വിതുര -നക്‌സല്‍ നേതാവ് വര്‍ഗീസ് വധത്തിലെ അവസാന ദൃക്‌സാക്ഷിയും കേസിലെ 21ാം സാക്ഷിയുമായിരുന്ന റിട്ട. സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ തൊളിക്കോട് എം.എച്ച്.എസ്. മന്‍സിലില്‍ മുഹമ്മദ് ഹനീഫ (82) അന്തരിച്ചു. കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ ഏറ്റു പറച്ചിലിനെ തുടര്‍ന്നുണ്ടായ കേസില്‍ കോടതി നിയോഗിച്ച കമ്മിഷനു മുന്നില്‍ ഹനീഫ മൊഴി നല്‍കിയിരുന്നു. മുന്‍ ഐ.ജി. കെ.ലക്ഷ്മണക്കെതിരേ ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ നിര്‍ണായകമായത് അദ്ദേഹത്തിന്റെ മൊഴിയായിരുന്നു.
വയനാട്ടിലെ തിരുനെല്ലിക്കാട്ടില്‍ പ്രവര്‍ത്തനം നടത്തിയ നക്‌സലുകളെ പിടികൂടാന്‍ നിയോഗിക്കപ്പെട്ട സി.ആര്‍.പി.എഫിലെ അംഗമായിരുന്നു ഹനീഫ. 1970 ഫെബ്രുവരി 18നാണ് വര്‍ഗീസിനെ പിടികൂടുന്നത്. മാനന്തവാടി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം തിരുനെല്ലിയിലേക്കു തന്നെ തിരികെ കൊണ്ടു പോകുകയായിരുന്നു. തിരുനെല്ലിയില്‍ നിന്ന് വര്‍ഗീസിനെ വനത്തിലേക്ക് കൊണ്ടുപോകാന്‍ നിയോഗിക്കപ്പെട്ട നാലു കോണ്‍സ്റ്റബിള്‍മാരില്‍ ഒരാളായിരുന്നു ഹനീഫ.
വര്‍ഗീസിനെ താന്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് കോണ്‍സ്റ്റബിളായിരുന്ന രാമചന്ദ്രന്‍നായര്‍ വര്‍ഷങ്ങള്‍ക്കു ശേഷം വെളിപ്പെടുത്തിയത് വിവാദമായി. ഡി.ഐ.ജി. പി.വിജയന്‍, ഡിവൈ.എസ്.പി. കെ.ലക്ഷ്മണ എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് താന്‍ നിറയൊഴിച്ചതെന്ന് രാമചന്ദ്രന്‍നായര്‍ പറഞ്ഞു. തുടര്‍ന്നുണ്ടായ അന്വേഷണത്തിനൊടുവില്‍ എറണാകുളം സി.ബി.ഐ. കോടതിയില്‍ കേസെത്തി. അപ്പോഴേക്കും രാമചന്ദ്രന്‍നായര്‍ ഉള്‍പ്പെടെ മൂന്ന് കോണ്‍സ്റ്റബിള്‍മാരും മരിച്ചു. അവശേഷിച്ചത് ഹനീഫ മാത്രം.
2010 ഏപ്രില്‍ 9ന് സി.ബി.ഐ. കോടതിയില്‍ ഹാജരായി മൊഴിനല്‍കാന്‍ ഹനീഫയ്ക്ക് നോട്ടീസ് ലഭിച്ചു. രോഗങ്ങളും ശാരീരിക അവശതയും മൂലം ഹാജരാകാന്‍ കഴിയില്ലെന്ന് കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം 2010 മേയ് 21ന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍.ആര്‍.കമ്മത്ത്, ഹനീഫയുടെ വീട്ടിലെത്തി മൊഴിയെടുത്തു. 32 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന വര്‍ഗീസിനെ വെടിവച്ചു വീഴ്ത്തുന്നത് താന്‍ നോക്കി നില്‍ക്കുകയായിരുന്നെന്ന് നിറകണ്ണുകളോടെയാണ് ഹനീഫ മൊഴി നല്‍കിയതെന്ന് വീട്ടുകാര്‍ ഓര്‍ക്കുന്നു. ഡിവൈ.എസ്.പി. ലക്ഷ്മണയുടെ ആജ്ഞയ്ക്കും നിര്‍ബന്ധത്തിനും വഴങ്ങിയാണ് രാമചന്ദ്രന്‍നായര്‍ അതു ചെയ്തതെന്നും ഹനീഫ മജിസ്‌ട്രേറ്റിനെ ധരിപ്പിച്ചു. മൊഴിയുടെ അടിസ്ഥാനത്തില്‍ 2010 ഒക്ടോബര്‍ 28ന് ലക്ഷ്മണയെ ജീവപര്യന്തം തടവിനും പതിനായിരം രൂപ പിഴയ്ക്കും വിധിച്ചു.
ആത്തുക്കാബീവിയാണ് ഭാര്യ. മക്കള്‍: ഷുഹുറുദീന്‍, താഹിറാ ബീവി, നസീറാ ബീവി, മുഹമ്മദ്. മരുമക്കള്‍: റജീല, ഷാഫി, ബഷീര്‍, റജീന.