ഷംസീറിന്റെ മാത്രം വാക്കുകളല്ല. സി.പി.എമ്മിന്റെയാകെ നിലപാടും പ്രത്യയ ശാസ്ത്രവുമാണ്.  

Latest News