വ്യാഴാഴ്ച അന്തരിച്ച നാദാപുരം ഖാളി മേനക്കോത്ത് അഹമ്മദ് മൗലവിയെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഓർത്തെടുക്കുന്നു
ഓരോ ദിവസവും നമ്മുടെ പ്രിയപ്പെട്ടവർ നമ്മോട് വിട പറഞ്ഞ് കൊണ്ടിരിക്കുകയാണ്.പെരുന്നാൾ ദിനം അവസാനിക്കുമ്പോൾ നാദാപുരം ഖാളി മേനക്കോത്ത് അഹമ്മദ് മൗലവിയുടെ വിയോഗവാർത്ത അറിയുന്നു.
നാലുപതിറ്റാണ്ടിലേറെയായി നാദാപുരത്തിന്റെ ഖാളിയാണ് 'അഹ്മദ്ക്ക' എന്നു നാട്ടുകാർ വിളിക്കുന്ന മൗലവിയദ്ദേഹം. കേരളത്തിൽ ഒരുപക്ഷേ, മഹല്ലുകാർ ഇക്ക എന്നു കൂട്ടിവിളിക്കുന്ന ഒരേയൊരു ഖാളി അദ്ദേഹമായിരിക്കും.
കേരളക്കരയിൽ ഉലമാഉം ഉമറാഉമാണ് ദീനീകാര്യങ്ങളിൽ നിർണായക ചുമതല വഹിക്കുന്നവർ. അഹ്മദ് മൗലവി ഉലമാഇന്റെയും ഉമറാഇന്റെയും പ്രാതിനിധ്യം വഹിച്ച ഒരതിശയപ്പെടുത്തുന്ന സാന്നിധ്യമായിരുന്നു നാദാപുരത്ത്.
പ്രദേശത്തിന്റെ മതപരമായ നേതൃത്വവും സാമൂഹിക ജീവിതകാര്യങ്ങളിലെ നായകത്വവും അഹ്മദ്ക്കയുടെ കരങ്ങളിൽ ഒരുപോലെ ഭദ്രമായിരുന്നു.
നാദാപുരം ജുമാമസ്ജിദ് ഖാളിയായിരിക്കുമ്പോൾ തന്നെ ഓരോരുത്തർക്കും വേണ്ട അത്താണിയായിരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പിതാവിന്റെ സ്ഥാനത്ത് നിന്നുകൊണ്ട് പരിരക്ഷിച്ചും ജേൃഷ്ഠസഹോദരനായി നിന്നുകൊണ്ട് മാർഗനിർദേശങ്ങൾ നൽകിയും കൂട്ടുകാരനായി തോളിൽ കയ്യിട്ടും കുട്ടികൾക്ക് വാൽസല്യമേകിയും പൊതുജനങ്ങൾക്കാകെ അഭൃൂദയകാംക്ഷിയായും സാരോപദേശം നൽകുന്ന ഗുരുവര്യനായും അദ്ദേഹം കടമകൾ നിറവേറ്റി.
നാദാപുരത്തിന്റെയും പരിസര പ്രദേശങ്ങളിലെയും മതജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും അദ്ദേഹം സാർഥകമായി ഇടപെട്ടു. ഇതൊക്കെ കൗതുകത്തോടെ കാണുകയും മനസ്സിലാക്കുകയും അഹ്മദ് മൗലവിയുടെ വ്യത്യസ്തത വേർതിരിച്ചറിയുകയും ചെയ്യാൻ ഈയുള്ളവന് ഏറെ അവസരങ്ങൾ കിട്ടുകയും ചെയ്തു.
കേരളത്തിൽ ഒരുപക്ഷേ സ്ത്രീകൾക്കു കൂടി തങ്ങളുടെ ദീനികാര്യങ്ങളും ജീവിത ചുറ്റുപാടുകളും ഒരു ഖാളിയുമായി പങ്കുവെക്കുവാനും മാർഗനിർദ്ദേശങ്ങൾ സ്വീകരിക്കുവാനും ഇത്രമേൽ അവസരമുണ്ടായത് നാദാപുരത്തായിരിക്കും.
നാദാപുരത്തെ ഓരോരുത്തരെയും പേരും പുരപ്പേരും സഹിതം അറിയുകയും അവരെ നയിക്കുകയും ചെയ്ത കാരണവർ കൂടിയായിരുന്നു അദ്ദേഹം.
നാദാപുരത്തെ പുരാതനമായ പള്ളിയിൽ എത്തിയാൽ അദ്ദേഹം ഇമാമായിരിക്കും. നിക്കാഹിന്റെ സദസ്സിൽ അദ്ദേഹം ഖാളിയായിരിക്കും. സൽക്കാരപ്പന്തലിൽ ഭക്ഷണം കഴിക്കാൻ ബാക്കിയുള്ളവർ ആരെന്നു നോക്കുന്ന ഒത്താശക്കാരനായിരിക്കുമദ്ദേഹം. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ യോഗസ്ഥലത്ത് അദ്ദേഹം പാർട്ടിയുടെ നേതാവായിരിക്കും. നാട്ടിലെ ഏതു പ്രശ്‌നവും പറഞ്ഞു തീർക്കാൻ ശേഷിയുള്ള മധ്യസ്ഥനായും അദ്ദേഹമുണ്ടാകും. ഒരു ഇമാം എങ്ങനെ ഒരു പ്രദേശത്തെ സാമൂഹികവും സാംസ്‌കാരികവുമായ ജീവിതത്തിന്റെ ഇമാമാകണമെന്നതിന്റെ ഉത്തമമാതൃകയായിരുന്നു നാദാപുരക്കാർക്ക് അഹ്മദ്ക്കയായ ഖാളിയാർ. സംഘർഷ വേളയിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ മുന്നിട്ടിറങ്ങുന്ന ഗൗരവപ്രകൃതിയായ അദ്ധേഹം നാട്ടുവർത്താനം പറയാനിരുന്നാൽ നർമ്മരസികനും തത്വജ്ഞാനിയുമായിരിക്കും. നാദാപുരത്തിന്റെ വിഭവസമൃദ്ധികൾ പ്രയോജനപ്പെടുത്തി സാധുജനങ്ങളെ സഹായിക്കാനും മറ്റും ഖാളിയാർക്ക് അദ്ദേഹത്തിന്റെതായ സൂത്രങ്ങളും മിടുക്കുകളുമുണ്ടായിരുന്നു.
ആത്മീയഗുരുവും പ്രായോഗികമതിയും കർമ്മകുശലുമായ അദ്ദേഹം രോഗബാധിതനായതും പ്രയാസപ്പെടുന്നതും അറിഞ്ഞിരുന്നു. ഇത്ര പെട്ടെന്നൊരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ല.
എന്റെ വന്ദ്യരായ പിതാവിന്റെയും ഞങ്ങളുടെ കുടുംബത്തിലെ ബാക്കിയുള്ളവരുടെയും ആത്മമിത്രമായിരുന്നു അദ്ദേഹം. നാദാപുരത്തിന്റെ പൊതുജീവിതത്തിൽ പ്രിയപ്പെട്ട ഖാളിയാരുടെ അഭാവം പ്രതിഫലിക്കും. അല്ലാഹു അദ്ദേഹത്തിനു സ്വർഗീയജീവിതം പ്രധാനം ചെയ്യട്ടെ. അദ്ദേഹത്തിനൊരു പകരക്കാരനെ നൽകി അല്ലാഹു നാദാപുരത്തിന്റെ നഷ്ടം നികത്തുമാറാകട്ടെ. ആമീൻ.