ഭാഗ്യസൗഭാഗ്യങ്ങളിൽ അമിത വിശ്വാസം പുലർത്തുന്നവരാണ് മലയാളികൾ. അധ്വാനിക്കാതേയും മേലനങ്ങാതേയും എപ്പോഴും അത്ഭുതങ്ങൾക്കായി കാത്തിരിക്കാനും ഭാഗ്യ പരീക്ഷണങ്ങൾക്കായി പണവും സമയവും ചെലവിടാനും ഒട്ടും മടിക്കാത്ത നല്ലൊരു വിഭാഗം ആളുകളുണ്ട്. അപ്രതീക്ഷിതമായി ഒരു നാൾ വന്നെത്തുന്ന സൗഭാഗ്യത്തിനായി കാത്തിരുന്ന് ഒടുവിൽ ചതിക്കുഴിയിൽ അകപ്പെടുമ്പോഴാണ് ഇത്തരക്കാർക്ക് ബോധമുദിക്കുക. ചതിയിലകപ്പെട്ട് നഷ്ടപ്പെട്ട പണം തിരിച്ച് കിട്ടാനുള്ള നെട്ടോട്ടമാണ് പിന്നീട്. എല്ലാ ശ്രമവും പരാജയപ്പെട്ട് ഒടുവിൽ പോലീസിൽ അഭയം തേടുന്നു. ഓരോ തട്ടിപ്പ് കഥകളും പുറത്ത് വരുമ്പോഴും അത് അവസാനത്തേതാണെന്ന് നാം കരുതുന്നു. ഇപ്രകാരം കരുതുന്നവർ പോലും മറ്റ് തട്ടിപ്പുകളുടെ ഇരയാവുകയും ചെയ്യുന്നു.
മൊബൈൽ ഫോൺ, ഇന്റർനെറ്റ് കണക്ഷൻ എന്നിവ വ്യാപകമായതോടെ ഇത് വഴിയുള്ള നിരവധി തട്ടിപ്പുകളും പിറവിയെടുത്തു. ഹൈടെക് രീതികളിലാണ് പുതിയ കാലത്തെ തട്ടിപ്പുകൾ അരങ്ങ് വാഴുന്നത്. ഇന്റർനെറ്റ് സംവിധാനങ്ങളെ സംയോജിപ്പിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര ഏജൻസിയായ 'ഇന്റർനാഷനൽ ടെലി കമ്യൂണിക്കേഷൻ യൂണിയ'ന്റെ കണക്കുകൾ പ്രകാരം ലോക ജനസംഖ്യയിൽ 45 ശതമാനം പേർ ഇന്റർനെറ്റ് കണക്ടിവിറ്റി ഉള്ളവരാണ്. ലോകത്തെ 45 ശതമാനം വീടുകളിലും ഇതിനകം ഇന്റർനെറ്റ് സംവിധാനം നേടിയെടുത്തതായും കണക്കുകൾ വ്യക്തമാക്കുന്നു. മൊബൈൽ ഫോൺ, ടാബ്‌ലറ്റ് എന്നിവ വഴി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതോടെ ഇത് വഴിയുള്ള തട്ടിപ്പുകൾക്കും വേഗതയേറി. ഏതാണ്ട് ഒരു പതിറ്റാണ്ട് മാത്രമേ ഇത്തരം തട്ടിപ്പുകൾക്ക് കാലപ്പഴക്കമുള്ളൂ. ലോകത്ത് ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. എന്നുവെച്ചാൽ ഇന്റർനെറ്റ് വഴിയുള്ള തട്ടിപ്പുകൾക്ക് നമ്മുടെ രാജ്യത്തും ഏറെ സ്‌കോപ്പുണ്ടെന്ന് സാരം.
ടൂറിസ്റ്റ് വിസയിലെത്തുന്ന ആഫ്രിക്കൻ പൗരന്മാർ ഡൽഹി, മുംബൈ, ചെന്നൈ, ബംഗളുരു തുടങ്ങിയ വൻ നഗരങ്ങൾ താവളമാക്കിയാണ് മൊബൈൽ ഫോൺ, ഇന്റർനെറ്റ് വഴിയുള്ള നൂതന തട്ടിപ്പുകൾ ആവിഷ്‌കരിക്കുന്നത്. ഇത്തരം തട്ടിപ്പുകളുടെ ഉപജ്ഞാതാക്കളും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർ തന്നെയാണ്. ആറ് മാസം ഇന്ത്യയിൽ തങ്ങി വിവിധ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളിലൂടെ കോടികൾ കൈക്കലാക്കി ഇവർ സ്വദേശത്തേക്ക് മടങ്ങും. വീണ്ടും വിസ സംഘടിപ്പിച്ച് ഇന്ത്യയിലെത്തി പുതിയ ആശയങ്ങളും, തന്ത്രങ്ങളുമായി തട്ടിപ്പ് തുടരുകയും ചെയ്യും. പ്രധാനമായും ദൽഹി കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തന മേഖല. തന്ത്രകുതന്ത്രങ്ങൾ ആയുധമാക്കി, മൊബൈൽ ഫോൺ വഴിയുള്ള എസ്.എം.എസ്സുകൾ, ഇന്റർനെറ്റിൽ സജീവമായിട്ടുള്ള വ്യാജ സൈറ്റുകൾ തുടങ്ങിയവ വഴിയാണ് വിദേശ തട്ടിപ്പുകാർ അനായാസം ഇന്ത്യൻ ഇരകളെ കണ്ടെത്തുന്നത്.
തട്ടിപ്പുകൾ പലവിധം
വലിയ കമ്പനികളുടേയോ കോർപ്പറേറ്റ് വ്യവസായ സംരംഭകരുടേയോ ഒക്കെ പേരിൽ മൊബൈൽ ഫോൺ വഴി 'താങ്കളുടെ ഫോൺ നമ്പർ ഭാഗ്യ നമ്പരായി തെരഞ്ഞെടുത്തിരിക്കുന്നു' എന്നറിയിക്കുന്ന വ്യാജ സന്ദേശങ്ങളാണ് തട്ടിപ്പിലെ ഒരു രീതി. 'അമേരിക്കയിലെ വ്യവസായിയുടെ അനന്തരാവകാശ സ്വത്തുക്കൾ ലഭിക്കാൻ അവസരം' എന്നറിയിക്കുന്ന എസ്.എം.എസ് അയക്കുന്നതാണ് മറ്റൊരു രീതി. ഇപ്രകാരം സന്ദേശം ലഭിക്കുന്നവർ തുടർന്ന് ബന്ധപ്പെട്ടാൽ ഇ-മെയിൽ വിലാസം ആവശ്യപ്പെടും. അഥവാ വിശ്വാസ്യത ചോദ്യം ചെയ്താൽ വ്യാജ സർട്ടിഫിക്കറ്റുകളും, ഐഡി പ്രൂഫുകളും തരും. ഇതിൽ ഇരകൾ വീഴുന്നതോടെ പിന്നീട് കാര്യങ്ങൾ അതിവേഗം മുന്നേറുന്നു. പണം ലഭിക്കാൻ നികുതി, കസ്റ്റംസ് ക്ലിയറൻസ്, പോസ്റ്റൽ-കൊറിയർ ചാർജുകൾ എന്നിങ്ങനെ ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ ആവശ്യപ്പെടും. ഭാഗ്യം മോഹിച്ച് പണം നൽകി കാത്തിരിക്കുന്നവർ പിന്നീട് നിജസ്ഥിതി മനസ്സിലാക്കി നിരാശപ്പെട്ട് വാ പൊളിക്കുന്നിടത്ത് കാര്യം അവസാനിക്കുന്നു. തുടർന്ന് അന്വേഷണം നടത്തിയാൽ തട്ടിപ്പുകാരെക്കുറിച്ച് ഒരു വിവരവും ഉണ്ടാകില്ല. ചില തട്ടിപ്പ് വീരന്മാർ ഇ-മെയിൽ വഴി മാത്രമേ ഇരകളുമായി ബന്ധപ്പെടാറുള്ളൂ. നൈജീരിയ, ഐവറികോസ്റ്റ്, സുഡാൻ, ഘാന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പൗരൻമാരാണ് ഇത്തരം തട്ടിപ്പ് നടത്തുന്നതിനായി ഇന്ത്യയിൽ തമ്പടിക്കുന്നത്.
ലക്കി സമ്മാനപദ്ധതി, ലക്കി സർവ്വെ എന്നിങ്ങനെയൊക്കെ മോഹിപ്പിച്ച് ഇന്റർനെറ്റ് ഉപഭോക്താക്കളെ ഇ-മെയിൽ വഴി വ്യാജ നമ്പരിലേക്ക് എത്തിച്ചും തട്ടിപ്പ് നടത്തുന്നു. ഇത്തരം സൈറ്റുകളിൽ പ്രവേശിച്ച് കഴിഞ്ഞാൽ 'ആഡ്‌വെയർ' (അഡ്വർടൈസിംഗ് സപ്പോർട്ട് സോഫ്റ്റ് വെയർ) എന്ന വിൻഡോ പോപ്പ് അപ്‌ലോഡ് ചെയ്യും. വ്യാജ വിവരങ്ങളടങ്ങിയ ഇത്തരം വിൻഡോകളാണ് വ്യാജ സൈറ്റുകളിലേക്ക് നയിക്കുക. 90 ശതമാനം വരെ ഡിസ്‌കൗണ്ടിൽ വീട്ടുപകരണങ്ങളും മറ്റും വാഗ്ദാനം ചെയ്യും. ക്ലിക്ക് ചെയ്താൽ അത് ലഭിക്കാൻ പണം അയക്കുന്നതിനായുള്ള ഒപ്ഷൻസ് വിൻഡോയിൽ തെളിയും. ഓൺലൈനായി പണം അയക്കാൻ ബാങ്ക് ക്രെഡിറ്റ് കാർഡ് നമ്പർ, രഹസ്യ പിൻ നമ്പർ എന്നിവ ആവശ്യപ്പെടും. ഇത് നൽകി കഴിയുന്നതോടെ അക്കൗണ്ടിൽ നിന്ന് പണം ചോർത്തുകയാണ് തട്ടിപ്പിലെ മറ്റൊരു രീതി.
ഐപാഡ്, ആപ്പിൾഫോൺ, വിവിധ ബ്രാൻഡുകളുടെ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം വൻ വിലക്കുറവിൽ ലഭിക്കുമെന്ന പരസ്യം ഇന്റർനെറ്റ് വഴി നൽകുന്നതാണ് മറ്റൊരു തട്ടിപ്പ്. ഇത്തരം പരസ്യത്തിൽ ആകൃഷ്ടരായി ഓർഡർ നൽകിയാൽ വാട്‌സ്ആപ്പ് നമ്പരിൽ തട്ടിപ്പുകാരുടെ അക്കൗണ്ട് നമ്പർ നൽകി അതിലേക്ക് പണമയക്കാൻ ആവശ്യപ്പെടും. പണം അയക്കുന്നതോടെ പിന്നീട് ഇവരുമായി ബന്ധപ്പെടുന്ന നമ്പർ പ്രവർത്തനരഹിതമാകും. വിദേശ രാജ്യങ്ങളിൽ ഉയർന്ന ശമ്പളം ലഭിക്കുന്ന വിവിധ ജോലികൾ വാഗ്ദാനം നൽകി ഓൺലൈൻ വഴി പരസ്യം നൽകി ഇതിൽ വീഴുന്നവരോട് പ്രോസസിംഗ്, ക്ലിയറൻസ് തുടങ്ങിയ ആവശ്യങ്ങൾക്കെന്ന് ധരിപ്പിച്ച് പണം ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ ആവശ്യപ്പെടുന്ന രീതിയുമുണ്ട്. വിദേശ വനിതകളുടെ ആകർഷകമായ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളുണ്ടാക്കി സൗഹൃദവും പ്രണയവും സ്ഥാപിച്ചെടുത്ത് പണം തട്ടുന്ന രീതിയും സജീവമാണ്. വിദേശ കാമുകിമാരാൽ പ്രണയപരവശരാകുന്നവരെ കാണുന്നതിനായി ഇന്ത്യയിലേക്ക് വരുമ്പോൾ വിമാനത്താവളത്തിൽ തടഞ്ഞ് വെച്ചതായും മോചനത്തിന് ധനസഹായം അഭ്യർത്ഥിച്ച് പണം തട്ടുന്ന രീതിയുമുണ്ട്. വിവിധ കാര്യങ്ങളുടെ പേരിൽ ഉയർന്ന ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന അക്കൗണ്ട് ഹോൾഡർമാരെ ഫോണിൽ വിളിച്ച് എ.ടി.എം കാർഡ് നമ്പരും മറ്റും ചോദിച്ചറിഞ്ഞ് പണം തട്ടുക തുടങ്ങി ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ഓൺലൈൻ തട്ടിപ്പ് ചതിക്കുഴികളിൽ നിരവധി ആളുകളാണ് ദിനേന കബളിപ്പിക്കപ്പെടുന്നത്. കൃത്രിമ രേഖകളുണ്ടാക്കിയാണ് ഇത്തരം തട്ടിപ്പുകാർ ബാങ്ക് എക്കൗണ്ടും, സിംകാർഡും ഒപ്പിച്ചെടുക്കുന്നത്. നിരന്തരം ഫോൺ നമ്പരും, തട്ടിപ്പിന്റെ രീതിയും മാറ്റുന്നത് കൊണ്ട് ഇവരെ പിടികൂടുക എളുപ്പവുമല്ല. പ്രതികളെ കണ്ടെത്തുക എന്നതും ശ്രമകരമാണ്.
മൊബൈൽ ഫോൺ എസ്.എം.എസ് വഴി കോടികൾ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഐവറികോസ്റ്റ് പൗരൻ സബാലി റോളന്റി (32) നെ മൂന്ന് വർഷം മുമ്പ് മലപ്പുറം പോലീസ് അകത്താക്കിയിരുന്നു. ആ തട്ടിപ്പ് ഇപ്രകാരം:
അനന്തരവകാശികളില്ലാത്ത അമേരിക്കൻ പൗരൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വെച്ച ഭാരിച്ച സ്വത്തിൽ നിന്ന് 5.25 ബില്യൺ യു.എസ് ഡോളർ (31,000 കോടിയോളം രൂപ) കേരളത്തിലേക്കുണ്ടെന്നും, അത് താങ്കൾ മുഖേന അർഹരായ പാവപ്പെട്ടവർക്ക് വിതരണം ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ മറുപടി നൽകണമെന്നും കാണിച്ച് മൊബൈൽ ഫോൺ എസ്.എം.എസ് സന്ദേശം മലപ്പുറം-വാഴക്കാട് സ്വദേശിക്ക് ലഭിച്ചു. ഈ സന്ദേശം ലഭിച്ചതോടെ സന്തോഷം കൊണ്ട് ലഡ്ഡു പൊട്ടിയ വാഴക്കാട്ടുകാരൻ തനിക്ക് ഡോളറുകൾ കൈമാറുന്നതിനുള്ള പ്രോസസ്സിംഗ് ചാർജും കസ്റ്റംസ് നികുതിയും ഉൾപ്പടെയുള്ള ചെലവുകൾക്കുമായി ആവശ്യപ്പെട്ട 5 ലക്ഷം രൂപയുമായി ഡൽഹിയിലെത്തി. ആ 5 ലക്ഷം കൈമാറിയതോടെ, ഡോളർ നിറച്ച പെട്ടി എന്ന പേരിൽ കടലാസ് കെട്ടുകൾ നിറച്ച സ്യൂട്ട്‌കേസ് വാഴക്കാട്ടുകാരന് ലഭിച്ചു. നാട്ടിൽ തിരിച്ചെത്തിയ വാഴക്കാട്ടുകാരൻ പെട്ടിയിൽ കണ്ടത് കടലാസ് കെട്ടുകൾ. 5 ലക്ഷം നഷ്ടപ്പെട്ട് കബളിപ്പിക്കപ്പെട്ടതോടെ ഇയാളുടെ പരാതിയെ തുടർന്ന് കൊണ്ടോട്ടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി സബാലി റോളന്റ് വലയിലായത്.
നൈജീരിയക്കാരനും കുടുങ്ങി
ഓൺലൈൻ വഴി പരസ്യം നൽകി കോടിക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ നൈജീരിയൻ സ്വദേശിയായ ഇമ്മാനുവൽ ആർച്ചിബോങ്ങി (23) നെ മലപ്പുറം പോലീസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഡൽഹി മെഹ്‌റോളിൽ നിന്നും കഴിഞ്ഞയാഴ്ച പിടികൂടി. ഐഫോൺ വിലക്കുറവിൽ നൽകുന്നതായി ഇയാൾ ഓൺലൈനിൽ പരസ്യം നൽകി ഒട്ടേറെ പേരിൽ നിന്ന് പണം തട്ടിയതായി പോലീസ് വ്യക്തമാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇയാളുടെ തട്ടിപ്പിനിരയായതായി പറയുന്നു.
ആപ്പിൾ ഐ ഫോണുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്ന പരസ്യത്തോട് പ്രതികരിച്ച മലപ്പുറം സ്വദേശിയായ യുവാവിനെ ഒരു വാട്‌സ്ആപ്പ് നമ്പരിൽനിന്ന് വിളിച്ച് ഐഫോൺ ലഭിക്കുന്നതിന് പണമയക്കേണ്ട ബാങ്ക് അക്കൗണ്ട് നമ്പർ ഇയാൾ നൽകി. ആ അക്കൗണ്ട് വഴി പണമടച്ചെങ്കിലും ഐ ഫോൺ ലഭിച്ചില്ലെന്നും കബളിപ്പിക്കപ്പെട്ടതായും കാണിച്ച് അയാൾ പോലീസിൽ പരാതി നൽകിയതോടെയാണ് അന്വഷണം ആരംഭിച്ചത്. പ്രതി ഉപയോഗിച്ച വാട്‌സ്ആപ് നമ്പർ കേന്ദ്രീകരിച്ച് പോലീസന്വേഷണം തുടരവേ, യുവാവുമായി ബന്ധപ്പെട്ടിരുന്ന വാട്‌സ്ആപ് നമ്പർ ഉപേക്ഷിച്ചതായി മനസ്സിലായി. ആ നമ്പർ പിന്തുടരുക അസാധ്യവുമായിരുന്നു. സമാന രീതിയിൽ ഓൺലൈൻ തട്ടിപ്പ് കേസിൽ അന്വേഷണം നടത്തി പ്രതിയെ ഡൽഹിയിൽ നിന്ന് പിടികൂടിയ അനുഭവ പരിചയം വെച്ചാണ് ഈ പ്രതിസന്ധി പോലീസ് മറി കടന്നത്. ലഭ്യമായ വിവരങ്ങളുമായി ഡൽഹിയിലെത്തിയ പോലീസ് സ്ഥലത്തെ ധനകാര്യ സ്ഥാപനങ്ങളും മൊബൈൽ ഫോൺ ഷോപ്പുകളും മറ്റും കേന്ദ്രീകരിച്ച് മൂന്ന് ദിവസം രഹസ്യ നിരീക്ഷണം നടത്തിയാണ് പ്രതിയെ കണ്ടെത്തിയത്. പോലീസ് സാന്നിധ്യം മണത്തറിഞ്ഞ് രക്ഷപ്പെടാനും, തുടർന്ന് പ്രതിരോധിക്കാനും ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ പോലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. ഡൽഹി കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ മലപ്പുറത്തെത്തിക്കുകയായിരുന്നു. പ്രതിയുടെ ലാപ്‌ടോപ്പ് പരിശോധിച്ച പോലീസിന് തട്ടിപ്പ് സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ലാപ്‌ടോപ്പ് ഫോറൻസിക് പരിശോധനയ്ക്കയച്ചിട്ടുണ്ട്. വിവിധ ബാങ്കുകളിലായി പ്രതിക്ക് പത്തോളം അക്കൗണ്ടുകളുള്ളതായും, വ്യാജ പേരിലുള്ള ഇയാളുടെ ബാങ്ക് അക്കൗണ്ടുകളിൽ വൻ തുക നിക്ഷേപമുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാർ ബെഹ്‌റയുടെ നിർദ്ദേശ പ്രകാരം മഞ്ചേരി എസ്.ഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ മഞ്ചേരി സിജെ.എം കോടതിയിൽ ഹാജരാക്കിയ ഈ പ്രതിയെ റിമാന്റ് ചെയ്തു. ഇയാളെ പിടികൂടിയതറിഞ്ഞ് തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ട ഒട്ടേറെ പേർ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. പ്രതിമാസം ഏഴ് ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം നൽകി മലപ്പുറത്തുള്ള എൻജിനീയറിൽ നിന്ന് 30 ലക്ഷം രൂപയും പ്രതി വ്യാജ അക്കൗണ്ട് വഴി തട്ടിയിട്ടുണ്ട്. ഛത്തീസ്ഗഢ് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ പ്രതി ഏറെക്കാലമായി ഡൽഹിയിൽ 16,000 രൂപ മാസ വാടകയുള്ള ഫ്‌ളാറ്റിൽ താമസിച്ച് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഓൺ ലൈൻ തട്ടിപ്പിലൂടെ കോടിക്കണക്കിന് രൂപ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇയാൾ തട്ടിയെടുത്തിട്ടുണ്ട്. പ്രതിയുടെ പാസ്‌പോർട്ട് കണ്ടെടുക്കാനായിട്ടില്ല. തട്ടിപ്പ് സംബന്ധിച്ച് നൈജീരിയൻ ഹൈക്കമ്മിഷന് റിപ്പോർട്ട് നൽകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
മാലി സ്വദേശിയുടെ തട്ടിപ്പ്
രണ്ടരലക്ഷം ഡോളർ സമ്മാനം ലഭിച്ചതായി കാണിച്ച് മൊബൈൽ ഫോണിൽ എസ്.എം.എസ് സന്ദേശമയച്ച് 30,000 രൂപ തട്ടിയെടുത്ത മാലി പൗരനായ തെവഇസ്ഹാക്കി (39) നേയും മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത് ഈയിടെയാണ്. കോട്ടക്കൽ സ്വദേശിയായ യുവാവിനെയാണ് ഇയാൾ കബളിപ്പിച്ചത്. രണ്ടര ലക്ഷം രൂപ സമ്മാനമടിച്ച വിവരം ഫോണിൽ അറിയിച്ച് മേൽവിലാസമടക്കമുള്ള വിവരങ്ങൾ ശേഖരിച്ച ഇയാൾ ഡൽഹിയിൽ നിന്ന് ഏജന്റ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തി തുക കൈമാറുമെന്നും, അതിനുള്ള സർവീസ് ചാർജ്ജ് നൽകണമെന്നും നിർദ്ദേശിച്ചു. ഇത് പ്രകാരം പരാതിക്കാരൻ കരിപ്പൂരിലെത്തി ഏജന്റെന്ന വ്യാജേനയെത്തിയ പ്രതിയെ സന്ധിച്ചു. സമീപത്തെ ലോഡ്ജിൽ തങ്ങിയ ഇയാളുടെ മുറിയിലെത്തി കറുത്ത കടലാസ് കെട്ടുകൾ നിറച്ച സ്യൂട്ടകേസ് കാണിച്ച് കൊടുത്തു. ഇതിൽനിന്ന് രണ്ട് കടലാസെടുത്ത് വെള്ളത്തിൽ കഴുകിയപ്പോൾ അത് സിംഗപ്പൂർ ഡോളറായി മാറി. കടലാസ് കെട്ടുകളെല്ലാം ഡോളറാണെന്നും വെള്ളത്തിൽ കഴുകിയാൽ ഡോളറായി മാറുമെന്നും പരാതിക്കാരനെ ധരിപ്പിച്ച് കടലാസ് കെട്ടുകൾ നിറച്ച പെട്ടി കൈമാറി. സർവീസ് ചാർജായി 30,000 രൂപയും കൈപ്പറ്റി. പെട്ടിയുമായി വീട്ടിലെത്തിയ പരാതിക്കാരൻ കടലാസുകൾ എത്ര കഴുകിയിട്ടും ഡോളറായില്ല. തുടർന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഡോളർ സൈസിൽ പാകപ്പെടുത്തിയെടുത്ത കറുത്ത കടലാസ് കെട്ടിനിടയ്ക്ക് ഇയാൾ യഥാർത്ഥ ഡോളർ ഒളിപ്പിച്ച് വെച്ചിരുന്നു. പ്രത്യേക രാസമിശ്രിതം ഉപയോഗിച്ച് കറുപ്പിച്ച യഥാർത്ഥ ഡോളർ കടലാസ് കെട്ടിനിടയിൽ നിന്ന് വലിച്ചൂരി വെള്ളത്തിൽ കഴുകുന്നു എന്ന നാട്യേന വിറ്റാമിൻ-സി ലായനിയിൽ അത് കഴുകുമ്പോൾ യഥാർത്ഥ ഡോളർ തെളിയുകയും ചെയ്യും. ഇത് കാണുന്ന ഇരകൾ വിദഗ്ധമായി കബളിപ്പിക്കപ്പെടുകയും ചെയ്യും. കഴിഞ്ഞ വർഷം സമാന രീതിയിൽ തൃശൂരിൽ തട്ടിപ്പ് നടത്തിയ മൂന്ന് കാമറൂൺ സ്വദേശികളെ പോലീസ് പിടികൂടിയിരുന്നു. ഇവരിപ്പോൾ വിയ്യൂർ ജയിലിലാണ്. ഈ സംഘവുമായി തെവഇസ്ഹാക്കിന് ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇയാളുടെ പാസ്‌പോർട്ടും വ്യാജമാണെന്ന സംശയമുണ്ട്. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഓൺലൈൻ തട്ടിപ്പ് പെരുകുന്നു; കുറയുന്നില്ല
ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പുറത്തിറക്കിയ 'ക്രൈം ഇൻ ഇന്ത്യ-2011 ' റിപ്പോർട്ട് പ്രകാരം ദേശീയ തലത്തിൽ സൈബർ കുറ്റകൃത്യങ്ങളുടെ നിരക്ക് ഓരോ വർഷവും കൂടി വരുന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2012-ലെ കുറ്റകൃത്യങ്ങളുടെ ഇരട്ടിയിലധികം വരും 2013-ലെ കണക്കെന്ന് സൈബർ ക്രൈം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആഫ്രിക്കൻ സ്വദേശികളായ സൈബർ തട്ടിപ്പ് വീരന്മാരുടെ വലയിൽ നിരവധി പേർ സ്ഥിരമായി കുരുങ്ങുന്നുണ്ട്. പണമയച്ചും നേരിട്ട് നൽകിയും തട്ടിപ്പിനിരയായവർ ഒട്ടേറെയാണ്. തട്ടിപ്പിനിരയായി അക്കാര്യം പുറത്ത് പറയാത്തവരാണ് ഏറിയ പങ്കും. ഇത്തരത്തിലുള്ള തട്ടിപ്പ് വാർത്തകൾ നിരന്തരം പുറത്ത് വന്നിട്ടും ഇതിനൊന്നും ഒട്ടും കുറവ് വരുന്നില്ല എന്നതാണ് വസ്തുത. കോടികൾ ലഭിക്കുമെന്ന് കാണിച്ച് നൂറ് പേരുടെ മൊബൈലിലേക്ക് എസ്.എം.എസ് അയച്ചാൽ പത്ത് പേരെങ്കിലും തട്ടിപ്പുകാരുടെ വലയിൽ വീണിരിക്കുമെന്നാണ് പോലീസ് പറയുന്നത്. മൊബൈൽ സേവനദാതാക്കൾ വഴിയാണ് എസ്.എം.എസ് അയക്കുന്നത്. കൗതുകത്തിന് മാത്രം എസ്.എം.എസിന് പിറകെ പോകുന്നവരും തട്ടിപ്പിന് ഇരയാകുന്നു എന്നതാണ് രസകരം. തട്ടിപ്പ് നടത്തി ഇന്ത്യ വിടുന്ന ആഫ്രിക്കക്കാരെ പിന്നീട് കണ്ടെത്താനാകില്ല. കുറ്റവാളികളെ പരസ്പരം കൈമാറാൻ കരാറുണ്ടെങ്കിലും ഇത് ഫലം ചെയ്യാറുമില്ല. ആഫ്രിക്കയിൽ ശക്തമായ ഐ.ടി നിയമം ഇല്ലാത്തതാണ് ഇത്തരം തട്ടിപ്പുകൾ വർദ്ധിക്കാൻ കാരണമെന്നാണ് പറയുന്നത്. ഇത് കൊണ്ട് തന്നെ തട്ടിപ്പുകാർ സ്വന്തം നാട്ടിൽ വിദേശ നാണ്യമെത്തിക്കുന്ന വി.ഐ.പികളായി മാറുകയാണ്. വിവര സാങ്കേതിക വിദ്യയുടെ സാധ്യതകളുടെ ദുരുപയോഗത്തിലൂടെ ഓൺലൈനിൽ വല വിരിച്ച് പണം തട്ടുന്ന സംഭവങ്ങൾ ഇന്ന് പതിവായതോടെ, ഇതര സംസ്ഥാനക്കാരെ അപേക്ഷിച്ച് ഏറെക്കുറെ പ്രബുദ്ധരായ മലയാളികളും ഇത്തരം തട്ടിപ്പുകളിൽ നിരന്തരം ഇരകളാകുന്നു.