തിരുവനന്തപുരം -കേരളത്തില്‍ ഏഴ് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കര്‍മൈക്കോസിസ് ബാധ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്ന് തമിഴ്‌നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ കേരളത്തില്‍ ബ്ലാക്ക് ഫംഗസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആന്റി ഫംഗല്‍ മരുന്നുകള്‍ ഉപയോഗിച്ച് ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ സാധിക്കും. സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോക്കോളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഡ് രോഗികളില്‍ ഗുരുതരമായ ഫംഗസ് ബാധയായ മ്യൂക്കര്‍മൈക്കോസിസ് വരാനുള്ള പ്രധാന കാരണം സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗമാണെന്നാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറയുന്നത്. സ്റ്റിറോയ്ഡുകളുടെ ദുരുപയോഗം കര്‍ശനമായി തടയേണ്ടതുണ്ടെന്ന്, കേന്ദ്ര സര്‍ക്കാരിന്റെ പ്രതിദിന കോവിഡ് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മ്യൂക്കര്‍മൈക്കോസസിന് (ബ്ലാക്ക് ഫംഗസ്) പ്രധാന കാരണം സ്റ്റിറോയ്ഡുകളുടെ ദുരുപയോഗമാണ്. പ്രമേഹമുള്ളവരെ കോവിഡ് ബാധിക്കുകയും അവര്‍ക്കു സ്റ്റിറോയ്ഡുകള്‍ നല്‍കുകയും ചെയ്താല്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇതു തടയാന്‍ സ്റ്റിറോയ്ഡുകളുടെ ഉപയോഗം കുറയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.