ആലപ്പുഴ- കോവിഡ് രോഗികള്‍ക്കായി ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം വേണ്ടത്ര ഓക്സിജന്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യ മേഖല. ഈ സാഹചര്യത്തില്‍ ഓക്‌സിജന്‍ എത്തിക്കുന്നതിന് മുന്നിട്ടിറങ്ങിയ ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം.
ഡ്രൈവറില്ലാത്ത ഓക്സിജന്‍ ലോറിക്ക് വളയം പിടിച്ച മാവേലിക്കരയിലെ ജോയിന്റ് ആര്‍.ടി.ഒ മനോജ് എം.ജിയാണ് ശ്രദ്ധേയനായത്. ചെങ്ങന്നൂരിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ അടിയന്തിരമായി ഓക്‌സിജന്‍ സിലണ്ടര്‍ ആവശ്യമാണെന്ന് അറിയിപ്പ് ലഭിച്ചു. എന്നാല്‍, ഓക്‌സിജന്‍ സിലിണ്ടറുമായി പോകുന്ന ലോറിയുടെ ഡ്രൈവര്‍ക്ക് സ്ഥലത്ത് എത്തിപ്പെടാനുള്ള സാഹചര്യം ഇല്ലാതായതോടെയാണ് മനോജ് എന്ന ഉദ്യോഗസ്ഥന്‍ ടിപ്പര്‍ ലോറിയുടെ ഡ്രൈവിംഗ് സീറ്റിലെത്തിയത്.
വാഹനവുമായി മാവേലിക്കരയിലെ ട്രാവന്‍കൂര്‍ ഫാക്ടറിയിലെത്തുകയായിരുന്നു. അവിടെ നിന്നും വാഹനത്തില്‍ കയറ്റിയ സിലിണ്ടറുകള്‍ പരമാവധി വേഗത്തില്‍ ചെങ്ങന്നൂരില്‍ എത്തിക്കുകയും അദ്ദേഹവും പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സിലിണ്ടറുകള്‍ വാഹനത്തില്‍നിന്ന് ഇറക്കുകയുമായിരുന്നു.
ആവശ്യമായ സ്ഥലങ്ങളില്‍ ഓക്‌സിജന്‍ എത്തിക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കുമെന്ന് കേരള മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പല ജില്ലകളിലും ഇത് നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മാവേലിക്കരയിലെ സംഭവം ഉദ്യോഗസ്ഥര്‍ പങ്കുവെച്ചിട്ടുള്ളത്.