തിരുവനന്തപുരം- പിണറായി വിജയന്റെ പുതിയ സര്‍ക്കാരില്‍ കെ.കെ. ശൈലജയെ ഉള്‍പ്പെടുത്താത്തതില്‍ നിരാശ പ്രകടിപ്പിച്ച് പ്രമുഖര്‍. ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം നിറയുകയാണ്.
കഴിഞ്ഞ സര്‍ക്കാറിലെ ആരോഗ്യ മന്ത്രിയും നിയമസഭയിലേക്ക് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്ത കെ.കെ ശൈലജയെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താത്തത് സങ്കടകരമാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍ പറഞ്ഞു.
ശൈലജ ടീച്ചര്‍ മന്ത്രിസഭയിലില്ലാത്തത് സങ്കടകരമായ കാര്യമാണ്. അവരുടെ കഴിവിനും കാര്യക്ഷമതക്കും അപ്പുറം കോവിഡ് പ്രതിസന്ധികാലത്ത് അവര്‍ എപ്പോഴും സഹായിക്കാനും പ്രതികരിക്കാനുമുണ്ടായിരുന്നു. അവരുടെ അഭാവം ശൂന്യതയുണ്ടാക്കും- തരൂര്‍ ട്വീറ്റ് ചെയ്തു.
ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നു. അഞ്ച് വര്‍ഷത്തെ പരിചയം ചെറുതല്ല. ടീച്ചറില്ലാത്തത്തില്‍ കടുത്ത നിരാശയുണ്ട്. പുതിയ മന്ത്രിസഭക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഗായിക സിതാര കൃഷ്ണകുമാര്‍ പ്രതികരിച്ചു.
കെ.ആര്‍ ഗൗരിയമ്മയോടൊപ്പമുള്ള ശൈലജ ടീച്ചറുടെ ചിത്രം പോസ്റ്റ് ചെയ്താണ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് പ്രതികരണം അറിയിച്ചത്. ഷൈലജ ടീച്ചര്‍ ഇല്ലെങ്കില്‍ അത് നെറികേടാണെന്ന് നടി മാല പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.