കൊച്ചി- മെയ് 20ന് 500 പേരെ പങ്കെടുപ്പിച്ചുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ചടങ്ങ് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും 500 പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞ നിയമ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്.കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുള്ള സത്യപ്രതിജ്ഞയ്‌ക്കെതിരെ കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അനില്‍ തോമസ്, ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള തിരുവനന്തപുരത്ത് 500 ലെറ പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞ നിയമലംഘനമാണെന്ന് പരാതിക്കാര്‍ പറയുന്നു.