Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;  വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം- ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്തുനിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കൂടി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മേയ് 17ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മേയ് 18ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 എം.എം. മുതല്‍ 115 എം.എം. വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ഉച്ചയോട് കൂടി ആരംഭിക്കുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ വേനല്‍ മഴ സംസ്ഥാനത്ത് തുടരുകയാണ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നല്‍, ശക്തമായ കാറ്റ് ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുക. ഇടിമിന്നല്‍ സമയത്ത് പുറത്തിറങ്ങുന്നത് കര്‍ശനമായി ഒഴിവാക്കുക. കെട്ടിടങ്ങള്‍ക്ക് അകത്തോ വാഹനങ്ങള്‍ക്ക് ഉള്ളിലോ സുരക്ഷിതമായി തുടരുക.
2018, 2019, 2020 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.

Latest News