റിയാദ് - ഗാസയിലും ജറൂസലമിലും അടക്കം ഫലസ്തീനികൾക്കും വിശുദ്ധ കേന്ദ്രങ്ങൾക്കും നേരെ തുടരുന്ന ഇസ്രായിൽ ക്രൂരതക്ക് അന്ത്യം കാണാൻ സൗദി അറേബ്യ നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കി. കഴിഞ്ഞ ദിവസം ഫലസ്തീൻ വിദേശ, പ്രവാസികാര്യ മന്ത്രി രിയാദ് അൽമാലികിയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ജോർദാൻ ഉപപ്രധാനമന്ത്രിയും വിദേശ, പ്രവാസികാര്യ മന്ത്രിയുമായ ഡോ. അയ്മൻ അൽസ്വഫദിയുമായും സുഡാൻ വിദേശ മന്ത്രി മർയം അൽസ്വാദിഖ് അൽമഹ്ദിയുമായും ചർച്ചകൾ നടത്തി. ഫലസ്തീൻ പ്രശ്‌നവും മേഖലയിലെ പുതിയ സംഭവവികാസങ്ങളും ജോർദാൻ, സുഡാൻ മന്ത്രിമാരുമായി സൗദി വിദേശ മന്ത്രി വിശകലനം ചെയ്തു.
ഫലസ്തീൻ പ്രശ്‌നത്തിൽ ഐക്യരാഷ്ട്രസഭയിലും സൗദി അറേബ്യ നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഈ മാസത്തെ യു.എൻ രക്ഷാസമിതി അധ്യക്ഷ പദവി വഹിക്കുന്ന ചൈനയുടെ യു.എന്നിലെ സ്ഥിരം പ്രതിനിധി സംഘവുമായി ഐക്യരാഷ്ട്രസഭയിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി കൂടിക്കാഴ്ച നടത്തി. ഫലസ്തീനിൽ ഇസ്രായിൽ നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് അറിയിക്കാനും രക്ഷാ സമിതി പിന്തുണ നേടിയെടുക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി ചൈനീസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയത്.