Sorry, you need to enable JavaScript to visit this website.

പാച്ചേനിയെ പരാജയപ്പെടുത്താൻ കോൺഗ്രസിൽ തന്നെ നടന്ന നീക്കങ്ങളുടെ തെളിവുകൾ പുറത്ത്

കണ്ണൂർ - കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനകത്തുനിന്നു തന്നെ നീക്കങ്ങൾ നടന്നുവെന്നതിന്റെ തെളിവുകൾ പുറത്തുവന്നു. സതീശൻ, ന്യൂനപക്ഷ വിരുദ്ധനാണെന്നും, കെ.സുധാകരനെ ചതിച്ചയാളാണെന്നും മറ്റുമുള്ള വിവരങ്ങൾ അടങ്ങിയ ലഘുലേഖകളും പോസ്റ്ററുകളും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പത്തെ ദിവസങ്ങളിൽ മണ്ഡലത്തിലുടനീളം പ്രചരിപ്പിച്ചാണ് ഈ നീക്കം നടത്തിയത്. ഇതിന് കണ്ണൂരിലെ പ്രമുഖ നേതാക്കൾ തന്നെയാണ് ചുക്കാൻ പിടിച്ചതെന്നാണ് വിവരം. ഈ യാഥാർഥ്യം മനസിലാക്കിയതിനെത്തുടർന്നാണ്, ഡി.സി.സി പ്രസിഡണ്ട് സ്ഥാനം ഒഴിയാമെന്നും, ഇനി മത്സരിക്കില്ലെന്നും ഫലപ്രഖ്യപനത്തിന്റെ തൊട്ടുപിറ്റേന്ന് സതീശൻ പരസ്യ പ്രസ്താവന നടത്തിയത്. ന്യൂനപക്ഷ വഞ്ചകനായ സതീശനെ തിരിച്ചറിയുക എന്ന പേരിലും, രക്ഷകനായ കെ.സുധാകരനെ ചതിച്ചവന് മാപ്പില്ല എന്ന പേരിലുമാണ് ലഘുലേഖയും പോസ്റ്ററും പ്രചരിപ്പിച്ചത്. രണ്ടും കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ഇറങ്ങിയത്.


കോൺഗ്രസ് എ ഗ്രൂപ്പുകാരനായ പാച്ചേനി, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഉമ്മൻ ചാണ്ടിയെ തള്ളി, കണ്ണൂരിൽ കെ.സുധാകരനൊപ്പം പോവുകയും കണ്ണൂർ സീറ്റ് നേടുകയും ചെയ്തുവെന്ന് ലഘുലേഖയിൽ പറയുന്നു. സിറ്റിംഗ് എം.എൽ.എയായ എ.പി അബ്ദുല്ലക്കുട്ടിയെ, അതുവരെ നിലനിന്ന എല്ലാ മാനദണ്ഡങ്ങളും മാറ്റി അട്ടിമറിച്ചാണ് ആ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ മത്സരിച്ചത്. സിറ്റിംഗ് എം.എൽ.എയായ അബ്ദുല്ലക്കുട്ടിയെ മാറ്റിയത് ന്യൂനപക്ഷ വിഭാഗങ്ങളിൽ കടുത്ത എതിർപ്പുയർത്തിയെന്നും സതീശൻ പരാജയം ഏറ്റുവാങ്ങിയെന്നും ലഘുലേഖ കുറ്റപ്പെടുത്തുന്നു. ഐ.എൻ.ടി.യു.സി നേതാവായിരുന്ന കെ.സുരേന്ദ്രനായി മാറ്റി വെച്ച സീറ്റാണ് സതീശൻ കൈക്കലാക്കിയത്. പിന്നീട് ഇതേ സുരേന്ദ്രനിൽ നിന്നും ഡി.സി.സി പ്രസിഡണ്ട് സ്ഥാനവും തട്ടിപ്പറിച്ചുവെന്നും സഹ പ്രവർത്തകരോടും അണികളോടും അനുഭാവപൂർവ്വം പെരുമാറാനറിയാത്ത സതീശൻ മൂലം നിരവധി നേതാക്കൾ പാർട്ടി വിട്ടുപോയെന്നും, ഇയാൾ പ്രസിഡണ്ടായിരിക്കെയാണ് ഏറ്റവും കൂടുതൽ പേർ പാർട്ടി വിട്ടതെന്നും ലഘുലേഖ പറയുന്നു.


പോസ്റ്ററിലാകട്ടെ, കെ. സുധാകരനെ വഞ്ചിച്ചയാളായാണ് സതീശൻ പാച്ചേനിയെ ചിത്രീകരിക്കുന്നത്. എ ഗ്രൂപ്പിൽ ഗതികിട്ടാതെ വന്നപ്പോൾ, രക്ഷകനായി എത്തിയത് കേരളത്തിൽ കോൺഗ്രസിന്റെ ഫയർബ്രാൻഡ് നേതാവായ കെ.സുധാകരനാണ്. ആദ്യം നിയമസഭാ സീറ്റും പിന്നീട് ഡി.സി.സി പ്രസിഡണ്ടു സ്ഥാനവും നൽകിയ സുധാകരനെ ചതിച്ച് കെ.സി വേണുഗോപാലിനൊപ്പം പോയ സതീശൻ എന്ന വഞ്ചകനെ വിശ്വസിക്കാനാവില്ലെന്ന് പോസ്റ്ററിൽ പറയുന്നു. ഈ ലഘുലേഖകളും പോസ്റ്ററുകളും വോട്ടെടുപ്പിന് തൊട്ടുമുമ്പത്തെ ദിവസങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
ലഘുലേഖകളും പോസ്റ്ററുകളും പ്രചരിപ്പിക്കപ്പെട്ട സ്ഥലങ്ങളിലെല്ലാം തന്നെ സതീശൻ പാച്ചേനിക്ക് വോട്ടു കുറഞ്ഞു. ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ അട്ടിമറിഞ്ഞു. മാസങ്ങൾക്ക് മുമ്പു നടന്ന കോർപറേഷൻ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തിയ ഡിവിഷനുകളിലടക്കം കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ടു കുറഞ്ഞു. സതീശൻ പാച്ചേനിയെ പരാജയപ്പെടുത്താൻ കോൺഗ്രസിലെ മുൻനിര നേതാക്കൾ ഗ്രൂപ്പ് വ്യത്യാസമില്ലാതെ അണിനിരന്നുവെന്നാണ് വിവരം.  കെ.സുരേന്ദ്രന്റെ അകാലമരണത്തിന് വഴിവെച്ചുവെന്ന് പരാമർശിക്കപ്പെട്ട നേതാക്കളിൽ ചിലരും ഇതിലുണ്ടെന്ന് സൂചനയുണ്ട്. കെ.സുരേന്ദ്രൻ, മേയർ സ്ഥാനത്തിന് അവകാശമുന്നയിക്കാതിരിക്കാൻ അദ്ദേഹത്തിന് നേരെ വ്യാപകമായ പ്രചാരണം നടത്തുകയും ഇതിൽ മനംനൊന്ത് അദ്ദേഹം ഹൃദയം പൊട്ടി മരിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. കണ്ണൂരിലെ കോൺഗ്രസിന്റെ പരാജയ കാരണങ്ങൾ അന്വേഷിക്കുന്നവർ ഈ ഘടകങ്ങൾ കൂടി വിലയിരുത്തണമെന്നാണ് കോൺഗ്രസ് പ്രവർത്തകരിൽ ചിലരുടെ ആവശ്യം.

Latest News