1951 ഓഗസ്റ്റ് 15. ഗുജറാത്തിലെ ബില്ലിമോറിയയിൽ ഒരു കൊച്ചു സർ ക്കസിന്റെ ആദ്യ പ്രദർശനം അരങ്ങേറുകയാണ്. കൂടാരത്തിനകം കാണികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. നൂറുകണക്കിനു പേർ അപ്പോഴും ടിക്കറ്റ് കിട്ടാതെ പുറത്താണ്. സർക്കസിന്റെ പുതിയ ഉടമയ്ക്കും പാർട്ട്ണർക്കും ആ ആൾത്തിരക്ക് കണ്ട് മനസ്സിൽ ആഹ്ലാദം നുരകുത്തി. അനേകം വർഷങ്ങൾക്കിപ്പുറം ആ ആഹ്ലാദത്തിന്റെ നക്ഷത്രത്തിളക്കം ഈ 94 ാം വയസ്സിലും ആ ഉടമയുടെ കണ്ണുകളിൽ കെടാതെ കണ്ടു. പേരു പറഞ്ഞാൽ തീർച്ചയായും അദ്ദേഹത്തെ നിങ്ങളറിയും- ജെമിനി ശങ്കരൻ! അതെ, പ്രസിദ്ധമായ ജെമിനി - ജമ്പോ സർക്കസുകളുടെ സ്ഥാപകൻ തന്നെ. ഇന്ത്യൻ സർക്കസിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഷോമാൻമാരിൽ ഒരാൾ!
കണ്ണൂരിൽ കൺടോൺമെന്റ് ഏരിയയിലുള്ള സ്വന്തം ഹോട്ടലായ 'പാം ഗ്രോവ് ഹെറിറ്റേജ് റിട്രീറ്റിലിരുന്ന് തന്റെ ജീവിതവും സർക്കസ് കാലവും ഓർത്തെടുക്കുകയാണ് അദ്ദേഹം. ഓർമകളുടെ ഇതളുകൾ കൊഴിച്ചിടുമ്പോൾ കൃത്യമായ അടുക്കും ചിട്ടയും. കാലത്തിനും പ്രായത്തിനും ഇപ്പോഴും തളർത്താനാകാത്ത ഊർജസ്വലതയും ഉത്സാഹവും.
1924 ജൂൺ 13 ന് തലശ്ശേരിക്കടുത്ത് കൊളശ്ശേരിയിലാണ് എം വി ശങ്കരൻ എന്ന ജെമിനി ശങ്കരന്റെ ജനനം. അച്ഛൻ-രാമൻ മാഷ്. അമ്മ- കല്യാണി. അവരുടെ ഏഴു മക്കളിൽ അഞ്ചാമൻ. 4 ാം ക്ലാസിൽ പഠിക്കുമ്പോൾ നാട്ടിൻപുറത്തെ ചെറിയൊരു തെരുവു സർക്കസ് കണ്ടതാണ് ശങ്കരന്റെ ജീവിതം മാറ്റിമറിച്ചത്. സർക്കസ് അടക്കാനാവാത്ത ആവേശമായി അദ്ദേഹത്തിന്റെ മനസ്സിനെ കീഴടക്കി. കളരി അഭ്യസിക്കലാണ് സർക്കസിലേക്കുള്ള എളുപ്പ വഴി എന്നു തോന്നിയപ്പോൾ 1938 ൽ തലശ്ശേരി ചിറക്കരയിൽ കീലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ കളരിയിൽ ചേർന്നു. പിൽക്കാലത്ത് കേരള സർക്കസിന്റെ കുലപതിയായി മാറിയ വ്യക്തിയാണ് കീലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ. ആയിടക്കാണ് ശങ്കരന്റെ ജ്യേഷ്ഠൻ നാരായണൻ പട്ടാളത്തിൽ ചേരുന്നത്. അതോടെ അദ്ദേഹം തലശ്ശേരി ടൗണിൽ നടത്തിയിരുന്ന കച്ചവട സ്ഥാപനത്തിന്റെ ചുമതല ശങ്കരനായി. സ്‌കൂൾ പഠനം മുടങ്ങി. പക്ഷേ, കളരി പഠനം മുടക്കമില്ലാതെ തുടർന്നു.
ജ്യേഷ്ഠന് പിന്നാലെ 18 ാം വയസ്സിൽ ശങ്കരനും പട്ടാളത്തിൽ ചേർന്നു. അലഹബാദിൽ 6 മാസക്കാലം പരിശീലനം. പിന്നെ കൊൽക്കത്തയിൽ 18 രൂപ ശമ്പളത്തിൽ ആദ്യ പോസ്റ്റിംഗ്. നാലര വർഷം സൈന്യത്തിനൊപ്പം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സേവനം. പിന്നെ ജബൽപൂരിൽ വെച്ച് സ്വയം വിരമിച്ചു. വേണമെങ്കിൽ കുറച്ചു കാലം കൂടി തുടരാമായിരുന്നു. പക്ഷേ, പഴയൊരു മോഹം അപ്പോഴേക്കും മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു-സർക്കസ്!
തിരിച്ച് നാട്ടിലെത്തുമ്പൊഴേക്കും കീലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ അന്തരിക്കുകയും കളരി പൂട്ടുകയും ചെയ്തിരുന്നു. ശങ്കരൻ നിരാശനായില്ല. എം.കെ. രാമൻ ഗുരുക്കളുടെ കീഴിൽ കളരി അഭ്യസിക്കുകയും അവിടെ ഹോറിസോൺഡൽ ബാറിൽ മികച്ച പരിശീലനം നേടുകയും ചെയ്തു. ആ കഴിവിന്റെ പിൻബലത്തിൽ 1946 ൽ അദ്ദേഹം കൊൽക്കത്തയിലെ ബോസ്‌ലിയൻ' സർക്കസിൽ ചേർന്നു. ഹോറിസോൺഡൽ ബാറിലെ അദ്ദേഹത്തിന്റെ മിന്നുന്ന പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തി. ഒപ്പം ഫഌയിംഗ് ട്രപ്പീസ് പരിശീലിക്കുകയും അതിൽ അഗ്രഗണ്യനാവുകയും ചെയ്തു. അന്ന് സർക്കസിലെ പരമപ്രധാന ഐറ്റങ്ങളായ ഇവ രണ്ടും ചെയ്യുന്നവർക്ക് വലിയ സ്റ്റാർ വാല്യൂവും ഒപ്പം നല്ല ശമ്പളവും കിട്ടിയിരുന്നു. ശങ്കരന്റെ അന്നത്തെ ശമ്പളം 300 രൂപ!
കൊൽക്കത്തയിൽ ഇന്ത്യാ വിഭജനത്തിന്റെ രൂക്ഷതയേറിയ കറുത്ത നാളുകൾ അരങ്ങേറുന്നതിന് ശങ്കരൻ സാക്ഷിയാണ്. ഹിന്ദു-മുസ്‌ലിം ലഹളയുടെ കൊടുംഭീതിയിൽ കൊൽക്കത്തയുടെ തെരുവുകൾ വിറങ്ങലിച്ചു നിന്നപ്പോഴും സർക്കസ് പ്രദർശനത്തെ അത് കാര്യമായി ബാധിച്ചില്ല എന്ന് അതിശയത്തോടെ ശങ്കരൻ ഇന്ന് ഓർക്കുന്നു. അനിശ്ചിതത്വത്തിന്റെ ആ അഭിശപ്ത നാളുകളിലും സർക്കസ് കാണാൻ ആളുകൾ ഇടിച്ചു കയറി. പട്ടിണിയും ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ കാലമാണത് എന്നോർക്കണം. തമ്മിൽ കാണുമ്പോൾ വെട്ടിക്കൊല്ലാൻ തുടങ്ങുന്ന ഹിന്ദുവും മുസൽമാനും ടിക്കറ്റിനായി സഹിഷ്ണുതയോടെ കൗണ്ടറിനു മുന്നിൽ ക്യൂ നിന്നു കണ്ടത് വലിയൊരു അനുഭവമാണെന്ന് ശങ്കരൻ പറയുന്നു.
ബോസ്‌ലിയൻ സർക്കസിലെ ശങ്കരന്റെ പ്രകടനം കണ്ടിഷ്ടപ്പെട്ടാണ് നാഷണൽ സർക്കസുകാർ അദ്ദേഹത്തെ ക്ഷണിച്ചത്. വാഗ്ദാനം, കൂടുതൽ ശമ്പളവും സൗകര്യങ്ങളും. ശങ്കരൻ അങ്ങോട്ടു മാറി. ഇന്ത്യയിലെ ഏറ്റവും വലിയ സർക്കസുകളിൽ ഒന്നാണത്. ഉടമസ്ഥൻ, കല്ലൻ ഗോപാലൻ എന്ന മലയാളി. നല്ല അച്ചടക്കവും അഭ്യാസത്തിൽ മികവും കഠിനാധ്വാനവും കൂറും കാണിച്ച ശങ്കരൻ വളരെ പെട്ടെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തനായി.
കല്ലൻ ഗോപാലൻ 'റെയ്മൺ' എന്ന പേരുള്ള മറ്റൊരു സർക്കസിന്റെ കൂടെ ഉടമായാണന്ന്. ആയിടക്കാണ് അദ്ദേഹത്തിന്റെ സഹോദരൻ നടത്തുന്ന ഹെർമൻ സർക്കസിൽ ഒരു തൊഴിൽ പ്രശ്‌നമുണ്ടായത്. ശങ്കരന്റെ അടുത്ത സുഹൃത്തായ ടി.കെ. കുഞ്ഞിക്കണ്ണൻ ആ സർക്കസിലെ പേരെടുത്ത സൈക്കിളിസ്റ്റാണ്. പ്രശ്‌നം പരിഹരിക്കാൻ കല്ലൻ ഗോപാലൻ അന്നയച്ചത് വിശ്വസ്തനായ ശങ്കരനെയാണ്. സുഹൃത്ത് കുഞ്ഞിക്കണ്ണന് റെയ്മണിൽ ജോലി നൽകണമെന്ന് ശങ്കരൻ, കല്ലൻ ഗോപാലനോട് അഭ്യർഥിച്ചു. അതു സമ്മതിച്ച ഗോപാലൻ പക്ഷേ, ഹെർമൻ സർക്കസിലെ പ്രശ്‌നം തീർന്നപ്പോൾ കാലു മാറിക്കളഞ്ഞു. കുഞ്ഞിക്കണ്ണനെ റെയ്മണിൽ എടുക്കാതെ ശങ്കരന് മാത്രം അവിടെ ജോലി വാഗ്ദാനം ചെയ്തു. ശങ്കരനത് വലിയ ഷോക്കായി.
മനസ്സു വേദനിച്ച ശങ്കരൻ റെയ്മൺ ഒഴിവാക്കി ഗ്രേറ്റ് ബോംബെ സർക്കസിൽ ചേർന്നു. കുഞ്ഞിക്കണ്ണൻ മഹാരാഷ്ട്രക്കാരുടെ വിജയ സർക്കസി ലും. കല്ലൻ ഗോപാലന്റെ പ്രവൃത്തി വല്ലാത്തൊരു മുറിപ്പാടായി ശങ്കരന്റെ മനസ്സിൽ കിടന്നു വിങ്ങി. സ്വന്തമായി ഒരു സർക്കസ് ട്രൂപ്പുണ്ടെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ ഇങ്ങനെ അഭിമാനം വ്രണപ്പെട്ട് നിൽക്കേണ്ടി വരില്ലായിരുന്നല്ലോ എന്ന ചിന്ത ശങ്കരനിലുണ്ടായി. ഒരു സന്ദർശന വേളയിൽ കുഞ്ഞിക്കണ്ണനോട് തനിക്ക് സ്വന്തമായി ഒരു സർക്കസ് തുടങ്ങാൻ താൽപര്യമുണ്ടെന്ന് ശങ്കരൻ പറഞ്ഞു.
താമസിയാതെ വിജയ സർക്കസ് സാമ്പത്തിക പ്രശ്‌നം കാരണം വിൽക്കാൻ പോകുന്ന കാര്യം കുഞ്ഞിക്കണ്ണൻ, ശങ്കരനെ അറിയിച്ചു. ഉടനെ ചെന്ന് അദ്ദേഹം കാര്യങ്ങൾ അന്വേഷിച്ചു. അദ്യത്തെ ശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടാം തവണ വിജയിച്ചു. 6000 രൂപയ്ക്ക് സർക്കസ് കമ്പനി വില പറഞ്ഞുറപ്പിച്ചു. ഒരു ടെന്റ്, ഒരു ആന, രണ്ടു കുതിര, രണ്ടു സിംഹം, മൂന്നു കുരങ്ങുകൾ, മഹാരാഷ്ട്രക്കാരായ ഏതാനും സർക്കസ് കലാകാരൻമാർ എന്നിവ കൂടെ കിട്ടി. 3000 രൂപ അഡ്വാൻസ് നൽകി ആ സർക്കസ് സ്വന്തമാക്കുമ്പോൾ ശങ്കരന് പ്രായം 27 വയസ്സു മാത്രം. ബോംബെ സർക്കസിൽ മാനേജരായിരുന്ന കെ. സഹദേവനെ പാർട്ട്ണറാക്കിക്കൊണ്ട് ശങ്കരൻ ജെമിനി സർക്കസ് തുടങ്ങി. വൈകാതെ കുഞ്ഞിക്കണ്ണനും ശങ്കരനൊപ്പമെത്തി. ശങ്കരന്റെ നക്ഷത്രം ചോതിയാണ്. അതിന്റെ സിംബലായ ജെമിനി അദ്ദേഹം സ്വന്തം സർക്കസിന്റെ പേരായി സ്വീകരിച്ചു. അത് പിന്നീട് ഇന്ത്യൻ സർക്കസ് ചരിത്രത്തിലെ വലിയൊരു നാമമായിത്തീർന്നു.
പിന്നീടങ്ങോട്ട് അതിശയകരമായ വളർച്ചയായിരുന്നു ജെമിനിയുടേത്. അതിന് പിന്നിൽ ശങ്കരന്റെ മനസ്സും ശരീരവും സഹിച്ച കഠിനമായ ത്യാഗത്തിന്റെയും അധ്വാനത്തിന്റെയും വീറും വിയർപ്പുമുണ്ടായിരുന്നു. പുതിയ നമ്പറുകൾ കൈയിലുള്ള ആർട്ടിസ്റ്റുകളെ ജെമിനിയിൽ എത്തിച്ചു. കൂടാതെ ചൈന, ഇറ്റലി, ബെൽജിയം, ജർമനി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരൻമാരെയും അണിനിരത്തി. അപൂർവമായി കാണുന്ന മൃഗങ്ങളും പക്ഷികളും ജെമിനിയുടെ മുതൽക്കൂട്ടായി. പുതിയ കാലത്തിന്റെ അഭിരുചിക്കനുസരിച്ച് സർക്കസ് കൂടുതൽ ആകർഷകമാക്കുക എന്നതായിരുന്നു എന്നും ശങ്കരന്റെ ലക്ഷ്യം. കാഴ്ചക്കാരുടെ ആശയും ആവേശം എപ്പോഴും ത്രസിപ്പിച്ചു നിർത്തണമെന്നതാണ് അദ്ദേഹത്തിന്റെ നയം.
ജെമിനി സർക്കസ് ജൈത്രയാത്ര നടത്തുന്നതിനിടയിലാണ് തകരാൻ തുടങ്ങിയ മറ്റൊരു സർക്കസ് സന്ദർഭവശാൽ ശങ്കരന് ഏറ്റെടുക്കേണ്ടി വന്നത്. അതാണ് പിന്നീട് പ്രസിദ്ധമായി ജമ്പോ സർക്കസ്. 1977 ഒക്‌ടോബർ 2 ന് ബിഹാറിലെ ദനാപൂരിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ജമ്പോ സർക്കസ് ഇന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി കളി തുടരുന്നുണ്ട്.
അക്ഷരാർഥത്തിൽ തമ്പിന്റെ മനസ്സ് തൊട്ടറിഞ്ഞ തമ്പുരാനായിരുന്നു ശങ്കരൻ. സർക്കസ് കളിക്കാരനായി വന്ന് മുതലാളിയായിത്തീർന്ന ആളാണദ്ദേഹം. തമ്പിലെ കളിക്കാരുമായി വലിപ്പച്ചെറുപ്പമില്ലാതെ അദ്ദേഹം ഇടപഴകി. അവരുടെ ഓരോ ചെറിയ പ്രശ്‌നങ്ങളിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞു. അവർക്കദ്ദേഹം നല്ല ഭക്ഷണവും സുഖസൗകര്യങ്ങളും മികച്ച ശമ്പളവും നൽകി. അവശ്യ ഘട്ടങ്ങളിൽ അവർക്ക് സാന്ത്വനവും സഹായവും കൊടുത്തു. അത് കളിക്കാരിൽ ഉടമയോടുള്ള സ്‌നേഹ ബഹുമാനവും ആത്മാർഥതയും വർധിപ്പിച്ചു.
ഗുജറാത്തിലെ ബില്ലിമോറിയയിൽ നിന്നും കളി തുടങ്ങിയ ജെമിനി അഹമ്മദാബാദ്, മുംബൈ, ചെന്നൈ, ബംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിലൂടെ 1959 ൽ ദൽഹിയിലെത്തി. അന്ന് ജവാഹർലാൽ നെഹ്‌റുവാണ് പ്രധാനമന്ത്രി. ശങ്കരനൊരാഗ്രഹം. സർക്കസിന്റെ ദൽഹിയിലെ ഉദ്ഘാടന പ്രദർശനത്തിന് നെഹ്‌റുവിനെ ക്ഷണിച്ചാലോ? അതിമോഹമല്ലേ എന്ന് പാർട്ടണർ സഹദേവന് സംശയം. പക്ഷേ, ശങ്കരൻ പിൻമാറിയില്ല. അദ്ദേഹം സഹദേവനൊപ്പം പോയി നെഹ്‌റുവിനെ ക്ഷണിച്ചു. മടിയൊന്നുമില്ലാതെ അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തു.
സർക്കസിനെ കുറിച്ച് നെഹ്‌റു കേട്ടിട്ടുണ്ട് എന്നല്ലാതെ മുമ്പ് കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ആവേശവും കൗതുകവും തുടിക്കുന്ന മനസ്സുമായാണ് അദ്ദേഹം ഉദ്ഘാടനച്ചടങ്ങിന് എത്തിയത്. കൂടെ മകൾ
ഇന്ദിരാ ഗാന്ധിയും സഹോദരി വിജയലക്ഷ്മി പണ്ഡിറ്റുമുണ്ട്. ഷോ, അക്ഷരാർഥത്തിൽ നെഹ്‌റുവിനെ അതിശയിപ്പിച്ചു. ട്രപ്പീസിലെ അപകടകരവും അത്ഭുതകരവുമായ മുഹൂർത്തങ്ങളിൽ പലപ്പോഴും തനിക്ക് ശ്വാസം പോലും നിലച്ചുപോകുന്നതായി തോന്നി എന്ന് നെഹ്‌റു ശങ്കരനോട് പറഞ്ഞു. തന്റെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരോടും സഹപ്രവർത്തകരോടും ജെമിനി സർക്കസ് ചെന്നു കാണാൻ നെഹ്‌റു അഭ്യർഥിച്ചു എന്നതും ശങ്കരൻ അഭിമാനത്തോടെ ഓർക്കുന്നു.
അമേരിക്കയിലെ കറുത്ത വർഗക്കാരുടെ നേതാവും കറകളഞ്ഞ ഗാന്ധി ഭക്തനുമായ മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ ഭാര്യ കെറേറ്റ സ്‌കോട് കിംഗിനൊപ്പം ജെമിനി സന്ദർശിക്കുകയുണ്ടായി. ഇന്ത്യയിലെത്തിയ അവരെ നിർബന്ധിച്ച് സർക്കസ് കാണാൻ പറഞ്ഞയച്ചതും നെഹ്‌റു തന്നെ. സർക്കസിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിൽ നിന്നെത്തി ജെമിനിയെ കുറിച്ച് ഏറ്റവും നല്ല അഭിപ്രായം പറഞ്ഞ ഒരാളെ ശങ്കരൻ ഇപ്പോഴും ആദരപൂർവം ഓർക്കുന്നു. മൗണ്ട് ബാറ്റൺ പ്രഭുവിന്റെ പത്‌നി എഡ്വിനയെ. ജെമിനിയിൽ അവരെത്തിയത് നെഹ്‌റുവിനൊപ്പമായിരുന്നു.
പ്രസിദ്ധരായ അനേകർ ജെമിനി സർക്കസ് സന്ദർശിച്ചിട്ടുണ്ട്. ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിൻ, ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയായ വാലന്റീന തെറഷ്‌കോവ, ചന്ദ്രനിൽ ആദ്യമിറങ്ങിയ നീൽ ആംസ്‌ട്രോംഗ്, റഷ്യൻ പ്രസിഡണ്ട് ക്രൂഷ്‌ചേവ്, സംബിയൻ പ്രസിഡണ്ട് കെന്നത്ത് കൗണ്ട, ഇന്ത്യൻ പ്രസിഡണ്ടുമാരായ രാജേന്ദ്രപ്രസാദ്, എസ്. രാധാകൃഷ്ണൻ, സാക്കിർ ഹുസൈൻ, പ്രധാനമന്ത്രിമാരായ ലാൽ ബഹാദൂർ ശാസ്ത്രി, മൊറാർജി ദേശായി, രാജീവ് ഗാന്ധി, ഇന്ത്യയുടെ ആദ്യ പ്രതിരോധ മന്ത്രി വി.കെ. കൃഷ്ണമേനോൻ, ദലൈലാമ, തമിഴ്‌നാട് മുഖ്യമന്ത്രിമാരായ കാമരാജ്, എം.ജി.ആർ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ടി. രാമറാവു, ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസു, സി. അച്യുതമേനോൻ, എ.കെ.ജി, ഇ.എം.എസ് നമ്പൂതിരിപ്പാട്, ഹിന്ദി സിനിമയിലെ ലെജന്റായ രാജ്കപൂർ (1970 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ സർക്കസ് സിനിമ മേരാ നാം ജോക്കർ ജെമിനി സർക്കസിലാണ് ഷൂട്ട് ചെയ്തത്) നർഗീസ്, കമലഹാസൻ (1989 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ അപൂർവ സഹോദരങ്ങൾ ജെമിനിയിലാണ് ചിത്രീകരിച്ചത്) തുടങ്ങി നിരവധി പേരുണ്ട് ആ നിരയിൽ കണ്ണി കോർക്കാൻ.
വി.കെ. കൃഷ്ണമേനോനുമായി ജെമിനി ശങ്കരൻ അടുത്ത ബന്ധം പുലർത്തിയിരുന്നു. ഒരിക്കൽ ജെമിനി സർക്കസിന് കളിക്കാൻ കൊൽക്കത്തയിലെ ഒരു ഗ്രൗണ്ടിന് സർക്കാർ അനുമതി നിഷേധിച്ചപ്പോൾ ശങ്കരൻ കോടതി കയറി. അന്ന് ശങ്കരന് വേണ്ടി വാദിക്കാൻ ഹൈക്കോടതിയിൽ എത്തിയത് വി.കെ. കൃഷ്ണ മേനോനായിരുന്നു. ഇന്ത്യാ ചരിത്രത്തിലെ അപൂർവങ്ങളിൽ അപൂർവമായ ആ സംഭവത്തിന് നിമിത്തമായത് അദ്ദേഹത്തിന് ശങ്കരനുമായുണ്ടായ ആഴത്തിലുള്ള അടുപ്പം മാത്രമായിരുന്നു.
1963 ലാണ് ഇന്റർനാഷണൽ സർക്കസ് ഫെസ്റ്റിവലിൽ പങ്കെടുക്കാനായി ജെമിനി സർക്കസ് റഷ്യയിൽ പോയത്. അതിനായി മുൻകൈ എടുത്ത തും സഹായങ്ങളെല്ലാം ചെയ്തതും നെഹ്‌റുവായിരുന്നു. ഔദ്യോഗിക ഇന്ത്യൻ പ്രതിനിധികളായിട്ടാണ് ശങ്കരന്റെ നേതൃത്വത്തിൽ ജെമിനി സർക്ക സ് സംഘം അന്ന് റഷ്യയിലെത്തിയതും മോസ്‌കോ, സൂചി, യാൾട്ട എന്നിവിടങ്ങളിൽ മൂന്നര മാസക്കാലം പര്യടനം നടത്തിയതും. നെഹ്‌റുവിന്റെ പ്രത്യേക താൽപര്യ പ്രകാരം അന്ന് സംഘത്തിലെ മുഴുവൻ കലാകാരന്മാർക്കും സർക്കാർ ഡിപ്ലോമാറ്റ് പാസ്‌പോർട്ടാണ് നൽകിയത്.
ഒരിക്കൽ ഉത്തരേന്ത്യയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ ജെമിനി സർക്കസ് ദൂരെ ഒരിടത്തേക്ക് മാറാനായി ആവശ്യമുള്ള വാഗണുകൾ ബുക്ക് ചെയ്ത് മൃഗങ്ങളും മറ്റു സാധനങ്ങളും എത്തിച്ച് കാത്തിരിക്കുകയായിരുന്നു. അവിടുത്തെ സ്റ്റേഷൻ മാസ്റ്റർ എന്തോ കാരണത്താൽ അവരെ അവഗണിച്ച് രണ്ടു ദിവസത്തേക്ക് വാഗണുകൾ നൽകാതെ കളിപ്പിച്ചു. മൃഗങ്ങളും പക്ഷികളും അവയ്‌ക്കൊപ്പം പോകേണ്ട ആളുകളും ആവശ്യത്തിന് വെള്ളവും ഭക്ഷണവും കിട്ടാതെ വലഞ്ഞു. സർക്കസിന്റെ പിആർഒ സ്റ്റേഷൻ മാസ്റ്ററോട് കേണപേക്ഷിച്ചിട്ടും അയാൾ കനിഞ്ഞില്ല. ശങ്കരൻ ഉടനെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് ഈ ദുരിതം വിശദീകരിച്ച് കമ്പിയടിച്ചു. മണിക്കൂറുകൾക്കകം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും പ്രശ്‌നം അടിയന്തരമായി പരിഹരിക്കാനുള്ള നിർദ്ദേശം റെയിൽവേ മന്ത്രാലയത്തിന് കിട്ടി. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്ക് കുതിച്ചെത്തി ശങ്കരനോട് ക്ഷമാപണം നടത്തുകയും സ്റ്റേഷൻ മാസ്റ്ററോട് കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നെ യുദ്ധകാലാടിസ്ഥാനത്തിൽ വാഗണുകളെത്തി ലോഡിംഗ് തുടങ്ങുകയായിരുന്നു.
ശങ്കരൻ ഇന്ത്യൻ സർക്കസ് ഫെഡറേഷന്റെ പ്രസിഡണ്ട് ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ അഭ്യർഥന മാനിച്ച് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി
സർക്കസിന് മേൽ സർക്കാർ ചുമത്തിയിരുന്ന വിനോദ നികുതി എടുത്തു കളയുകയുണ്ടായി. ഒരിക്കൽ ന്യൂദൽഹിയിൽ ജെമിനി സർക്കസ് കളിക്കാൻ തയ്യാറെടുക്കുന്ന സമയം. ഗ്രൗണ്ടിന് 12,000 രൂപയാണ് ന്യൂദൽഹി മുനിസിപ്പൽ കോർപറേഷൻ പ്രതിദിന വാടകയായിട്ടത്. സർക്കസിന് താങ്ങാനാവാത്ത വലിയൊരു തുകയാണത്. ശങ്കരൻ രാജീവ് ഗാന്ധിയെ കണ്ട് കാര്യം ബോധിപ്പിച്ചു. അദ്ദേഹമുടനെ വാടക 3000 രൂപയായി ചുരുക്കാൻ വേണ്ടപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
ഇതൊക്കെയാണെങ്കിലും ഇന്ന് ഇന്ത്യൻ സർക്കസ് വലിയ വെല്ലുവിളികളെ നേരിടുകയാണ് എന്നാണ് ജെമിനി ശങ്കരന്റെ അഭിപ്രായം. സർക്കസിൽ നിന്നും വന്യമൃഗങ്ങളെ അകറ്റിയത് വലിയ അടിയായി. സിനിമ-ടി.വി എന്നിവ ഉയർത്തുന്ന ഭീഷണി സർക്കസിനെത്തുന്ന കാണികളുടെ എണ്ണം വല്ലാതെ കുറച്ചു. എങ്കിലും അതൊന്നും അദ്ദേഹം കാര്യമാക്കുന്നില്ല. സർക്കസ് എക്കാലത്തും വെല്ലുവിളികളെ നേരിട്ടും അതിജീവിച്ചുമാണ് നിലനിന്നിട്ടുള്ളത്. അസാധാരണമായതു ചെയ്യുന്നതാണല്ലൊ സർക്കസ്! 70 വർഷത്തിലേറെയായി സർക്കസിനൊപ്പം ജീവിച്ച തനിക്ക് സർക്കസ് എന്ന കല തളരാതെ, തകരാതെ ഇനിയും നിലനിൽക്കണം എന്നു തെന്നയാണ് ആഗ്രഹമെന്ന് ജെമിനി ശങ്കരൻ പറഞ്ഞു നിർത്തുന്നു. സർക്കസിലെ സുപ്രസിദ്ധമായ ആ ആപ്തവാക്യം അദ്ദേഹത്തിന്റെ ചുണ്ടുകളിൽ മൃദുമന്ത്രണമായി...
ദി ഷോ മസ്റ്റ് ഗോ ഓൺ...