Sorry, you need to enable JavaScript to visit this website.

മരണം വാതിൽക്കൊടിയിൽ പതിയിരുന്നു; അവസാനശ്വാസം വരെ പടവെട്ടി നന്ദു

വാതിൽക്കൊടിയുടെ മറവിൽ ഒളിച്ചിരുന്ന മരണത്തിന്റെ കണ്ണുകെട്ടിയാണ് നന്ദു ഇക്കാലമത്രയും പോരാടിയിരുന്നത്. ആ പോരാട്ടം അടുത്തെവിടെയോ മരണം കാത്തുകിടക്കുന്നുണ്ടെന്ന ആധിയിൽ കഴിയുന്ന ആയിരകണക്കിന് മനുഷ്യരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ജീവിതത്തിനും മരണത്തിനും ഇടയിലെ നിമിഷങ്ങളിൽ ജീവിതത്തിന്റെ മനോഹരമായ കാഴ്ചകളിലേക്ക് മനുഷ്യരെ കൊണ്ടുവന്ന സുന്ദരമായ ഒരു പുഷ്പത്തിന്റെ പേരാകുന്നു ഇന്ന് പുലർച്ചെ അന്തരിച്ച നന്ദു മഹാദേവ. ഇരുപത്തിനാലാമത്തെ വയസിലാണ് തന്റെ ദേഹത്ത് കയറിക്കൂടിയ കാൻസറിനെ പറ്റി നന്ദു അറിയുന്നത്. തകർന്നുപോകുമായിരുന്നു- മറ്റാരാണെങ്കിലും. മരുന്നു കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത കാൻസർ എന്നാണ് നന്ദുവിനോട് ഡോക്ടർമാർ പറഞ്ഞത്. ഒരൊറ്റ നിമിഷത്തിന്റെ പകച്ചിലിന് ശേഷം പിന്നീട് പോരാട്ടമായിരുന്നു. അയാൾ പോരാടിയ വഴികളിലെല്ലാം പ്രതീക്ഷയുടെ പൂക്കൾ വിരിയിച്ചു. ഇന്ന് മരണശേഷം സോഷ്യൽ മീഡിയയിൽ കണ്ടതും നന്ദു നട്ടുവളർത്തിയ പ്രത്യാശയുടെ നൂറുപൂക്കളിൽനിന്നുള്ള കാഴ്ചകളായിരുന്നു. ജീവിതം പ്രതീക്ഷയുടെ പോരാട്ടമാക്കിയ ഒരാളെ മരണം കൊണ്ടുപോയി. പക്ഷെ, ആ മരണത്തിലും കീഴടങ്ങാതെ അയാൾ വിജയിച്ചുതന്നെ നിൽക്കുന്നു.


അവസാനമായി എഴുതിയ കുറിപ്പുകളിലൊന്നിൽ നന്ദു ഇങ്ങിനെ കുറിച്ചിട്ടു. 
വീണ്ടും വീണ്ടും ശരീരത്തിന്റെ ഓരോ അവയവങ്ങളേയും കാൻസർ പിടി മുറുക്കുമ്പോഴും, തളരാതെ ആത്മ വിശ്വാസത്തോടെ ഇങ്ങനെ ചിരിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്. കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ കുറിച്ചിട്ട നന്ദുവിന്റെ ഒരു വരി ഇങ്ങിനെയായിരുന്നു. ആ വരികളുടെ തുടർച്ചയിൽ താൻ അനുഭവിക്കുന്ന വേദനകളെയും നന്ദു എഴുതിച്ചേർത്തു. 
അസഹനീയമായ വേദന ശരീരത്തെ കുത്തിക്കുത്തി നോവിക്കുമ്പോഴും ഇങ്ങനെ നിവർന്ന്‌നിന്ന് ജീവിതം പൊരുതാനുള്ളതാണെന്ന് പറയാൻ കഴിയുമോ സക്കീർ ഭായിക്ക്.. ഇനി പരീക്ഷിക്കാൻ മരുന്നുകൾ ബാക്കിയില്ല എന്ന് ഡോക്ടർമാർ പറയുമ്പോഴും സാരമില്ല സർ അവസാന നിമിഷം വരെയും നമുക്ക് ചെയ്യാനുള്ളതെല്ലാം ചെയ്യാം എന്നു പറഞ്ഞ് ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കുവാൻ കഴിയുമോ സക്കീർ ഭായിക്ക്... 
പറ്റും എനിക്ക് പറ്റും. 
ത്രസിപ്പിക്കുന്ന ആത്മവിശ്വാസത്തിന്റെ കരുത്തുണ്ടായിരുന്നു നന്ദുവിന്റെ ഈ വാക്കുകൾക്കെല്ലാം. ഏപ്രിൽ ഒൻപതിന് പോസ്റ്റ് ചെയ്ത ഇതിലെ ഓരോ വാക്കുകളെയും അസാമാന്യമായ മനക്കരുത്ത് പൊതിഞ്ഞുവെച്ചിരുന്നു. 
മരുന്നുകളെല്ലാം ഏറെക്കുറെ പിൻമാറിയിരിക്കുന്നു. അല്ലെങ്കിൽ ഇനി പരീക്ഷിക്കാൻ മരുന്നുകളൊന്നും ബാക്കിയുണ്ടായിരുന്നില്ല. കീമോയും സർജറിയും അവസാനിച്ചു. ലോകത്ത് ഇതേവരെ കണ്ടുപിടിക്കപ്പെട്ടതിൽ മറ്റാർക്കുമില്ലാത്ത കാൻസറായിരുന്നു നന്ദുവിന്. മെഡിക്കൽ സയൻസിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ കാൻസർ. അതിനാൽ ഇതിന് മരുന്നു കണ്ടുപിടിച്ചിട്ടില്ല. ഇനി എനിക്ക് വേണ്ടി ഒരു മരുന്നുകണ്ടുപിടിക്കണം എന്നാണ് ആ പോസ്റ്റിൽ നന്ദു എഴുതിയത്. എന്നാൽ മരുന്നുകണ്ടുപിടിക്കാൻ കാത്തുനിൽക്കാതെ നന്ദു മടങ്ങി. 
ഒളിച്ചിരിക്കുന്ന വാതിൽക്കൊടിയിൽനിന്നും മരണം വീട്ടിലെ സ്വീകരണ മുറിയിൽ വന്നു കസേരയിട്ട് ഇരിപ്പുറപ്പിച്ചെന്ന് ഉറപ്പുള്ളപ്പോഴും പോരാട്ടം തുടർന്നു എന്നതാണ് നന്ദുവിന്റെ ജീവിതവും മരണവും വേറിട്ടുനിൽക്കുന്നത്. പൊരുതി ജയിക്കുന്നവരെ മാത്രമേ കാലവും ലോകവും ഓർത്തുവെക്കൂ എന്നായിരുന്നു നന്ദുവിന്റെ തിയറി. തോറ്റുപോകും എന്ന് തോന്നുന്ന നിമിഷം മുതൽ നമ്മളെല്ലാം തോറ്റു തുടങ്ങുകയാണ്. 
ഞാനൊരു സ്‌നേഹമാണ് എന്ന് ഒരിടത്ത് നന്ദു പറയുന്നുണ്ട്. എന്റെ സ്‌നേഹം നിങ്ങൾക്ക് ബോധ്യമാകുന്നില്ലെങ്കിൽ എന്റെ ഉള്ളിലേക്ക് എത്തിനോക്കാൻ നിങ്ങൾ ധൈര്യപ്പെടാത്തത് കൊണ്ടാണെന്നും നന്ദു കുറച്ചിട്ടിരുന്നു. ഇതിന്റെ ബാക്കിയായി ങ്ങിനെയും എഴുതി. എന്റെയുള്ളിലേക്ക് എത്തിനോക്കാൻ ധൈര്യപ്പെടുന്നവരുടെ ഹൃദയത്തിലേക്ക് എന്റെയും സ്‌നേഹം ഒഴുകിയെത്തും. 
ജീവിതം വളരെ ചെറുതാണ്, ഇനി എനിക്കും നിങ്ങൾക്കും ഒക്കെ എത്ര നിമിഷങ്ങൾ ഉണ്ടെന്നോ എത്ര ദിവസങ്ങൾ ഉണ്ടെന്നോ എത്ര മാസങ്ങളോ വർഷങ്ങളോ ഉണ്ടെന്നോ ഒന്നും നമുക്കറിയില്ല. അത് എത്ര തന്നെയായാലും കുഞ്ഞു കുഞ്ഞു തമാശകളും നല്ല നല്ല എഴുത്തുകളും പോസിറ്റീവ് ചിന്തകളും  സ്‌നേഹാന്വേഷണങ്ങളും ഒക്കെയായി നമ്മൾ അടിച്ചു പൊളിക്കും..ഒപ്പം മതിലുകളില്ലാതെ അങ്ങട് സ്‌നേഹിക്കും.. 
ഒരു നിമിഷമെങ്കിൽ ഒരു നിമിഷം
പുകയാതെ ജ്വലിക്കും.

ശ്വാസകോശത്തിന് അണുബാധയുണ്ടായി ആശുപത്രി വാസത്തിനിടെയായിരുന്നു ഈ കുറിപ്പ്. ആ കുറിപ്പിന്റെ അവസാനവും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. 
ഓരോ പരുങ്ങലിന് ശേഷവും പൂർവാധികം ഭംഗിയോടെയുള്ള അതിശക്തമായ തിരിച്ചുവരവാണ് എന്റെ ചരിത്രത്തിലുള്ളത് എന്ന് നിങ്ങൾക്കറിയാമല്ലോ...ഇത്തവണയും കനലുകൾ ചവിട്ടിമെതിച്ചു ഞാൻ വരും..ശാരീരികമായ വേദനകളും ബുദ്ധിമുട്ടുകളുമൊക്കെ ഉണ്ട്. എങ്കിലും മനസ്സുകൊണ്ട് ഞാൻ സുഖമായിരിക്കുന്നു. ഞാനെന്നെ തന്നെ സർവ്വേശ്വരന് സമർപ്പിക്കുന്നുവെന്നും പറഞ്ഞാണ് ആ കുറിപ്പ് തീരുന്നത്. 


നന്ദു എഴുതിയ പോലെ ഓരോ പതുങ്ങലിന് ശേഷവും ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഈ ആശുപത്രി വാസത്തിന് ശേഷവും നന്ദു തിരിച്ചുവരുമെന്നും വീണ്ടും ഉൾക്കരുത്തുള്ള വാക്കുകളുമായി പ്രചോദിപ്പിക്കുമെന്നും ഉറപ്പുണ്ടായിരുന്നു. പക്ഷെ, ഇന്നു പുലർച്ചെ കോഴിക്കോട് എം.വി.ആർ ആശുപത്രിയിൽനിന്ന് മരണത്തിലേക്ക് നന്ദു നടന്നുപോയി. മടങ്ങുമ്പോഴും നന്ദുവിന്റെ വാക്കുകളേറ്റ് ജീവിതത്തിന്റെ മനോഹരമായ പൂന്തോട്ടത്തിലേക്ക് നടന്നുപോയ നിരവധി മനുഷ്യർ ഇവിടെ ജീവിച്ചിരിക്കുന്നു. അവരിലൂടെ നന്ദു ഇനിയും ജീവിച്ചുകൊണ്ടേയിരിക്കും. വാതിൽക്കൊടിയിൽ ഒളിച്ചിരുന്ന മരണം നന്ദുവിനെ മാത്രമാണ് കൂട്ടിക്കൊണ്ടുപോയത്. നന്ദുവിന്റെ ജീവിതം ഇവിടെ ബാക്കിയായിരിക്കുന്നു.

Latest News