ഹായിൽ - കാറുകൾ നീക്കം ചെയ്യുന്നതിനുള്ള ലോറിക്കു (വിഞ്ച്) മുകളിൽ ഇരിപ്പിടം സജ്ജീകരിച്ച് കൂട്ടത്തോടെ ഇരിക്കുകയും നൃത്തം ചെയ്യുകയും കാപ്പി കഴിക്കുകയും ചെയ്ത ആറു യുവാക്കളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ഹായിൽ പോലീസ് വക്താവ് ക്യാപ്റ്റൻ താരിഖ് അൽനസ്സാർ പറഞ്ഞു. മെയിൻ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ സ്വന്തം ജീവൻ അപകടത്തിലാക്കിയും കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ, പ്രതിരോധ നടപടികൾ ലംഘിച്ചും യുവാക്കൾ ലോറിക്കു മുകളിൽ വെച്ച് കാപ്പി കുടിക്കുകയും നൃത്തം ചെയ്യുകയുമായിരുന്നു. ഇതിൽ മേനിനടിക്കുന്ന വീഡിയോ ചിത്രീകരിച്ച് നിയമ ലംഘകർ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
വീഡിയോ ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് നിയമ ലംഘകരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. മുപ്പതു മുതൽ നാൽപതു വരെ വയസ് പ്രായമുള്ള ആറു സൗദി യുവാക്കളാണ് പിടിയിലായത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഇവർക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഹായിൽ പോലീസ് വക്താവ് പറഞ്ഞു.
ക്യാപ്.
ഹായിലിൽ മെയിൻ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ലോറിക്കു മുകളിൽ ഇരുന്ന് യുവാക്കൾ സംഘം ചേർന്ന് കാപ്പി കഴിക്കുകയും നൃത്തം വെക്കുകയും ചെയ്യുന്നു.