ബീശ - കൊലക്കേസ് പ്രതിയായ സൗദി യുവാവിന് പെരുന്നാൾ ദിനത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം നിരുപാധികം മാപ്പ് നൽകി. സംഘർഷത്തിനിടെ കൊല്ലപ്പെട്ട സൗദി യുവാവ് അബ്ദുല്ല സാമിൽ അൽവാഹിബിയുടെ കുടുംബമാണ് പ്രതി കൂടിയായ അയൽവാസിക്ക് മാപ്പ് നൽകിയത്. കേസിൽ അറസ്റ്റിലായ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. പെരുന്നാൾ ദിനത്തിൽ കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്നാണ് പ്രതിക്ക് മാപ്പ് നൽകാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് അബ്ദുല്ലയുടെ സഹോദരൻ മുഹമ്മദ് അൽവാഹിബി പറഞ്ഞു. പ്രതിയുടെ മാതാവുമായി തന്റെ മാതാവും സഹോദരങ്ങളും പെരുന്നാൾ ദിനത്തിൽ ഫോണിൽ ബന്ധപ്പെട്ട് പെരുന്നാൾ ആശംസകൾ നേരുകയും മാപ്പ് നൽകാനുള്ള തങ്ങളുടെ തീരുമാനം അറിയിക്കുകയുമായിരുന്നെന്ന് മുഹമ്മദ് അൽവാഹിബി പറഞ്ഞു.
സഹോദരൻ അയൽവാസിയെ കൊലപ്പെടുത്തിയതോടെ തങ്ങൾ അനുഭവിച്ച മാനസിക പ്രയാസത്തിൽ താങ്ങായി നിന്നത് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം തന്നെയായിരുന്നെന്ന് പ്രതിയുടെ സഹോദരൻ റജാ സാമിൽ ശാഹിർ പറഞ്ഞു. കൊലപാതക വിവരം അറിഞ്ഞതോടെ തങ്ങൾ നാടുവിടാൻ തീരുമാനിച്ചതാണ്. ഇത് അറിഞ്ഞ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം തങ്ങളുടെ വീട്ടിലെത്തി നാടുവിടരുതെന്നും പ്രദേശത്തെ മസ്ജിദിൽ ഒരുമിച്ച് നമസ്‌കാരങ്ങളിൽ തുടർന്നും പങ്കെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സ്വന്തം വീട്ടിൽ പിതാവിന്റെ സാമീപ്യത്തേക്ക് പോകാൻ അനുവദിക്കണമെന്ന തങ്ങളുടെ മാതാവിന്റെ അപേക്ഷ അവർ അംഗീകരിച്ചു.
പിന്നീട് മധ്യസ്ഥശ്രമങ്ങൾ ആരംഭിച്ചപ്പോൾ കൊല്ലപ്പെട്ട യുവാവിന്റെ മാതാവിനെ നേരിട്ട് സമീപിച്ച് മകനു വേണ്ടി മാപ്പിന് അപേക്ഷിക്കാൻ തങ്ങളുടെ മാതാവിനോട് ആവശ്യപ്പെട്ടെങ്കിലും ഉമ്മ കൂട്ടാക്കിയില്ല. കൊല്ലപ്പെട്ട യുവാവ് തന്റെ മകനാണെന്നും യുവാവിന്റെ മാതാവ് തന്റെ സഹോദരിയാണെന്നും ഘാതകൻ തന്റെ മകനാണെന്നും പറഞ്ഞും ഒരു മകൻ മണ്ണിനടിയിൽ കഴിയവെ ഭൂമിക്കു മുകളിലുള്ള മകനു വേണ്ടി താൻ മാപ്പപേക്ഷ നടത്തില്ലെന്നും പറഞ്ഞും ഉമ്മ ഈയാവശ്യം നിരാകരിക്കുകയായിരുന്നെന്നും റജാ സാമിൽ ശാഹിർ പറഞ്ഞു.