Sorry, you need to enable JavaScript to visit this website.

ഇലക്‌ട്രോണിക് മാലിന്യം ശേഖരിക്കാൻ  നഗരങ്ങളിൽ പ്രത്യേക കുപ്പത്തൊട്ടികൾ

ഇലക്‌ട്രോണിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് അൽകോബാർ നഗരസഭ സ്ഥാപിച്ച പ്രത്യേക കുപ്പത്തൊട്ടികൾ. 
ഇലക്‌ട്രോണിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് അൽകോബാർ നഗരസഭ സ്ഥാപിച്ച പ്രത്യേക കുപ്പത്തൊട്ടികൾ. 

ദമാം- പരിസ്ഥിതിക്ക് വലിയ വിനാശം വരുത്തുന്ന ഇലക്‌ട്രോണിക് മാലിന്യങ്ങൾ ശേഖരിക്കാൻ സൗദിയിലെ നഗരങ്ങളിൽ പ്രത്യേക കുപ്പത്തൊട്ടികൾ. ഇലക്‌ട്രോണിക് മാലിന്യങ്ങൾ പ്രത്യേക കുപ്പത്തൊട്ടികളിൽ ശേഖരിക്കുന്ന പദ്ധതിക്ക് അൽകോബാർ നഗരസഭയിൽ തുടക്കം കുറിച്ചു. ഇലക്‌ട്രോണിക് മാലിന്യങ്ങൾ സുരക്ഷിതമായി ഉപേക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായാണിത്. ഇലക്‌ട്രോണിക് മാലിന്യങ്ങളുടെ അപകടങ്ങളിൽ നിന്ന് പരിസ്ഥിതിക്ക് സംരക്ഷണം നൽകാനും ഇത്തരം മാലിന്യങ്ങൾ പ്രയോജനപ്പെടുത്താനും പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. അൽകോബാറിലെ നോർത്ത് കോർണിഷിലാണ് ഇലക്‌ട്രോണിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള കുപ്പത്തൊട്ടികൾ സ്ഥാപിച്ചിരിക്കുന്നത്. 


മാലിന്യ ശേഖരണത്തിൽ ഏറ്റവും പ്രധാനമാണ് ഇലക്‌ട്രോണിക് മാലിന്യ ശേഖരണമെന്ന് അൽകോബാർ നഗരസഭാ മേധാവി എൻജിനീയർ സുൽത്താൻ അൽസായിദി പറഞ്ഞു. ഇലക്‌ട്രോണിക് മാലിന്യങ്ങൾ പരിസ്ഥിതി ആഘാതങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. ഇലക്‌ട്രോണിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് പ്രത്യേക സാങ്കേതിക മാനദണ്ഡങ്ങളോടെയാണ് നൂതന കുപ്പത്തൊട്ടികൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഇലക്ട്രിക് ഉപകരണങ്ങൾ, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ, വലിപ്പം കുറഞ്ഞ സാങ്കേതിക ഉപകരണങ്ങൾ എന്നിവ ശേഖരിക്കുന്നതിന് വ്യത്യസ്ത വലിപ്പങ്ങളിലുള്ള കുപ്പത്തൊട്ടികൾ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ കുപ്പത്തൊട്ടികൾ രൂപകൽപന ചെയ്തിരിക്കുന്നത്. 


സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനും സാങ്കേതിക വിദ്യകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും ഉപയോഗിക്കുന്ന മേഖലയിലെ പരിവർത്തനങ്ങളുമായി ഒത്തുപോകാനുമുള്ള അൽകോബാർ നഗരസഭയുടെ താൽപര്യത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. ശുദ്ധവും സുസ്ഥിരവുമായ പരിസ്ഥിതി ഉറപ്പാക്കുന്നതിന് അനാവശ്യമായ ഇലക്‌ട്രോണിക്, ഇലക്ട്രിക്, സാങ്കേതിക ഉപകരണങ്ങൾ സുരക്ഷിത രീതിയിൽ ഉപേക്ഷിക്കാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന സംവിധാനമാണ് നടപ്പാക്കിയിരിക്കുന്നതെന്നും അൽകോബാർ നഗരസഭാ മേധാവി പറഞ്ഞു.


 

Latest News