അബുദബി- വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അബുദബി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിര്‍ബന്ധ സമ്പര്‍ക്ക വിലക്ക് (ക്വാരന്റീന്‍) ജൂലൈ ഒന്നു മുതല്‍ നിര്‍ത്തലാക്കുമെന്ന് സര്‍ക്കാര്‍. നിലവില്‍ ഗ്രീന്‍ ലിസ്റ്റിലില്ലാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവരെല്ലാം 10 ദിവസം സമ്പര്‍ക്ക വിലക്കില്‍ തുടരണം. ഗ്രീന്‍ ലിസ്റ്റില്‍ ഉടന്‍ കുടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തുമെന്നും ജൂലൈ ആദ്യത്തോടെ എല്ലാവര്‍ക്കും അബുദബിയിലേക്ക് യാത്ര ചെയ്യാന്‍ സൗകര്യമൊരുങ്ങുമെന്നുമാണ് പ്രതീക്ഷയെന്ന് ടൂറിസം ആന്റ് മാര്‍ക്കറ്റിങ്, ഡിടിസി അബുദബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി അല്‍ ശൈബ പറഞ്ഞു.
ദുബയില്‍ നിലവിലുള്ളതിനു സമാന സംവിധാനമാകും അബുദബിയിലും ഏര്‍പ്പെടുത്തുക. കോവിഡ് സാധ്യത ഏറിയതും കുറഞ്ഞതുമായ രാജ്യങ്ങള്‍ക്കനുസരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ ഉണ്ടാകുക എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ ഏറെ സന്ദര്‍ശകരെത്തുന്ന രാജ്യങ്ങളില്‍ നിന്നുള്ള യാത്രകള്‍ മുടങ്ങിയതോടെ ടൂറിസം മേഖലയില്‍ ഉണ്ടായ നഷ്ടം നികത്താന്‍ വഴികള്‍ തേടിക്കൊണ്ടിരിക്കുകയാണ്. യാത്ര കൂടുതല്‍ എളുപ്പമാക്കുന്നതിന് ദുബായ് അതിര്‍ത്തിയിലും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിര്‍ത്തി കൂടുതല്‍ ടൂറിസ്റ്റ് സൗഹൃദമാക്കാനുള്ള പദ്ധതിക്കായി സര്‍ക്കാരുമായി കൂടിയാലോചന നടത്തിവരികയാണ്. ടൂറിസ്റ്റുകള്‍ക്ക് പ്രത്യേക നടപടിക്രമങ്ങള്‍ നടപ്പിലാക്കുന്നതോടെ അതിര്‍ത്തി വഴിയുള്ള യാത്ര കൂടുതല്‍ അനായാസമാകുമെന്നും അല്‍ ശൈബ പറഞ്ഞു.