തിരുവനന്തപുരം- ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലവിലുള്ള തിരുവനന്തപുരത്തു രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തുമെന്ന തീരുമാനത്തിനെതിരെ നടി പാര്‍വതി തിരുവോത്ത്. സര്‍ക്കാരിന്റെ തീരുമാനം ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാണെന്ന് പാര്‍വതി ട്വീറ്റ് ചെയ്തു. കോവിഡ് മുന്‍നിര പോരാളികള്‍ക്ക് ആവശ്യമായ സഹായമെല്ലാം ചെയ്തുകൊണ്ട് ഈ മഹാമാരിയ്‌ക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും ഉത്തരവാദിത്തതോടു കൂടി തന്നെയാണ് പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നതില്‍ ഒരു സംശയവുമില്ല. അതുകൊണ്ട് തന്നെയാണ് ഈ തീരുമാനം ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാകുന്നത്- പാര്‍വതിയുടെ ട്വീറ്റില്‍ പറയുന്നു.
20ന് നടക്കുന്ന ചടങ്ങിലേക്ക് വരുന്ന 500 പേരുടെ ജനക്കൂട്ടം അത്രയ്‌ക്കൊന്നുമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കോവിഡ് കേസുകള്‍ ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, മറ്റു വഴികള്‍ ഉണ്ടായിരിക്കേ, ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് തികച്ചും തെറ്റായ നീക്കമാണെന്നും പാര്‍വതി പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങ് വിര്‍ച്വലായി നടത്താന്‍ തയ്യാറാകണമെന്നും പാര്‍വതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 'ഒരു വിര്‍ച്വല്‍ സമ്മേളനം നടത്തി മാതൃകയാകാന്‍ അവസരമുണ്ടായിരിക്കേ അതിനു നില്‍ക്കാതെ ഇത്തരത്തിലൊരു തീരുമാനം സ്വീകരിക്കുന്നത് തെറ്റ് തന്നെയാണ്. പൊതുചടങ്ങ് ഒഴിവാക്കണമെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്. സത്യപ്രതിജ്ഞാ ചടങ്ങ് വിര്‍ച്വലായി നടത്തണം- പാര്‍വതി പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങ് പൊതുചടങ്ങായി നടത്തരുതെന്നും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ 500 പേരെ പങ്കെടുപ്പിക്കുന്ന ചടങ്ങായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ 48 മണിക്കൂര്‍ മുന്‍പെടുത്ത കോവിഡ് പരിശോധനാഫലം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യായാധിപര്‍, ചീഫ് സെക്രട്ടറി, സെക്രട്ടറിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പടെയാണ് 500 പേരെന്നും മുഖ്യമന്ത്രി അറിയിച്ചു.