കോട്ടയം- രണ്ടാം പിണറായി സർക്കാരിന്റെ ഭാഗമായി കേരള കോൺഗ്രസ് എം എത്തുമ്പോൾ കേരള രാഷ്ട്രീയത്തിലെ പുതിയ അധ്യായമാണ് തുറക്കുന്നത്. യു.ഡി.എഫിൽനിന്നും ഇടതു മുന്നണിയിലേക്ക് ചേക്കേറിയ കേരള കോൺഗ്രസ് എം തീരുമാനത്തിന് നേരെ വിമർശിച്ചവർക്കുള്ള ജോസ് കെ. മാണിയുടെ മറുപടിയാണ് ഇതെന്നാണ് കേരള കോൺഗ്രസ് വൃത്തങ്ങളുടെ അഭിപ്രായം. തെരഞ്ഞെടുപ്പിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ പരാജയത്തിൽ മുഖപ്രസാദം നഷ്ടപ്പെട്ടുവെങ്കിലും എടുത്ത തീരുമാനം പ്രസക്തമായിരുന്നുവെന്നു പാർട്ടിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. കേരളം കീഴടക്കിയ ഇടതു പടയോട്ടത്തിന്റെ പതാകവാഹകരാകാൻ കേരള കോൺഗ്രസ് എമ്മിനും അവസരം ലഭിക്കുന്നു.
കേരള കോൺഗ്രസ് എം എന്നാൽ കെ.എം. മാണിയെന്നായിരുന്നുവെങ്കിൽ ഇക്കുറി മന്ത്രിസഭാ പ്രാതിനിധ്യത്തിൽ കരിങ്ങോഴയ്ക്കൽ തറവാടില്ല. പക്ഷേ പാലായുടെ സാന്നിധ്യം കാബിനറ്റിലുണ്ടാകും. ഇടുക്കിയുടെ നായകനാണെങ്കിലും റോഷിയുടെ വേരുകൾ പാലായിലാണ്. ചക്കാമ്പുഴ സ്വദേശി. ഒരുകാലത്ത് കെ.എം. മാണിയുടെ പിൻമുറക്കാരൻ എന്ന മേൽവിലാസമുണ്ടായിരുന്ന റോഷിയെ കന്നിമന്ത്രിപദത്തിലേക്ക് എത്തിച്ചത് പാർട്ടിയോടുള്ള കൂറാണ്. കെ.എം. മാണിയുടെ മരണശേഷം ജോസഫ് വിഭാഗം കലാപക്കൊടി ഉയർത്തിയപ്പോൾ ജോസ് കെ. മാണിക്കു പിന്നിൽ അചഞ്ചലമായി ഉറച്ചു നിന്ന രണ്ട് എം.എൽ.എമാരായിരുന്നു റോഷിയും ഡോ. എൻ. ജയരാജും. ഇടതു മുന്നണി ആരോപണങ്ങളിൽ ഒന്നു വിയർത്ത സമയത്തായിരുന്നു ജോസ് കെ. മാണി അവിടേക്ക് വലതുകാൽവെച്ച് കയറിയത്. പലരും ആ തീരുമാനത്തെ തള്ളിപറഞ്ഞു. പ്രത്യേകിച്ചും കേരള കോൺഗ്രസ് എമ്മിലെ സീനിയർ നേതൃനിര. കേരളത്തിൽ ഭരണമാറ്റത്തിനു കളമൊരുങ്ങുമ്പോൾ എടുത്ത വിഡ്ഢിത്തം എന്നുപോലും വിമർശനമുണ്ടായി. പക്ഷേ ജോസ് കെ. മാണി അണുവിട പിൻമാറിയില്ല. ജോസ് കെ. മാണിയുടെ തീരുമാനത്തെ പിന്തുണച്ച് റോഷിയും ജയരാജും ഉറച്ചു നിന്നു. ജോസഫ് പക്ഷത്തേക്ക് ഓഫർ വന്നിട്ടും റോഷി കുലുങ്ങിയില്ല. പ്രത്യേകിച്ചും പി.ജെ. ജോസഫിന്റെ ജില്ലയായ ഇടുക്കിയിലെ ജനപ്രതിനിധി എന്ന നിലയിൽ റോഷിയെ ജോസഫ് വിഭാഗം ഉന്നമിട്ടിരുന്നു. ആശയക്കുഴപ്പത്തിന്റെ ആ നാളുകളിൽ റോഷി സഹപ്രവർത്തകരോട് സ്വകാര്യമായി പറഞ്ഞതായി പ്രചരിക്കുന്ന ഒന്നുണ്ട്.
കെ.എം. മാണി സാറാണ് രാഷ്ട്രീയത്തിൽ വഴികാട്ടി. അവിടെ സ്ഥാനമാനങ്ങളുടെയോ ലാഭനഷ്ടത്തിന്റെയോ കണക്കു നോക്കേണ്ട കാര്യമില്ല. റോഷിക്ക് മന്ത്രിപദം നൽകുന്നതിൽ ഭിന്നതയില്ലെന്ന് ആദ്യം തുറന്നുപറഞ്ഞതും ജയരാജാണ്. പാർട്ടിയിലെ സീനിയർ എം.എൽ.എയായ റോഷിയാവണം മന്ത്രി എന്ന നിലപാടിലായിരുന്നു ജയരാജ്. കേരള കോൺഗ്രസ് രണ്ടാം മന്ത്രിക്കായി പരിശ്രമിച്ചതും ജയരാജിന്റെ നിലപാടിനുള്ള അംഗീകാരത്തിനായാണ്. രണ്ടു മന്ത്രിപദം സാധിക്കില്ലെന്നും ഒരു മന്ത്രിയും കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവിയും നൽകാമെന്നായിരുന്നു സി.പി.എം നിലപാട്. കേരള കോൺഗ്രസ് അതംഗീകരിക്കുകയായിരുന്നു. മുന്നണിയുടെ കെട്ടുറപ്പിന് ദോഷമുണ്ടാക്കുന്നതൊന്നും കേരള കോൺഗ്രസ് ചെയ്യില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു.
കേരള കോൺഗ്രസ് മാണി വിഭാഗത്തെ ഇടതുമുന്നണിയുടെ ഭാഗമാക്കാൻ നേരത്തെ തുടങ്ങിയ ശ്രമമാണ് ജോസ് കെ. മാണിയിലൂടെ യാഥാർഥ്യമായത്. കെ.എം. മാണിയും സി.പി.എമ്മിലെ സീനിയർ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മാണിയെ മുന്നണിയിലെത്തിക്കാനുള്ള നീക്കം അന്നുപക്ഷെ നടന്നില്ല. പക്ഷേ ഇപ്പോൾ മകൻ ജോസ് കെ. മാണി നയിക്കുന്ന വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായി. രണ്ടാം പിണറായി സർക്കാരിൽ പങ്കാളിയുമാകുന്നു. ഇത് പുതിയ അധ്യായം.