നമ്മുടെ തെരഞ്ഞെടുപ്പ് ഓരോന്നും കടന്നു പോകുന്നത് നമ്മുടെ ഏറ്റവും പഴക്കമുള്ള പാർട്ടിയുടെ പ്രസക്തിയിൽ വരുന്ന കുറവ് അടയാളപ്പെടുത്തിക്കൊണ്ടാകുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ആദ്യത്തേതു മുതൽ കഴിഞ്ഞ മാസത്തേതു വരെ എല്ലാറ്റിലും ആ രാഷ്ട്രീയപരിണാമം നീണ്ടുപോകുന്നു. ഇന്ദിരാഗാന്ധി പാക്കിസ്ഥാനെ അടിയറവു പറയിപ്പിച്ച ശേഷവും അവരുടെ വധത്തിനു ശേഷവും നടന്ന തെരഞ്ഞെടുപ്പുകളിൽ മാത്രമേ ജനം കോൺഗ്രസിനെ നെഞ്ചേറ്റിയതായി അനുഭവപ്പെട്ടുള്ളു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്നു സംസ്ഥാനങ്ങളിൽ ആ പ്രസക്തിയുടെ ഊനം വീണ്ടും തെളിഞ്ഞു കണ്ടു.
ടാഗോറും സത്യജിത് റായും കോൺഗ്രസുമായാൽ ഒരു കാലത്ത് ബംഗാളിൽ എല്ലാമായിരുന്നു. കമ്യൂണിസത്തിന്റെ പൊടി പോലും ഉണ്ടായിരുന്നില്ല. വൈദ്യവും രാഷ്ട്രീയവും കുഴമ്പാക്കിക്കൊടുത്തിരുന്ന ഡോക്ടർ ബി. സി റോയിയെ പാവപ്പെട്ട പുരുഷാരത്തിനു വിശ്വാസമായിരുന്നു. അദ്ദേഹത്തിന്റെ കാലം കഴിയും മുമ്പേ തന്നെ കോൺഗ്രസിന്റെ ഗ്രഹപ്പിഴ തുടങ്ങി. പി. സി സെന്നും അതുല്യഘോഷും തമ്മിലുള്ള അങ്കം ഇന്ത്യൻ വിപ്ലവത്തിന്റെ വഴി വെട്ടുമെന്ന് ആദ്യമാദ്യം സഖാക്കൾ പോലും കരുതിയില്ല. പിന്നെ പത്തു മുപ്പതുകൊല്ലം നീണ്ട രക്തദശയായിരുന്നു. അതവസാനിപ്പിക്കാൻ കോൺഗ്രസിൽ നിന്നു പുറത്തായ ഒരു ഈറ്റപ്പുലിക്കേ കഴിഞ്ഞുള്ളു. ആഡംബരമില്ലാത്ത വേഷവും ആക്രോശത്തിന്റെ ഭാഷയുമായി വന്ന മമതയെ ഒതുക്കുന്ന തിരക്കിലായിരുന്നു. ഒതുങ്ങിയതോ അവർ തന്നെത്തന്നെയും.
ഒരു കാലത്ത് ഇന്ത്യയെ മുഴുവൻ ഒരു വാക്കു കൊണ്ടു നയിക്കാമെന്നു ശഠിച്ച ഒരാളുണ്ടായിരുന്നു - കാമരാജ് നാടാർ. കാമരാജ് 'പാക്കലാം' എന്നു പറഞ്ഞാൽ പാത്തതു തന്നെ. നെഹ്‌റുവിനെ അദ്ദേഹത്തിന്റെ മന്ത്രിമാരിൽനിന്നു രക്ഷിക്കാൻ അദ്ദേഹം ഇറക്കിയ വിദ്യയായിരുന്നു കാമരാജ് പ്ലാൻ. കുറെ കേമന്മാരെ പാർട്ടിപ്പണിക്കയച്ചു, അത്ര തന്നെ. അധികാരത്തിൽനിന്നു പോയാൽ പാർട്ടിപ്പണിയായി എന്ന് ആളുകളെ ധരിപ്പിച്ചു. പുറത്തായവർക്ക് പക ഇരട്ടിയായി. എന്നാലും കാമരാജിന്റെ 'പാക്കലാം' എല്ലാവരെയും ഏറെ നാൾ അടക്കിയൊതുക്കി. ആ അടയാളവാക്യം അദ്ദേഹം ആദ്യമായി മറന്നു പോയ അവസരമായിരുന്നു 1967 ലെ തെരഞ്ഞെടുപ്പ്. കാമരാജിനെ ഒരു കോളേജ് കുമാരൻ തോൽപിച്ചു-
മെട്രോമാൻ ശ്രീധരനെ ഷാഫി വീഴ്ത്തിയതുപോലെ. കാമരാജ് മാത്രമല്ല മുഖ്യനായിരുന്ന ഭക്തവൽസലവും പൊട്ടിപ്പോയി. അന്നു പിരണ്ടു വീണ തമിഴ് കോൺഗ്രസ് കറുപ്പയ്യ മൂപ്പനാരുടെ കേമത്തം കൊണ്ടൊന്നും പച്ച പിടിക്കാവുന്ന പരുവത്തിലായിരുന്നില്ല. വിരോധാഭാസം നോക്കൂ, തന്റെ പാർട്ടിക്കെതിരെ മൂപ്പനാരും കൈ ഉയർത്തി. ആവുന്നവരെയെല്ലാം ഒപ്പം നിർത്താൻ നോക്കിയ കോൺഗ്രസ് 2021 ആകുമ്പോഴേക്കും തുണ പോയ തത്തയെപ്പോലെയായിരുന്നു.
രണ്ടാമത്തെ തെരഞ്ഞെടുപ്പിൽ തന്നെ കോൺഗ്രസിന്റെ പരാജയസാധ്യത തെളിയിച്ച സംസ്ഥാനമാണ് കേരളം. കോൺഗ്രസിനുള്ളിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്ന ഗർഭമന്ത്രം ഉരുവിട്ടു വളർന്ന കമ്യൂണിസ്റ്റ് പാർട്ടി 1957 ൽ കോൺഗ്രസിനെ തോൽപിച്ചു. പത്തുകൊല്ലം കഴിഞ്ഞപ്പോൾ കോൺഗ്രസിനെ തോൽപിക്കാൻ ചെകുത്താനുമായും കൂട്ടുകൂടും എന്നായി മുദ്രാവാക്യം. ആ കൂട്ടുകെട്ടുകൊണ്ട് ഉദ്ദേശിച്ച ഫലമല്ല കിട്ടിയതെങ്കിലും കോൺഗ്രസിന്റെ കരുത്ത് ചോർന്നു പോയി. വലതു വർഗീയതയുടെ വാഹനം എന്ന് കമ്യൂണിസ്റ്റുകാർ പരിഹസിച്ചു നടന്നിരുന്ന ബി. ജെ. പിയിലേക്ക് കോൺഗ്രസിന്റെ പിന്നണിപ്പട കൂറു മാറിയോ എന്നു സംശയം വേണ്ട. പരസ്പരം വെച്ചു മാറാവുന്നവരാണ് കോൺഗ്രസും ബി. ജെ. പിയും എന്നുവരികിൽ എന്തിനു കോൺഗ്രസ് എന്നു നിർബന്ധം എന്നു പല ത്രിവർണഹൃദയങ്ങളിലും ചോദ്യം അടയിരുന്നു. പിണറായി വിജയൻ ആവർത്തിച്ചുകൊണ്ടിരിക്കുന്ന വോട്ടു കച്ചവടം ശരിക്കും നടക്കാൻ അൽപം കൂടിയേ കാത്തിരിക്കേണ്ടൂ. അങ്ങനെ ഒരു കച്ചവടത്തിൽ ആത്യന്തികമായി കമ്യൂണിസ്റ്റുകാർ ജയിച്ചെന്നു വരില്ല. കോൺഗ്രസിന് പരാജയം നുണഞ്ഞിറങ്ങുകയുമാവാം.
ഇന്ത്യയെപ്പോലെ ബൃഹത്താണ്, പ്രപഞ്ചസന്നിഭമാണ് കോൺഗ്രസ് എന്നു പറയാം. ഇന്ത്യയുടെ വൈവിധ്യവും വൈരുധ്യവും അന്ധതകളും ഉൾക്കാഴ്ചകളും കോൺഗ്രസിന്റെ വൈകാരിക പൈതൃകമാകുന്നു. കോൺഗ്രസിന് ഉൾക്കൊള്ളാൻ കഴിയാത്ത കലഹപ്രിയരായ ഉൾച്ചേരികളില്ല. ദേശീയതലത്തിലും അതത്രേ വാസ്തവം. കേരളത്തിൽ വക്കീൽമാരുടെ ഞായറാഴ്ചക്ലബ്ബ്് പോലെ പ്രവർത്തിച്ചിരുന്ന പാർട്ടിയെ സമരോത്സുകമായ പ്രസ്ഥാനമാക്കിയെടുത്തവരിൽ മുമ്പനായിരുന്നു അബ്ദുറഹിമാൻ സാഹിബ്. ആഭ്യന്തരകലഹം കാരണമാവണം, ചില നിർണായകഘട്ടങ്ങളിൽ അദ്ദേഹം പിന്തിരിഞ്ഞു നിന്നു. യെമനിൽനിന്നു വന്ന് നാട്ടുകാർക്കിടയിൽ സ്പർധയും ഹിംസയും പ്രോത്സാഹിപ്പിക്കാൻ കാരണക്കാരനെന്നു പറഞ്ഞ് ഫസൽ തങ്ങൾ എന്ന പുരോഹിതനെ തിരിച്ചയക്കാൻ കലക്ടർ കനോലി സമ്മർദ്ദം ചെലുത്തി. ആ തങ്ങളുടെ സന്താനങ്ങളെ തേടിപ്പിടിച്ച് കൊണ്ടുവന്ന് ആദരിക്കണം എന്നുവരെ വാദിച്ചു അബ്ദുറഹിമാൻ സാഹിബ്. ആ കടുംപിടുത്തത്തിൽ കോൺഗ്രസിലെ പടലപ്പിണക്കങ്ങളുടെ സ്വാധീനം കാണാം.
ദേശീയവാദികളെന്നോ പ്രാദേശിക വാദികളെന്നോ, ന്യൂനപക്ഷതാൽപര്യങ്ങൾക്ക് തർപ്പണം ചെയ്യുന്നവരെന്നോ ന്യൂനപക്ഷത്തെ സദാ സംശയിക്കുന്നവരെന്നോ കോൺഗ്രസുകാരെ അപ്പപ്പോൾ മാറി മാറി വിളിച്ചു. ആ വീക്ഷണവിശേഷം രൂക്ഷമായപ്പോഴൊക്കെ പാർട്ടി കഷ്ടപ്പെട്ടു. അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു വന്ന സുഭാഷ് ചന്ദ്രബോസിനെ രാജി വെപ്പിച്ചപ്പോഴും നേതാവായി ജയിച്ചു വന്ന വല്ലഭായ് പട്ടേലിനെക്കൊണ്ട് നെഹ്രുവിനുവേണ്ടി വഴി മാറ്റിയപ്പോഴും കോൺഗ്രസ് അനുഭവിച്ച ആത്മസംഘർഷം എവിടേക്കെല്ലാമോ പാർട്ടിയെ നീക്കാമായിരുന്നു.
കേരളത്തിലെ ചേരിപ്പോരിനെപ്പറ്റി പറഞ്ഞാൽ തീരില്ല. അബ്ദുറഹിമാനും അല്ലാത്തവരും തമ്മിൽ അന്നേ പോര് ആയിരുന്നു. പയ്യന്നൂർ സത്യഗ്രഹത്തിൽ പങ്കെടുത്തവരും അതുകൊണ്ട് മലബാറിന് ഒന്നും നേടാനില്ല എന്നു ശഠിച്ചവരും ചേരി തിരിഞ്ഞ് കൊത്തുകയായിരുന്നു. ചിലപ്പോൾ അവർ കുത്തി. പിന്നെ ഓരോരുത്തരുടെ പേരു ചേർത്തുകൊണ്ടുള്ള ചേരികൾ പത്തി വിടർത്തിയാടി. ലോക കമ്യൂണിസം എങ്ങനെ കേരളക്കരയിൽ ബാലറ്റ് വിപ്ലവം കൊണ്ടാടി എന്ന പ്രഹേളികക്കും ആ നിഴൽക്കൂത്തിൽ ഉത്തരം തേടാം.
കോൺഗ്രസിന്റെ ഏറ്റവും വലിയ കേരള പരാജയം 1967 ലേതാണെന്നു തോന്നുന്നു. 'ചെകുത്താനെ കൂട്ടി'നെടുത്ത് പടക്കിറങ്ങിയ ഇ. എം. എസ് നമ്പൂതിരിപ്പാടിനെ നേരിടാൻ രണ്ടക്കം തികയാത്ത അംഗസംഖ്യ പിൻബലമുള്ള കെ. കരുണാകരൻ ആയിരുന്നു. ഒമ്പതു സീറ്റിൽ തുടങ്ങിയ അദ്ദേഹം മൂന്നക്കത്തിനും മീതെ എത്തിച്ചു പാർട്ടിയെ. അന്നൊക്കെ തോൽവിക്ക് ഒരു മറുപുറമുണ്ടായിരുന്നു, കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം. ഒരു വശത്ത് പരാജയം വന്നാൽ താമസിയാതെ മറുവശത്ത് വിജയം വരും. കമ്യൂണിസ്റ്റ് അല്ലെങ്കിൽ കോൺഗ്രസ് അല്ലെങ്കിൽ കമ്യൂണിസ്റ്റ്. അതായിരുന്നു കോൺഗ്രസിന്റെ പ്രസക്തി. അത്, ഇടവപ്പാതി പാതി പാതിയായി, എന്ന അയ്യപ്പപ്പണിക്കരുടെ കവിതയിലെന്ന പോലെ, മുറിഞ്ഞു മുറിഞ്ഞു മുറിഞ്ഞി ല്ലാതായിരിക്കുന്നു. കമ്യൂണിസ്റ്റ് അല്ലെങ്കിൽ കോൺഗ്രസ് എന്നു പറയാനുള്ള തീർച്ച പൊയ്‌പ്പോയതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മുഖ്യ പരിണാമം.
അത് കാലേക്കൂട്ടി കണ്ടറിഞ്ഞോ എന്തോ, കുഞ്ഞാലിക്കുട്ടി ദൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കളം മാറ്റിച്ചവിട്ടി. അവസാനത്തെ വോട്ടെണ്ണുമ്പോൾ ഐക്യജനാധിപത്യമുന്നണി ജയിക്കുക, കോൺഗ്രസിനെ തള്ളി ലീഗ് ഒന്നാം സ്ഥാനത്തേക്കു കയറുക- എന്തായിരിക്കും അപ്പോഴത്തെ പുകിൽ? എന്താകുമായിരുന്നു എന്നു തിരുത്തി പറയണം. ഒന്നും കാണാതെയാവില്ല വെറും എം. എൽ.എ ആയി ചടഞ്ഞിരിക്കാനുള്ള കുഞ്ഞാലിക്കുട്ടി സാഹിബിന്റെ തീരുമാനം. പക്ഷേ കോൺഗ്രസിന്റെ തോൽവി ഒരനിവാര്യത പോലെ സംഭവിച്ചെങ്കിലും കുഞ്ഞാലിക്കുട്ടി കണക്കു കൂട്ടിയ സീറ്റൊന്നും കിട്ടിയില്ല. പക്ഷേ കോൺഗ്രസിനെ കരകയറ്റാൻ വല്ല പാതാളക്കരണ്ടിയും കരുതലുണ്ടോ എന്ന് അന്വേഷിക്കണം.
പരാജയത്തോടുള്ള ഓരോരുത്തരുടെ പ്രതികരണം രസകരമായിരിക്കുന്നു. ജനവിധി അംഗീകരിക്കുന്നുവെന്ന് ചെന്നിത്തല. ഉത്തരവാദിത്തം ഏൽക്കുന്നുവെന്ന് ചാണ്ടി. നേതൃത്വം മാറണമെന്ന് യുവവൃദ്ധന്മാർ. അപമാനിച്ച് പുറന്തള്ളാനാണ് നീക്കമെന്ന് മുല്ലപ്പള്ളി. താൻ എന്തിനും തയ്യാറാണെന്ന് സുധാകരൻ. നേതൃത്വത്തിന്റെ പിഴവും പരസ്യമത്സരവുമാണ് തോൽ വിക്കു നിദാനമെന്ന് അമ്മ, പിന്നെ മകൻ. ആ പരാജയപ്പെട്ട നേതൃത്വത്തിന്റെ നെടുനായകത്വമാണോ താനും മകനും വഹിക്കുന്നത് എന്നു മാത്രം അമ്മ പറഞ്ഞില്ല.
കോൺഗ്രസിനു ബദൽ ഇല്ല എന്നായിരുന്നു ഒരിടക്ക് മുദ്രാവാക്യം. പിന്നെ പിരിഞ്ഞു പോയവരെ കോൺഗ്രസ് സംസ്‌കാരം ഉയർത്തി തിരിച്ചുകൊണ്ടുവരാനായി ശ്രമം. പക്ഷേ കോൺഗ്രസുകാരനല്ലാത്തയാൾ പ്രധാനമന്ത്രിയായി. വീണ്ടും വീണ്ടും. കേരളത്തിൽ കോൺഗ്രസുകാരനോ കമ്യൂണിസ്റ്റോ അല്ലാത്തയാൾ മുഖ്യനാവില്ല എന്ന ധാരണ പൊളിച്ചെഴുതി. അടുത്ത ഘട്ടത്തിൽ അങ്ങനെയൊരാളുടെ ഊഴം എട്ടാഴ്ചയിൽ ഒതുങ്ങണമെന്നില്ല.
അപ്പോഴും ഹൈക്കമാൻഡിന് തല്ലാൻ വല്ല കല്ലും കാണും. ജനവിധി മാനിക്കും. പരിശോധിക്കും, പുനരുജ്ജീവനത്തിനു ശ്രമിക്കും. ഇത്ര കൂടി ചേർക്കാം. അണികൾക്ക് നേതൃത്വത്തെയോ പാർട്ടിയെയോ വേണ്ടെന്നു വരുമ്പോൾ എന്തു ചെയ്യണമെന്ന് ആലോചിക്കും.