Sorry, you need to enable JavaScript to visit this website.

ഭീഷണിപ്പെടുത്തി പണം പിരിവ്; തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിക്കെതിരെ മേയർ  പരാതി നൽകി 

തിരുവനന്തപുരം- തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി തിരുവന്തപുരം മേയർ ആര്യ രാജേന്ദ്രൻ. തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചൻ നഗരസഭയുടേതെന്ന് തെറ്റിധരിപ്പിച്ച് വ്യാപാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് മേയർ പരാതി നൽകിയത്.വ്യാപാരിയുടെ പരാതി ലഭിച്ചതിന് പിന്നാലെ സംഭവത്തിൽ രാധാകൃഷ്ണനോട് വിശദീകരണം തേടിയിരുന്നെന്നും എന്നാൽ കൃത്യമായ മറുപടി ഇയാൾ നൽകിയില്ലെന്നും മേയർ പറഞ്ഞു.
സഹപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറി സദാചാരാക്രമണം നടത്തിയെന്ന കേസിൽ വിചാരണ നേരിടുന്ന വ്യക്തികൂടിയാണ് രാധാകൃഷ്ണൻ. ഇയാൾക്കൊപ്പം വേദി പങ്കിടരുതെന്ന് അഖിലേന്ത്യാ വനിതാ മാധ്യമ പ്രവർത്തക കൂട്ടായ്മയുടെ കേരള ഘടകം ആവശ്യപ്പെട്ടിരുന്നു. 2019 ൽ രാത്രി വനിതാ മാധ്യമപ്രവർത്തകയുടെ വീട്ടിൽ രാധാകൃഷ്ണൻ അതിക്രമിച്ചു കയറുകയും അവരോട് മോശമായി പെരുമാറുകയുമായിരുന്നു.ഭർത്താവിനെ ഫോൺ ചെയ്യാൻ പോയ മാധ്യമ പ്രവർത്തകയെ കായികമായി അക്രമിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതിനെത്തുടർന്ന് ഇയാൾ ജോലി ചെയ്തിരുന്ന മാധ്യമസ്ഥാപനത്തിൽ നിന്നും അനിശ്ചിത കാലത്തേയ്ക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതുവരെ ജോലിയിൽ തിരിച്ചെടുത്തിട്ടുമില്ല.കേരള പത്ര പ്രവർത്തക യൂണിയനും ഇയാളെ പുറത്താക്കിയിരുന്നു. ഇതിനിടെ തനിക്കെതിരെയുള്ള കേസിൽ അനുകൂല വിധി സമ്പാദിച്ചു എന്ന് തെറ്റിദ്ധരിപ്പിച്ച് ഏപ്രിൽ മുതൽ പ്രസ് ക്ലബിൽ ഇയാൾ സജീവമാകുകയായിരുന്നു.


 

Latest News