Sorry, you need to enable JavaScript to visit this website.

വ്യത്യസ്തരായ മന്ത്രിമാർ, നേതാക്കൾ

'വ്യത്യസ്തനാമൊരു ബാർബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല' എന്നു പറഞ്ഞതുപോലെയാണ് നമ്മുടെ ഒരേയൊരു കേന്ദ്രമന്ത്രി കൂടിയായ വി. മുരളീധരന്റെ അവസ്ഥ. അദ്ദേഹം കേന്ദ്രത്തിൽ ഒരു മന്ത്രിയാണെന്ന കാര്യം തന്നെ നാട്ടുകാർ ഓർക്കുന്നത് ചില നേരങ്ങളിലെ പ്രസ്താവനകളിലൂടെയത്രേ! ന്യായമായും അദ്ദേഹം ഒരു 'പാർട്ട് ടൈം' മന്ത്രിയാണോ എന്നും സംശയിക്കാം. ഒരു കൊല്ലത്തിനിടയിൽ ഇവിടെ, ഏറ്റവുമധികം സംസ്ഥാന സഞ്ചാരം നടത്തിയ മന്ത്രി മുരളീധർജി ആണെങ്കിലും, അതുകൊണ്ട് ആർക്കെന്തു പ്രയോജനം എന്ന ചോദ്യം അവശേഷിക്കുന്നു. തെരഞ്ഞെടുപ്പിൽ കടകംപള്ളി സുരേന്ദ്രനു പ്രയോജനമുണ്ടായി എന്നതു സത്യം തന്നെ. സംസ്ഥാന മന്ത്രിമാർ പോലും യാത്രയിൽ പിന്നിലായിപ്പോകും. അവർക്കു സെക്രട്ടറിയേറ്റിൽ പിടിപ്പതു പണിയുണ്ട്. മുരളീധരന് ദില്ലിയിൽ പണി കുറവായതുകൊണ്ട് കേരളത്തിൽ കറങ്ങി നടക്കുന്നു. ഇതിനിടയിലും ശൗര്യം കാട്ടാൻ മടിക്കുന്നുമില്ല. ഒരു പത്രസമ്മേളനം ഈയിടെ നടത്തിയതോടെയാണ് കാര്യം വ്യക്തമായത്. പ്രമുഖ ചാനലിന്റെ ലേഖകനു മാത്രം അതിൽ പ്രവേശനമില്ല. 'കാര്യം നിസ്സാര'മായിരുന്നു. ബംഗാളിലെ ഇലക്ഷൻ കൊലപാതകങ്ങളെക്കുറിച്ചു നിങ്ങൾ മിണ്ടുന്നില്ലല്ലോ'- എന്നു ചാനലിന്റെ ഓഫീസിൽ ഏതോ അജ്ഞാനി വിളിച്ചു ചോദിച്ചു. 'മിണ്ടാൻ മനസ്സില്ല' എന്നും തികച്ചും ന്യായമായ മറുപടി. ഫീമെയിൽ വോയ്‌സാണ്. വീണ്ടും ചോദിച്ചാൽ, പല വകുപ്പുകളുണ്ട്. സ്ത്രീ പീഡനത്തിനു കേസെടുക്കാൻ. എന്നിട്ടും അരിശം തീരാഞ്ഞിട്ടാണ് ചാനലുകാരനെ ദില്ലി പത്രസമ്മേളനത്തിൽ പുറത്തുനിർത്തിയത്. ഓൻ പാഠം പഠിക്കണം. ആദ്യം മമതാദീദിക്കെതിരെ നാലു റിപ്പോർട്ടും അഞ്ചു മുദ്രാവാക്യങ്ങളും കാച്ചിവിടട്ടെ; പിന്നെയാകാം രംഗപ്രവേശം. അതിനുള്ള സമാധാനം മന്ത്രി കണ്ടെത്തി: - താൻ ഒരു കേന്ദ്രമന്ത്രിയാണെങ്കിലും കേരള ഘടകത്തിൻ കീഴിലാണ് അത്താഴം പതിവ്. അവർക്കു വേണ്ടാത്ത ചാനലിനെ തനിക്കും വേണ്ട. മറുകുറി കൊടുക്കാൻ മുരളീധരൻ പണ്ടേ വിദഗ്്്ധനാണല്ലോ. ഇന്ധന വില വർധനവുമായി അങ്ങോട്ടു ചെല്ലുന്ന ഭാഗ്യദോഷിക്കു കിട്ടുന്ന മറുപടിയോ?
അന്താരാഷ്ട്ര വിപണിയിൽ നാലു പൈസ വില കുറയുമ്പോൾ നമ്മുടെ രാജ്യത്ത് മൂന്നു പൈസ കൂടുന്നു. അതാണ് സിംപിൾ മാത്തമാറ്റിക്‌സ്. പാവപ്പെട്ട ഇന്ധനക്കമ്പനികൾക്കും ജീവിക്കണം. തിരുവനന്തപുരത്ത് പെട്രോൾ വില 94 രൂപ കടന്നപ്പോൾ അദ്ദേഹം വായു മാർഗം ദില്ലിക്കു കടന്നിരിക്കുമെന്നു കരുതിയവർക്കും തെറ്റി. പത്രമെടുത്തു നിവർത്തിപ്പിടിച്ചാണ് മറുപടി- ഒന്ന്- മധ്യപ്രദേശിൽ ഞങ്ങളാണ് ഭരിക്കുന്നത്. അവിടെ 104 രൂപയാണ് പെട്രോൾ വില. രണ്ട്- അതിൽ നിന്നുതന്നെ ഞങ്ങൾ പിണറായി ഭരണത്തെ അട്ടിമറിക്കാനല്ല കേന്ദ്രം ഭരിക്കുന്നതെന്നു തെളിഞ്ഞില്ലേ? ചോദ്യകർത്താക്കൾ ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ തലകുനിച്ചു ലജ്ജയോടെ സ്ഥലം കാലിയാക്കും. മന്ത്രിയോ,  ആ ദിനപത്രമെടുത്ത് ഉടുമുണ്ടിനു പുറത്തുചുറ്റി തലയയുർത്തി തന്നെ കടന്നുപോകും. ഒരു മന്ത്രി അങ്ങനെയാകണം.
****                                        ****                     ---- ---       ****
മൂളലും മുരങ്ങലും അമറലും തുടങ്ങി വൈവിധ്യമാർന്ന സ്വരമഞ്്്ജരികളാൽ സമ്പന്നമാണ് ഇന്ദിരാഭവന്റെ പരിസരം. പോലീസുകാർ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് കത്തിച്ചു പ്രതികളെ പ്രതീക്ഷയോടെ കാത്തുനിൽക്കുന്നതുപോലെ ചില 'പോസു'കൾ കാണാം. ഭവന്റെ തിരുമുറ്റത്തും പാതവക്കിലും. നാട്ടിൻ പുറത്തുകാർ ഇത്തരം സന്ദർഭങ്ങളെ 'പശുവിന്റെ പേറെടുക്കാൻ' നിൽക്കുന്നതുപോലെ എന്നു വിശേഷിപ്പിക്കാറുണ്ട്. ഭാഗ്യത്തിന് ഇന്ദിരാഭവനിൽ നാട്ടുമ്പുറത്തുകാരില്ല; നാട്ടുമ്പുറത്തു കോൺഗ്രസുമില്ല. (സംശയാലുക്കൾക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പു ഫലങ്ങൾ നോക്കാം).
കപ്പൽ മുങ്ങിത്താഴുമ്പോഴും ധീരതയുള്ള കപ്പിത്താൻ എന്തു ചെയ്യുമോ അതുതന്നെ മുല്ലപ്പള്ളി ചെയ്യുന്നു. 'ചോമ്പാല ഗാന്ധി' ദിവസേന രാവിലെ കുളിച്ചു വൃത്തിയായി തന്റെ വെൺപിറാവിനൊത്ത ഉടുപ്പിനും മുണ്ടിനുമുള്ളിൽ കടന്നുകൂടുന്നു. ഓഫീസ് മുറിയിലെത്തുന്നു. ഇതര സ്ഥാനമോഹികൾ ഉച്ചയൂണിനു മുമ്പായി എത്തുകയും ഗ്രൂപ്പ് തിരിഞ്ഞു സൗഹൃദം പുതുക്കുകയും പുതുപുത്തൻ പാരകൾ പണിയുകയും ചെയ്യാൻ അകത്തെയും പുറത്തും റോഡിലുമുള്ള 'വർക്ക്‌ഷോപ്പു'കളിൽ കയറുകയും ചെയ്യുന്നു. എന്തു ചെയ്യാം, പ്രസവം മാത്രം നടക്കുന്നില്ല. സമാധാനപൂർവം കാര്യം നടന്നില്ലെങ്കിൽ ദില്ലിയിൽനിന്നും അനസ്‌തേഷ്യ ാേഡക്ടറും ഗൈനക്കോളജിസ്റ്റും എത്തും. താരിഖ് അൻവർ എന്നൊരു ഡ്യൂട്ടി ഡോക്ടർ സ്ഥലത്തുണ്ട്. പക്ഷേ അതിവിശാലമായ ശരീരഭാരമുള്ള മാതൃസംഘടന അത്രവേഗമൊന്നും പ്രസവത്തിനു വഴങ്ങില്ല. 'സിസേറിയൻ' വേണമെങ്കിൽ ദില്ലിയിൽനിന്നും വിദഗ്ധർ ഇനിയും എത്തും. ഇരുപത്തിയഞ്ചു സംസ്ഥാനങ്ങളിൽ അവരുടെ സേവനം അടിയന്തരമായി വേണ്ടിവരുന്ന കാലഘട്ടമാണ്. ഇത്തരമൊരു വിഷമഘട്ടത്തിലൂടെ സംഘടന ഇതിനു മുമ്പ് ഒരു പ്രദേശ് കോൺഗ്രസ് പ്രസിഡന്റിനുവേണ്ടിയും കടന്നുപോയിട്ടില്ല. മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇത്തവണ എക്‌സ്‌റേ വഴിയും നേരിട്ടുമുള്ള പരിശോധനയിൽ മൂന്നു കുഞ്ഞുങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, യു.ഡി.എഫ് കൺവീനർ. മൂന്നും ആൺകുട്ടികൾ തന്നെയെന്നുറപ്പായിട്ടുണ്ട്. അല്ലെങ്കിൽ തന്നെ, പെൺവർഗത്തെ ആർക്കുവേണം? നീണ്ടു നീണ്ടുപോകുന്ന ഈ 'ലേബർ റൂം' കാത്തിരിപ്പിനെയും റോഡുവക്കത്തെ നിൽപിനെയും കണ്ട് പഴയൊരു കോൺഗ്രസുകാരൻ ചോദിച്ചുവത്രേ:
ഒരു പ്രതിപക്ഷ നേതാവിനെ തീർച്ചയാക്കാൻ ഇത്രയും പ്രയാസമോ? ഇക്കണക്കിന് ഭരണം കിട്ടിയിരുന്നെങ്കിൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഒരു കൊല്ലം വേണ്ടിവരുമായിരുന്നല്ലോ. ഭാഗ്യം; അതുണ്ടായില്ല!

Latest News