Sorry, you need to enable JavaScript to visit this website.

കേരളത്തിന് അനുവദിച്ച രണ്ട് ഓക്‌സിജന്‍ പ്ലാന്റുകളില്‍ മലപ്പുറത്തേത് കേന്ദ്ര സര്‍ക്കാര്‍ വെട്ടി, പ്രതിഷേധം

മഞ്ചേരി- കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച രണ്ട് ഓക്‌സിജന്‍ പ്ലാന്റുകളില്‍ മലപ്പുറം ജില്ലയിലെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളെജില്‍ അനുവദിച്ച പ്ലാന്റ് കേന്ദ്രം തന്നെ വെട്ടി. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളെജില്‍ പ്ലാന്റ് നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടന്നു വരുന്നതിനിടെയാണ് ഈ പ്ലാന്റ് മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയത്. ഈ നടപടിയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നാഷനല്‍ ഹൈവെ അതോറിറ്റിയുടെ സഹായത്തോടെ മലപ്പുറത്തും കൊല്ലത്തും ഓരോ പ്ലാന്റുകള്‍ വീതം സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

വീട്ടില്‍ മകളുടെ കൂടെ കാമുകന്‍, അച്ഛന്‍ ഇരുവരേയും മഴുകൊണ്ട് വെട്ടിക്കൊന്നു

ഒരാഴ്ച മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. കേരളത്തിലെ ഏറ്റവും ജനസഖ്യയുള്ള ജില്ലയിലെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രം കൂടിയാണ് മഞ്ചേരി മെഡിക്കല്‍ കോളെജ്. ഇപ്പോള്‍ കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്കും മലപ്പുറം ജില്ലയിലാണ്. ഈ സാഹചര്യം നിലനില്‍ക്കെയാണ് അവസാന നിമിഷം ഓക്‌സിജന്‍ പ്ലാന്റ് കേന്ദ്രം വെട്ടിയത്.

ഈ നടപടിയില്‍ പ്രതിഷേധിച്ച് എംപിമാരായ ഇടി മുഹമ്മദ് ബഷീര്‍, എളമരം കരീം എന്നിവര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് മലപ്പുറത്തെ വെട്ടിയത് പുനപ്പരിശോധിക്കണമെന്ന് പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യ മന്ത്രിക്കും അയച്ച കത്തില്‍ ബഷീര്‍ ആവശ്യപ്പെട്ടു. നിലവില്‍ മലപ്പുറത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 42.6 ശതമാനമാണ്. സംസ്ഥാന ശരാശരിയുടെ 12 ശതമാനം അധികമാണിത്. ജില്ലയിലെ പ്രധാന കോവിഡ് ചികിത്സാ കേന്ദ്രമായ മെഡിക്കല്‍ കോളെജില്‍ നിലവില്‍ 45 ബെഡുകള്‍ക്കുള്ള ഓക്‌സിജന്‍ സൗകര്യമെ ഉള്ളൂ. ഈ സാഹചര്യം കണക്കിലെടുത്ത് ഇവിടെ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും ബഷീര്‍ ചൂണ്ടിക്കാട്ടി. 

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ ജില്ലയുടെ പേര് ഉള്‍പ്പെടാത്തതിനാല്‍ നാഷണല്‍ ഹൈവെ അതോറിറ്റി തുടങ്ങിവച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളെജില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അടിത്തറ പൂര്‍ത്തിയായതാണ്. ജനസംഖ്യ കൂടിയ ജില്ലയില്‍ പ്ലാന്റ് സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. മലപ്പുറത്തെ കൂടി ഉള്‍പ്പെടുത്തി മുന്‍ഗണനാ പട്ടിക പുനപ്രസിദ്ധീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് അയച്ച കത്തില്‍ എളമരം കരീം ആവശ്യപ്പെട്ടു.

Latest News