റിയാദ് - ട്രാഫിക് നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് ട്രാഫിക് പോലീസ് വാഹനങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് ട്രാഫിക് ഡയറക്ടറേറ്റ് തുടക്കം കുറിച്ചു. റോഡുകളിൽ ഗതാഗതം നിയന്ത്രിക്കുന്നതിനും ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുമെന്ന് നേരത്തെ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ കണ്ടെത്തുന്നതിന് മുഴുവൻ ട്രാഫിക് പട്രോളിംഗ് യൂനിറ്റുകളിലും മൊബൈൽ ക്യാമറകൾ സ്ഥാപിക്കുന്നതിനാണ് നീക്കം. ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗവും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കലും ക്യാമറകൾ വഴി നിരീക്ഷിച്ച് കണ്ടെത്തി നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്യുന്ന പദ്ധതിയും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.
വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി നടപ്പാക്കുന്നതിനു മുന്നോടിയായി ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകൾ സജ്ജീകരിക്കുന്നതിനും മറ്റു ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും നടപടികൾ ആരംഭിച്ചിട്ടുണ്ട്. ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കുന്നതിന് ഏതാനും യൂനിവേഴ്‌സിറ്റികളുമായി ട്രാഫിക് ഡയറക്ടറേറ്റ് കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. റോഡുകളിലെ പരമാവധി വേഗപരിധി ഉയർത്തുന്നതിന് നീക്കമുണ്ട്. ചില റോഡുകളിലെ കൂടിയ വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്ററായി ഉയർത്തുന്നതിനാണ് നീക്കം.
ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ ട്രാഫിക് ഡയറക്ടറേറ്റ് പുനഃപരിശോധിക്കുന്നുണ്ട്. ഡ്രൈവിംഗ് സ്‌കൂൾ നിയമാവലി പരിഷ്‌കരിക്കുന്നുണ്ട്. ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള ബ്ലാക്ക് പോയന്റ് രീതിയും വൈകാതെ നടപ്പാക്കും. ഇതു പ്രകാരം നിശ്ചിത പോയന്റ് മറികടക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കുന്ന രീതി നടപ്പാക്കും.
സൗദിയിൽ ഓരോ മിനിറ്റിലും ഒരു അപകടം വീതമുണ്ടാകുന്നുണ്ടെന്നാണ് കണക്ക്. മണിക്കൂറിൽ നാലു പേർക്കു വീതം വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നുണ്ട്. വർഷത്തിൽ ഏഴായിരം പേർ അപകടങ്ങളിൽ മരണപ്പെടുന്നു. എഴുപതു ശതമാനം അപകടങ്ങളും നഗരങ്ങൾക്കു പുറത്താണ് സംഭവിക്കുന്നത്.