കൊച്ചി- ടൗട്ടെ ചുഴലിക്കൊടുങ്കാറ്റിൽ ലക്ഷദ്വീപ് തീരത്ത് കൊച്ചിയിൽനിന്നുള്ള മത്സ്യബന്ധന ബോട്ട് മുങ്ങി കാണാതായ എട്ടുപേരെ കണ്ടെത്തി. കടമത്ത് ദ്വീപിലാണ് ഇവരെ കണ്ടെത്തിയത്. ബോട്ട് മുങ്ങിയതോടെ ഇവർ ദ്വീപിലേക്ക് നീന്തിക്കയറുകയായിരുന്നു. ഒരാളെ പറ്റി വിവരമില്ല. കണ്ടെത്തിയവരെ കോസ്റ്റ്ഗാർഡ് കപ്പലിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നാഗപട്ടണം സ്വദേശി മണിവേൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ട് ഇന്നലെയാണ് അപകടത്തിൽപെട്ടത്. കഴിഞ്ഞ 29ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ടതാണ് ബോട്ട്. മണിവേൽ ബോട്ടിലെ സ്രാങ്കാണ്. ഇദ്ദേഹം ഉൾപ്പെടെ ഒൻപത് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ ഏഴുപേർ നാഗപട്ടണം സ്വദേശികളും രണ്ടുപേർ ഉത്തരേന്ത്യൻ സ്വദേശികളുമാണ്. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ഗില്ലറ്റ് ബോട്ടാണിത്. ലക്ഷദ്വീപിനും ഒമാനിനും ഇടയിലാണ് ഇവർ പ്രധാനമായും മത്സ്യബന്ധനം നടത്തുന്നത്. ബോട്ട് അപകടത്തിൽപെട്ടത് രാജേഷ് ഒന്ന്, രാജേഷ് രണ്ട് എന്നീ ബോട്ടുകളുടെ തൊഴിലാളികൾ കണ്ടെങ്കിലും കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാൽ ഇവർക്ക് രക്ഷിക്കാനായിരുന്നില്ല. ഇവർ ഇന്നലെ രാവിലെ 11.45ഓടെ ലക്ഷദ്വീപിലെത്തി വിവരം അറിയിച്ചു. കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ നൂറോളം ബോട്ടുകളെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമാകാത്തത് ആശങ്കക്ക് വഴിവെച്ചിരിക്കുകയാണ്.
അതിനിടെ,
ലക്ഷദ്വീപിൽ അടുത്ത കാലത്ത് സംഭവിച്ച ഏറ്റവും വലിയ ദുരന്തമായി മാറുകയാണ് ടൗട്ടെ ചുഴലിക്കൊടുങ്കാറ്റ്. അപകടസാധ്യത കണക്കിലെടുത്ത് വൻകരയിൽ നിന്നും എത്തിയ നിരവധി മത്സ്യബന്ധന ബോട്ടുകൾക്ക് ദ്വീപിൽ പ്രവേശിക്കാൻ ഉപാധികളില്ലാതെ അനുമതി കൊടുത്തിട്ടുണ്ട്. കവരത്തി ദ്വീപിൽ രണ്ടും, കൽപേനിയിൽ ഒന്നും, ബിത്രയിൽ മൂന്നും, അമിനിയിൽ രണ്ടും ബോട്ടുകൾ ഇത്തരത്തിൽ എത്തി. ഇവരുടെ കൂടെ ഉണ്ടായിരുന്ന മുരുകൻ തുണൈ എന്ന ബോട്ടാണ് കടലിൽ തകർന്നത്. ഇവർ തന്ന വിവരം അനുസരിച്ച് നേവി, കോസ്റ്റ്ഗാഡിന്റെ സഹായം തേടിയിരിക്കുകയാണ് അമിനി ദ്വീപ് പോലീസ്. കൂടുതൽ അന്യ സംസ്ഥാന ബോട്ടുകൾ വരും ദിവസങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ദ്വീപിലും ശക്തമായ കടലാക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തീരദേശത്തെ തെങ്ങുകൾ കടലിൽ ഒഴുകി നടക്കുന്നുണ്ട്. കല്‌പേനി ദ്വീപിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വെള്ളം കയറി. മുഴുവൻ ദ്വീപുകളിലും കനത്ത നാശനഷ്ടങ്ങളാണ് ദ്വീപ് നിവാസികൾ നേരിട്ട് കൊണ്ടിരിക്കുന്നത്.