ബത്തേരി- കോവിഡ് പോസിറ്റീവായി നിരീക്ഷണത്തിലിരിക്കെ ഭാര്യയെ ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നതിനു വാഹനവുമായി നിരത്തിലിറങ്ങിയ യുവാവിനെതിരേ പോലീസ് കേസെടുത്തു. താഴെമുണ്ട തച്ചമ്പത്ത് വൈശാഖിനെതിരെയാണ് (24) കേസ്. അഞ്ചു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ച വൈശാഖ് ആരോഗ്യവകുപ്പും പോലീസും നിരീക്ഷിച്ചുവരുന്നതിനിടെയാണ് ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാൻ ഇറങ്ങിയത്.
വ്യാഴാഴ്ച പട്രോളിംഗിനിടെ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.കെ. ഉമ്മറും സംഘവും അന്വേഷിച്ചെത്തിയപ്പോൾ വൈശാഖും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നില്ല. പോലീസിന്റെ ചോദ്യങ്ങൾക്ക് വീട്ടുകാർ പരസ്പരവിരുദ്ധമായ മറുപടിയാണ് നൽകിയത്. പോലീസ് വൈശാഖിനെ ഫോണിൽ വിളിച്ചപ്പോൾ കോവിഡ് പരിശോധനക്ക് പോയിരിക്കയാണെന്നു അറിയിച്ചു. ഭാര്യ കൂടെയില്ലെന്നും പറഞ്ഞു. ഇതിനു പിന്നാലെ പോലീസ് നടത്തിയ തെരച്ചലിൽ സ്വിഫ്റ്റ് കാറിൽ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുന്ന വൈശാഖിനെ കണ്ടെത്തുകയായിരുന്നു. പൊതു നിരത്തിലായിരുന്നു ഡ്രൈവിംഗ് പരിശീലനം. ലോക്ഡൗൺ ലംഘനം അടക്കം അഞ്ച് വകുപ്പുകൾ പ്രകാരമാണ് വൈശാഖിനെതിരേ കേസ്.