ജിസാൻ - കിഴക്കൻ ജിസാനിലെ അൽആരിദയിലെ ബത്ഹാൻ ഡിസ്ട്രിക്ടിൽ വാഹനാപകടത്തിൽ മരണപ്പെട്ടയാളുടെ മൃതദേഹം ഏറെ നേരം നീണ്ട തിരച്ചിലുകൾക്കൊടുവിൽ കണ്ടെത്തിയത് സമീപത്തെ മസ്ജിദിന്റെ ടെറസ്സിനു മുകളിൽ. മണിക്കൂറുകൾ നീണ്ട തിരച്ചിലുകൾക്കിടെ മൃതദേഹം മസ്ജിദിന്റെ ടെറസ്സിലാണ് കിടക്കുന്നതെന്ന് തിരച്ചിലുകളിൽ പങ്കെടുത്ത നാട്ടുകാരോ സുരക്ഷാ ഉദ്യോഗസ്ഥരോ ഒരിക്കലും നിനച്ചതല്ല.
അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് നീക്കി. ഇടിയുടെ ആഘാതത്തിൽ വാഹനം സൗദി പൗരന്റെ വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും സുരക്ഷാ സൈനികരും ഏറെ നേരം തിരച്ചിലുകൾ നടത്തിയെങ്കിലും ഡ്രൈവർക്കൊപ്പമുണ്ടായിരുന്ന യാത്രക്കാരനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മണിക്കൂറുകൾക്കു ശേഷമാണ് ഇയാളുടെ മൃതദേഹം ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലത്ത് കണ്ടെത്തിയത്. ഇടിയുടെ ആഘാതത്തിൽ യാത്രക്കാരൻ മസ്ജിദിന്റെ ടെറസ്സിനു മുകളിലേക്ക് തെറിച്ചുവീഴുകയായിരുന്നു.