തിരുവനന്തപുരം- മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. കേരളത്തില്‍ യുഡിഎഫിനും ബിജെപിക്കും മാത്രമല്ല തിരിച്ചടി നേരിട്ടതെന്നും കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളുടെ വിശ്വാസ്യതയിലും വലിയ ഇടിവുണ്ടായെന്നും സിപിഎം ആക്ടിംഗ് സെക്രട്ടറി വിജയരാഘവന്‍ പറയുന്നു. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി യുഡിഎഫിന്റെ രാഷ്ട്രീയ അജണ്ട നിശ്ചയിച്ചത് മാധ്യമങ്ങളാണെന്നും ഇത് ഒരു ഘട്ടത്തില്‍ കെപിസിസി പ്രസിഡന്റ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ജമാഅത്തെ ഇസ്‌ലാമിയെന്ന തീവ്ര വര്‍ഗീയ പ്രസ്ഥാനവുമായി പരസ്യമായും ബിജെപിയുമായി രഹസ്യമായും കൂട്ടുകെട്ടുണ്ടാക്കിയ മുസ്‌ലിംലീഗിനെ സിപിഎം വിമര്‍ശിച്ചപ്പോള്‍, അതു മുസ്‌ലീങ്ങള്‍ക്കെതിരാണെന്ന് ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ വല്ലാതെ പാടുപെട്ടുവെന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ജനകീയ പ്രശ്‌നങ്ങളെ പിറകോട്ട് തള്ളിമാറ്റി എല്ലാം ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാനാണ് മാധ്യമങ്ങള്‍ പരിശ്രമിച്ചത്. ജാതിമത സമവാക്യങ്ങള്‍ വരച്ചുണ്ടാക്കി അതിനകത്ത് വോട്ടര്‍മാരെ പിടിച്ചിട്ടാണ് എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണെന്ന് പ്രചരിപ്പിച്ചതെന്നും എ വിജയരാഘവന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.