കേരളത്തിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷം ഭരിച്ച മുന്നണി തന്നെയാണ് അധികാരത്തിൽ വീണ്ടുമെത്തുന്നത്. എങ്കിലും മന്ത്രിസഭയുടെ മുഖം കാര്യമായി മാറുമെന്നാണ് സൂചനകൾ. പഴയ മന്ത്രിമാരിൽ ഭൂരിഭാഗവും ഉണ്ടായെന്ന് വരില്ല. പുതിയ മന്ത്രിമാർക്ക് പുതിയ കാഴ്പ്പാടുകളുണ്ടാകാം. ഇടതുമുന്നണിയുടെ പ്രഖ്യാപിത നയങ്ങൾക്കുള്ളിൽ നിന്ന് പുതിയ കാലത്തെ നയിക്കാൻ പുതിയ മുഖങ്ങൾക്ക് കഴിയേണ്ടതുണ്ട്.
കോവിഡ് കാലത്തെ സാഹചര്യങ്ങളെല്ലാം വ്യത്യസ്തമാണ്. പുതിയ സർക്കാരിന്റെ തീരുമാനങ്ങളിലും വികസന കാഴ്ചപ്പാടുകളിലും കോവിഡ് പ്രതിസന്ധികൾ മറികടക്കുന്നതിനുള്ള ശ്രമങ്ങളാണ് കൂടുതലും ഉണ്ടാകുക. വികസനത്തിന് പുതിയ ദിശാബോധമുണ്ടാകുന്ന കാലമാണിത്. പുതിയ സർക്കാരിനെ മലബാർ മേഖല ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കേരളപ്പിറവിക്ക് ശേഷം ആറര പതിറ്റാണ്ട് പിന്നിടുമ്പോഴും മലബാറിന് പറയാൻ വികസനമുരടിപ്പിന്റെ കഥകളേറെയുണ്ട്. ഒരു കാലത്ത് ഗൾഫ് പണത്തിന്റെ മിഴിവിൽ വളർന്ന ചെറുപട്ടണങ്ങളാണ് ഇന്നും മലബാറിന്റെ വികസന ചിഹ്‌നങ്ങൾ. ഗൾഫ് പണത്തിന്റെ വരവ് കുറഞ്ഞതോടെ ഈ ചിഹ്നങ്ങൾക്ക് മങ്ങലേൽക്കുകയാണ്. പൊതുമേഖലയിൽ, സർക്കാർ ഉടമയിൽ പൊതുജീവിതത്തിന്റെ നിലവാരം വർധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ ഇന്നും മലബാർ മേഖയിൽ കുറവാണ്.എല്ലാം പേരിനുമാത്രമായി നിലനിൽക്കുന്നുവെന്നതാണ് ഖേദകരം.
മലബാറിന്റെ അടിസ്ഥാന വികസനത്തിൽ പുതിയ സർക്കാരിന്റെ ശ്രദ്ധ പതിയേണ്ടതുണ്ട്. പൊതുജനാരോഗ്യം വലിയ വെല്ലിവിളി നേരിടുന്ന ഇക്കാലത്ത് ആരോഗ്യമേഖലയിലെ പോരായ്മകൾ തന്നെയാണ് വേഗത്തിൽ പരിഹരിക്കപ്പെടേണ്ടത്. മലബാറിലെ വിവിധ ജില്ലകളിൽ സർക്കാർ മെഡിക്കൽ കോളേജുകൾ വന്നെങ്കിലും ഇന്നും അത്യാസന്ന രോഗികൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജിനെ തന്നെ ആശ്രയിക്കേണ്ടി വരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിൽസാ സൗകര്യങ്ങളുടെയും ആരോഗ്യപ്രവർത്തകരുടെയും മികവാണ് അതിന് കാരണം. ഇത്തരത്തിലുള്ള സംവിധാനങ്ങൾ ജില്ലാ തലങ്ങളിലും കൊണ്ടു വരുന്നതിനായിരിക്കണം സർക്കാരിന്റെ മുഖ്യപരിഗണന. ജില്ലകളിലെ മെഡിക്കൽ കോളേജുകൾ പേരിനു മാത്രമായി മാറാതെ, കോഴിക്കോട് മെഡിക്കൽ കോളേജിൽ ലഭിക്കുന്നതോ അതിൽ കൂടുതലോ ഉള്ള ചികിൽസാ സൗകര്യങ്ങൾ ജില്ലകൾ തോറും ലഭ്യമാക്കേണ്ടതുണ്ട്.
കാസർകോട്, വയനാട് ജില്ലകളിലെ ആരോഗ്യമേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ ഇത്തരമൊരു വികസനം സഹായകമാകും. പ്രകൃതി സംരക്ഷണമാണ് പുതിയ കാലത്ത് സർക്കാരിന്റെ മുഖ്യഅജണ്ടയിൽ ഉൾപ്പെടുത്തേണ്ട മറ്റൊരു കാര്യം.നീലഗിരി ജൈവമേഖലയുടെ പ്രധാനഭാഗങ്ങൾ കടന്നു പോകുന്നത് മലബാറിന്റെ കിഴക്കൻ മലയോരങ്ങളിലൂടെയാണ്. ഇവയുടെ നിലനിൽപ്പ് ജനങ്ങളുടെ ആരോഗ്യത്തിനും പ്രകൃതി ക്ഷോഭങ്ങൾ ആവർത്തിച്ച് എത്താതിരിക്കുന്നതിനും ഏറെ പ്രധാനമാണ്. പ്രകൃതിയെ ചൂഷണം ചെയ്യാത്ത ടൂറിസം വികസനം എന്നതായിരിക്കണം സർക്കാരിന്റെ നയം.തീരദേശ മേഖലയുടെ സംരക്ഷണവും പ്രധാനമാണ്.വയനാട് ജില്ലയൊഴിച്ച് മലബാറിലെ മിക്ക പ്രദേശങ്ങളും കടൽതീരം അതിരിടുന്നുണ്ട്.
കടൽക്ഷോഭം രൂക്ഷമാകുന്നതിനെ തുടർന്ന് മൽസ്യതൊഴിലാളികളുടെയും തീരവാസികളുടെയും ജീവിതം ദുരിതമയമാകുന്ന സമയമാണിത്. കടൽഭിത്തികൾ കെട്ടി സംരക്ഷിക്കേണ്ട സ്ഥലങ്ങളിൽ കാലാകാലങ്ങളിൽ അത് നടക്കുന്നില്ല. തീരദേശം കയ്യേറിയുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് നേരെ സർക്കാർ കണ്ണടക്കുകയും ചെയ്യുന്നു. മനുഷ്യജീവിതം വെച്ച് പന്താടുന്ന ഇത്തരം അനാസ്ഥകൾ അവസാനിക്കേണ്ടതുണ്ട്.
ഗതാഗത സൗകര്യങ്ങളിൽ മലബാർ ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. റെയിൽ, റോഡ് ഗതാഗതങ്ങൾ ഇന്നും കാലത്തിനൊത്ത് വികസിച്ചിട്ടില്ല. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജനവിരുദ്ധമായ നിലപാടുകളാണ് മലബാറിൽ എപ്പോഴും വിലങ്ങുതടിയാകുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള റോഡ് വികസത്തിനാകണം സർക്കാരിന്റെ മുൻഗണന. റെയിൽഗതാഗത സൗകര്യങ്ങൾ കൂടുതൽ വികസിപ്പിച്ചാൽ റോഡിലെ ഗതാഗത പ്രശ്‌നങ്ങൾക്ക് ഒരുപരിധി വരെ പരിഹാരമാകും. റെയിൽവെ വികസനത്തിന്റെ കാര്യത്തിൽ മലബാർ ഇന്നും പിന്നോക്കാവസ്ഥയിലാണ്.ഫണ്ട് അനുവദിക്കേണ്ടതും അനുമതികൾ നൽകേണ്ടതും പ്രധാനമായും കേന്ദ്രസർക്കാരാണെങ്കിലും റെയിൽവെ രംഗത്ത് ഭാവനപൂർണമായ പദ്ധതികൾ ആവിഷ്‌കരിച്ച് കേന്ദ്രസഹായത്തോടെ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് കഴിയണം.
മലബാർ മേഖലയിലെ വികസനത്തിന് അടിസ്ഥാനപരമായി ആവശ്യമുള്ളത് മേഖലയിലെ ക്രമസമാധാന സംരക്ഷണമാണ്. വടക്കേ മലബാറിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ കാലാകാലങ്ങളിൽ ഈ മേഖലയിലെ വികസനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന യാഥാർഥ്യം ഭരണകൂടം മനസിലാക്കണം. സമാധാനവും സുരക്ഷിതത്വബോധവുമില്ലാത്ത ഇടങ്ങളിൽ വികസനത്തിന് വേഗം കുറയും. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെ വലിയ പ്രോജക്ടുകൾക്ക് ഇത്തരം പ്രതികൂല അന്തരീക്ഷങ്ങൾ സഹായകമാകില്ല.അസ്വസ്ഥത നിലനിൽക്കുന്ന സ്ഥലങ്ങളിൽ മനുഷ്യശേഷിയെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ പോലും കഴിഞ്ഞെന്നു വരില്ല. മലബാറിലെ ക്രമസമാധാന നില തകരാതെ കാത്തുസൂക്ഷിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. അക്രമങ്ങൾ മനുഷ്യ ജീവന് വിലപറയുന്നതോടൊപ്പം ഒരു നാടിന്റെ വികസനത്തെ തന്നെ മുരടിപ്പിലാക്കും. വരുംതലമുറയുടെ വികസനകാഴ്ചപ്പാടുകളെ കൂടി അത് വികലമാക്കും. ഇത്തരം നിരവധി വെല്ലുവിളികളാണ് രണ്ടാം പിണറായി സർക്കാരിനു മുന്നിലുള്ളത്.