തിരുവനന്തപുരം- പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാറിൽ 21 പേരുണ്ടാകുമെന്ന് ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ. മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കാൻ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി. നാളെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കും.
സി.പി.എം 12, സി.പി.ഐ 4, ജനതാദൾ എസ് 1, കേരള കോൺഗ്രസ് എം 1, എൻ.സി.പി 1 എന്നിങ്ങനെയാണ് പാർട്ടികൾക്കു ലഭിക്കുന്ന മന്ത്രിമാരുടെ എണ്ണം. പിന്നീടുള്ള രണ്ടു മന്ത്രി സ്ഥാനങ്ങൾ ഘടകക്ഷികൾ രണ്ടരവർഷം വീതം പങ്കിടും. ജനാധിപത്യ കേരളകോൺഗ്രസും ഐ.എൻ.എല്ലും ആദ്യ ടേമിൽ മന്ത്രിമാരാകും. പിന്നീട് കേരള കോൺഗ്രസ് ബി, കേരള കോൺഗ്രസ് എസ് പാർട്ടി പ്രതിനിധികൾ മന്ത്രിമാരാകും.
സ്പീക്കർ സ്ഥാനം സി.പി.എമ്മിനായിരിക്കും. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സി.പി.ഐയ്ക്കും ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിനുമാണ്.