റിയാദ്- എണ്ണയുൽപാദനം വർധിപ്പിച്ച് സൗദി അറേബ്യ. 34,000 ബാരലിന്റെ അധികയുൽപാദനവുമായാണ് ശക്തമായി തിരിച്ചുവരുന്നത്. ഏപ്രിലിൽ സൗദി അറേബ്യ പ്രതിദിന എണ്ണയുൽപാദനത്തിൽ 34,000 ബാരലിന്റെ വീതം വർധനവ് വരുത്തിയതായി ഒപെക് റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം സൗദി അറേബ്യ പ്രതിദിനം 81.32 ലക്ഷം ബാരൽ തോതിലാണ് എണ്ണയുൽപാദിപ്പിച്ചത്. മാർച്ചിൽ പ്രതിദിന ഉൽപാദനം 80.98 ലക്ഷം ബാരലായിരുന്നു. ഫെബ്രുവരിയിൽ സൗദി അറേബ്യയുടെ പ്രതിദിന എണ്ണയുൽപാദനം 81.26 ലക്ഷം ബാരലും ജനുവരിയിൽ 90.77 ലക്ഷം ബാരലുമായിരുന്നു.
മാർച്ച് മാസത്തെ അപേക്ഷിച്ച് ഒപെക് രാജ്യങ്ങളുടെ മൊത്തത്തിലുള്ള പ്രതിദിന എണ്ണയുൽപാദനം 26,000 ബാരൽ തോതിൽ വർധിച്ചു. ഏപ്രിലിൽ ഒപെക് രാജ്യങ്ങളുടെ ആകെ പ്രതിദിന ഉൽപാദനം 25.083 ദശലക്ഷം ബാരലായാണ് വർധിച്ചത്. മാർച്ചിൽ ഇത് 25.057 ദശലക്ഷം ബാരലായിരുന്നു. ഏപ്രിലിൽ ആറു രാജ്യങ്ങൾ ഉൽപാദനം വർധിപ്പിച്ചു. ഏറ്റവുമധികം ഉൽപാദനം വർധിപ്പിച്ചത് നൈജീരിയ ആണ്. നൈജീരിയ പ്രതിദിന ഉൽപാദനത്തിൽ 75,000 ബാരലിന്റെ വീതം വർധനവ് വരുത്തി. ഏപ്രിലിൽ നൈജീരിയ പ്രതിദിനം 15.48 ലക്ഷം ബാരൽ തോതിലാണ് ഉൽപാദിപ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഇറാൻ പ്രതിദിന ഉൽപാദനത്തിൽ 73,000 ബാരൽ തോതിൽ വർധിപ്പിച്ചു. കഴിഞ്ഞ മാസം ഇറാന്റെ പ്രതിദിന ഉൽപാദനം 23.93 ലക്ഷം ബാരലായിരുന്നു.
കഴിഞ്ഞ മാസം ആറു രാജ്യങ്ങൾ എണ്ണയുൽപാദനത്തിൽ കുറവ് വരുത്തി. ഏറ്റവും കൂടുതൽ കുറവ് വരുത്തിയത് വെനിസ്വേലയാണ്. വെനിസ്വേല പ്രതിദിന ഉൽപാദനത്തിൽ 81,000 ബാരലിന്റെ വീതം കുറവ് വരുത്തി. രണ്ടാം സ്ഥാനത്തുള്ള ലിബിയ 67,000 ബാരൽ തോതിലും ഉൽപാദനം കുറച്ചു. വെനിസ്വേല പ്രതിദിനം 4,45,000 ബാരലും ലിബിയ 11.3 ലക്ഷം ബാരലും തോതിലാണ് കഴിഞ്ഞ മാസം എണ്ണയുൽപാദിപ്പിച്ചത്.