Sorry, you need to enable JavaScript to visit this website.

സ്വത്ത് തര്‍ക്കം, ഗണേഷിന്റെ മന്ത്രിസ്ഥാനം  കളഞ്ഞത് സഹോദരിയുടെ ആരോപണങ്ങള്‍ 

തിരുവനന്തപുരം- കേരള കോണ്‍ഗ്രസ് (ബി) സ്ഥാപകനായ അന്തരിച്ച ആര്‍.ബാലകൃഷ്ണ പിള്ളയുടെ കുടുംബത്തില്‍ മക്കള്‍ പോര് രൂക്ഷം ആണെന്നും മന്ത്രിസ്ഥാനം ഉറപ്പിച്ച കെ.ബി. ഗണേഷ്‌കുമാറിനെതിരേ ഗുരുതര ആരോപണങ്ങളുമായി മൂത്ത സഹോദരി ഉഷ മോഹന്‍ദാസ് സിപിഎം നേതൃത്വത്തെ സമീപിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബാലകൃഷ്ണപിള്ള അത്യാസന്ന നിലയിലായിരിക്കെ സ്വാധീനിച്ച് കൊട്ടാരക്കരയിലും പത്താനപുരത്തുമുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ഗണേഷ് തട്ടിയെടുത്തെന്നാണ് ആരോപണം. ഇതിന്റെ തെളിവുകള്‍ സഹിതം ഉഷ മോഹന്‍ദാസും ഭര്‍ത്താവും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ മോഹന്‍ദാസും പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും സന്ദര്‍ശിച്ചു ബോധ്യപ്പെടുത്തിയെന്ന് വാര്‍ത്തയില്‍ പറയുന്നു . ഇതേത്തുടര്‍ന്നാണ് ടേം വ്യവസ്ഥില്‍ ആദ്യം മന്ത്രിയായി തീരുമാനിച്ചിരുന്ന ഗണേഷിനു രണ്ടാമത് മന്ത്രിസ്ഥാനം നല്‍കിയാല്‍ മതിയെന്ന് സിപിഎം തീരുമാനിച്ചതത്രെ. രണ്ടാമത് മന്ത്രിസ്ഥാനം മതിയെന്ന് സിപിഎമ്മിനെ നേരത്തെ അറിയിച്ച ആന്റണി രാജുവിനെ നിര്‍ബന്ധിച്ച് മന്ത്രിയാക്കുകയായിരുന്നു.
എന്നാല്‍, സ്വത്തുതര്‍ക്കത്തിനപ്പുറം സോളാര്‍ കേസ് പ്രതി സരിത നായരുമായി ഗണേഷിനുള്ള ബന്ധം സംബന്ധിച്ച വിവരങ്ങളുടെ തെളിവുകളും സിപിഎം നേതൃത്വത്തിന് സഹോദരി കൈമാറിയതായി റിപ്പോര്‍ട്ടുണ്ട്. ഗണേഷ് മന്ത്രിയായാല്‍ ഇതു വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് വ്യക്തമായതോടെ പത്തനാപുരം എംഎല്‍എയുടെ മന്ത്രിസ്ഥാനം സിപിഎം വൈകിപ്പിക്കുകയായിരുന്നു. 2001 മുതല്‍ പത്തനാപുരത്തെ പ്രതിനിധീകരിക്കുന്ന ഗണേഷ് 2011 ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. എന്നാല്‍, 2013 ഏപ്രിലില്‍ അന്നത്തെ ഭാര്യ ഡോ. യാമിനി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു. പിന്നീട് എല്‍ഡിഎഫിലേക്ക് ചേക്കേറി.
 

Latest News