തിരുവനന്തപുരം- വൈദ്യുതി, പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതില്‍ സി.പി.എമ്മില്‍ ആലോചന തുടങ്ങി. രണ്ടു മന്ത്രിസ്ഥാനം ചോദിച്ച ജോസ് കെ. മാണിയുടെ പാര്‍ട്ടിക്ക് ഒന്നു മാത്രമേ നല്‍കാനാവൂ എന്ന് സി.പി.എം അറിയിച്ചു കഴിഞ്ഞു. ഇതോടെയാണ് നിര്‍ണായക വകുപ്പ് വേണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്.
പൊതുമരാമത്ത്, കൃഷി, ജലവിഭവം എന്നീ വകുപ്പുകളാണ് കേരള കോണ്‍ഗ്രസ് ചോദിക്കുന്നത്. എന്നാല്‍ ചീഫ് വിപ്പ് പദവിക്ക് അപ്പുറം ഒരു വകുപ്പും വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണ് സി.പി.ഐ. നേരത്തെ നിയമവും ടൂറിസം കൈയിലുണ്ടായിരുന്ന സി.പി.ഐ അതു വിട്ടുനല്‍കിയപ്പോള്‍ പകരം വനംവകുപ്പാണ് ലഭിച്ചത്.
യു.ഡി.എഫില്‍പോലും കേരള കോണ്‍ഗ്രസ് കൃഷി വകുപ്പ് കൈകാര്യം ചെയ്തിട്ടില്ലെന്നിരിക്കെ അതു ചോദിക്കുന്നത് യുക്തിയല്ലെന്ന് സി.പി.ഐ നേതൃത്വം സൂചിപ്പിക്കുന്നു. ധനം, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, തദ്ദേശം ഉള്‍പ്പടെയുള്ള ഒരു സുപ്രധാന വകുപ്പും വിട്ടുനല്‍കാന്‍ സി.പി.എം തയ്യാറല്ല.
തുടര്‍ന്നാണ് പൊതുമരാമത്ത്, വൈദ്യുതി എന്നീ വകുപ്പുകള്‍ക്കൊപ്പം രജിസ്‌ട്രേഷന്‍കൂടി വിട്ടുനല്‍കുന്ന കാര്യത്തില്‍ സി.പി.എമ്മില്‍ ആലോചന നടക്കുന്നത്. സി പി എം ഭരിച്ചിരുന്ന വകുപ്പാണെങ്കിലും വൈദ്യുതി വകുപ്പ് നല്‍കുന്നത് തള്ളിക്കളയാനാവില്ലെന്ന് നേതാക്കള്‍ സൂചന നല്‍കുന്നു. വൈദ്യുതി വകുപ്പിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് വൈദ്യുതി ബോര്‍ഡ് ആണെന്നിരക്കെ വകുപ്പ് വിട്ടുനല്‍കുന്നതില്‍ നഷ്ടമില്ലെന്നാണ് സി.പി.എം നേതാക്കള്‍ പറയുന്നത്.