കോഴിക്കോട് - ഇന്ത്യൻ നാഷനൽ ലീഗിന് മന്ത്രിസഭയിൽ അംഗത്വം നൽകുന്ന തീരുമാനം ചരിത്രപരം തന്നെ. ഇടതു പക്ഷത്തിന്റെ ഭാവി രാഷ്ട്രീയത്തിന്റെ സൂചന കൂടി നൽകുന്നതാണ് ഈ തീരുമാനം. ഐ.എൻ.എല്ലിനാകട്ടെ 27 വർഷത്തെ ത്യാഗത്തിനുള്ള ഫലവും. ഇടതുമുന്നണിയുടെ ഭാഗമാകാമെന്ന ധാരണയോടെയാണ് ഐ.എൻ.എൽ രൂപീകൃതമായതെങ്കിലും കാൽ നൂറ്റാണ്ടു കാലം മുന്നണിയുടെ വരാന്തയിൽ ചിലപ്പോൾ ആട്ടും തുപ്പുമേറ്റ് തന്നെ കിടക്കേണ്ടി വന്നു. സ്ഥാപക നേതാക്കളായ ഇബ്രാഹിം സുലൈമാൻ സേട്ടും മറ്റും ജീവിച്ചിരുന്ന കാലത്തു തന്നെ നാഷനൽ ലീഗിനെ ഇടതു മുന്നണി സ്വീകരിച്ചിരുന്നുവെങ്കിൽ ആ പാർട്ടിയുടെ ചിത്രം ഇതാകുമായിരുന്നില്ല.
മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റായിരുന്ന സുലൈമാൻ സേട്ടിനൊപ്പം ഇന്ത്യൻ നാഷനൽ ലീഗിൽ അണിചേരാൻ പ്രമുഖ നേതാക്കൾ ഉണ്ടായിരുന്നു. മുൻ മന്ത്രിമാരായിരുന്ന പി.എം. അബൂബക്കർ, യു.എ. ബീരാൻ, പ്രമുഖ നേതാവ് സി.കെ.പി. ചെറിയ മമ്മുക്കേയി, മുൻ എം.എൽ.എ എം.ജെ. സകരിയ്യ സേട്ട് തുടങ്ങിയ നേതാക്കൾ ജീവിച്ചിരുന്നപ്പോൾ നാഷനൽ ലീഗിന് മുന്നണിയിൽ പ്രവേശനം കിട്ടിയില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഐ.എൻ.എല്ലിന് സ്വാധീനമുള്ള കേന്ദ്രങ്ങളിൽ ധാരണക്ക് ഇടതു മുന്നണി തയ്യാർ. നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണി സഹായിക്കുന്ന സ്ഥാനാർഥികളെന്ന നിലയിൽ മൂന്നോ നാലോ സീറ്റുകൾ. മിക്കവയും വിജയ സാധ്യത ഇല്ലാത്തത്. ഇതായിരുന്നു നാഷനൽ ലീഗിന് ഇടതുമുന്നണി നൽകിയ സ്ഥാനം.
വി.എസ്. അച്യുതാനന്ദനായിരുന്നു ഐ.എൻ.എല്ലിന് ഇടതുമുന്നണിയിൽ സ്ഥാനം നൽകുന്നതിനെ പ്രധാനമായും എതിർത്തത്. മുസ്‌ലിം ലീഗിനെതിരെ താൻ എടുക്കുന്ന നിലപാടിന് സാധൂകരണം കണ്ടെത്താൻ ഐ.എൻ.എല്ലിനെയും എതിർത്തുപോന്നു. പിണറായി വിജയൻ വിഭാഗവുമായുള്ള പോരാട്ടത്തിന്റെ ഭാഗം കൂടിയായിരുന്നു ഈ നിലപാട്. 2006 ൽ ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം കോഴിക്കോട് രണ്ടിൽ (ഇപ്പോഴത്തെ കോഴിക്കോട് സൗത്ത്) നിന്ന് ജയിച്ചുവെങ്കിലും മന്ത്രിസഭയിലേക്ക് പരിഗണിച്ചില്ല. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം 2010 ലെ പഞ്ചായത്ത് തെരഞ്ഞടുപ്പിൽ മുസ്‌ലിം ലീഗുമായി സഖ്യമുണ്ടാക്കുകയും തുടർച്ചയെന്നോണം ലീഗിൽ ലയിക്കുകയും ചെയ്തു. ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ മക്കൾ അടക്കം പി.എം.എ. സലാമിന്റെ കൂടെ ലീഗിൽ എത്തി. ഇടതുമുന്നണിയിൽനിന്ന് മാന്യമായ പരിഗണന കിട്ടിയില്ലെന്നതായിരുന്നു ഈ മാറ്റത്തിന് കാരണം. അന്ന് ലീഗിലെത്തിയ എൻ.എ. നെല്ലിക്കുന്ന് കാസർക്കോട്ടുനിന്നുള്ള എം.എൽ.എ.യാണ്. മുസ്‌ലിം ലീഗിൽനിന്ന് പിളർന്ന അഖിലേന്ത്യാ മുസ്‌ലിം ലീഗ് 1974 മുതൽ 1984 വരെ ഇടതുമുന്നണിയുടെ ഭാഗമായിരുന്നു. 1980 ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ അഖിലേന്ത്യാ ലീഗിലെ പി.എം. അബൂബക്കർ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്നു. പി.എം. അബൂബക്കർ പ്രതിനിധാനം ചെയ്തത് കോഴിക്കോട് രണ്ടിനെയായിരുന്നു.
അഖിലേന്ത്യാ ലീഗിന് അഞ്ചു വരെ എം.എൽ.എമാരുമുണ്ടായിരുന്നു. 1984 ൽ മുസ്‌ലിം വ്യക്തിനിയമത്തിനെതിരായ സി.പി.എം. നിലപാടിൽ പ്രതിഷേധിച്ച് മുന്നണി വിട്ട അഖിലേന്ത്യാ ലീഗ് മാതൃസംഘടനയിൽ ലയിക്കുകയാണുണ്ടായത്.
കേരള കോൺഗ്രസ്, മുസ്‌ലിം ലീഗ് തുടങ്ങിയ സാമുദായിക കക്ഷികളുമായി സഖ്യത്തിനില്ലെന്ന നിലപാട് 1987 ൽ സി.പി.എം സ്വീകരിച്ചെങ്കിലും കേരള കോൺഗ്രസിനെ വൈകാതെ മുന്നണിയിലെടുത്തു. അപ്പോഴും ലീഗിനുള്ള അയിത്തം തുടർന്നു. നാഷനൽ ലീഗ് രൂപവൽക്കരിച്ച ഘട്ടത്തിൽ പേര് സ്വീകരിച്ചതു പോലും ഇടതുമുന്നണിയിലെ പ്രവേശനത്തിന് തടസ്സമാകാത്ത നിലയിലായിരുന്നു.
മുസ്‌ലിം ലീഗിൽ സജീവ പ്രവർത്തകരായിരുന്ന പലരും പല ഘട്ടങ്ങളിലായി മാതൃസംഘടനയിലേക്ക് തിരിച്ചുപോവുകയും ലീഗിനോട് കടുത്ത വിരോധമുള്ളവരും ലീഗിൽ നേരത്തെ പ്രവർത്തിച്ചിട്ടില്ലാത്തവരുമായി നാഷനൽ ലീഗ് ഏതാണ്ട് മാറിക്കഴിഞ്ഞ ശേഷമാണ് പാർട്ടിക്ക് ഇടതു മുന്നണിയിൽ അംഗീകാരം ലഭിക്കുന്നത്. ഇപ്പോൾ മന്ത്രി പദവിയിലേക്ക് വരുന്ന അഹമ്മദ് ദേവർ കോവിലാകട്ടെ മുസ്‌ലിം ലീഗിൽ സജീവമായി പ്രവർത്തിച്ചിരുന്നയാളാണ്. സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൽ വഹാബിനെയാണ് 2016 ൽ കോഴിക്കോട് സൗത്തിൽ മത്സരിപ്പിച്ചത്. അന്ന് 6000 ലേറെ വോട്ടിന് തോറ്റു. അഹമ്മദ് 12,000 ൽ പരം വോട്ടിന് ജയിക്കുകയും മന്ത്രിയാവുകയും ചെയ്തുവെന്നത് ചരിത്ര നിയോഗമാണ്.
മുസ്‌ലിം സമുദായവുമായി സംവദിക്കാൻ സാമുദായിക സംഘടനകളെ ആശ്രയിക്കേണ്ടതില്ലെന്ന നിലപാടാണ് നേരത്തെ സി.പി.എം സ്വീകരിച്ചത്. പാർട്ടി നേരിട്ട് ബന്ധം സ്ഥാപിക്കണം എന്നതായിരുന്നു നയം. സാമുദായിക പാർട്ടികളെ ആശ്രയിച്ചാൽ അവർ പുതിയ സമ്മർദ ശക്തികളായി മാറുമെന്നും നിലപാടെടുത്തു. അതനുസരിച്ചാണ് ഐ.എൻ.എല്ലിന് മുന്നണിയിൽ പ്രവേശനം നൽകാതിരുന്നത്. ഭാവിയിൽ ഇടതു മുന്നണിയുമായി കൂടുതൽ അടുത്തു നിൽക്കാൻ സാധ്യതയുള്ള സമുദായമായി മുസ്‌ലിംകളെ സി.പി.എം കാണുന്നു. യു.ഡി.എഫ് ക്ഷയിക്കുകയും സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രവർത്തനം ശക്തിപ്പെടുകയും ചെയ്യുന്നതിനനുസരിച്ച് ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ച് മുസ്‌ലിംകൾ സി.പി.എമ്മിനോട് അടുക്കുമെന്നും അവർക്കിടയിലേക്ക് ഇറങ്ങാൻ കൂടുതൽ പാലങ്ങൾ ആവശ്യമെന്നുമുള്ള വിലയിരുത്തലാണ് ഐ.എൻ.എല്ലിനുള്ള അംഗീകാരത്തിൽ പ്രകടമാകുന്നത്.
മുസ്‌ലിം ലീഗിൽ നിന്നുള്ള അസംതൃപ്തരെ സ്വീകരിക്കാൻ നാഷനൽ ലീഗിന് കഴിയുമെന്ന പ്രതീക്ഷയുണ്ട്. മലപ്പുറം ജില്ലയിൽനിന്നു തന്നെ മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്, മുൻ എം.എൽ.എ അഡ്വ. എം. ഉമ്മർ തുടങ്ങിയവർ പരസ്യമായി നേതൃത്വത്തെ വിമർശിച്ചിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പുത്രൻ മുഈനലി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനെതിരെ രംഗത്തുവന്നു. അബ്ദുറബ്ബിന്റെയും ഉമ്മറിന്റെതും സ്ഥാനം നഷ്ടപ്പെട്ട കെറുവാണെന്ന് വന്നാൽ പോലും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിക്കാൻ മുന്നോട്ടുവന്നത് ശ്രദ്ധേയമാണ്. മുസ്‌ലിം ലീഗുമായി ബന്ധപ്പെട്ട മത സംഘടനകളിൽനിന്നും ഉയർന്ന വിമത സ്വരങ്ങൾക്ക് കൂടുതൽ ശക്തി കൈവരാം.