കോഴിക്കോട്- ലോക്ക്ഡൗണ്‍ ലംഘിച്ച് കോഴിക്കോട് ബീച്ചില്‍ പെരുന്നാള്‍ ആഘോഷം. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന നിര്‍ദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കള്‍ ബീച്ചില്‍ ഒത്തുകൂടുകയായിരുന്നു. മാസ്‌ക് ധരിക്കാതെ എത്തിയ ഇവര്‍ പോലീസിനെ കണ്ടതോടെ ഓടിരക്ഷപെട്ടു. ഇവരുടെ വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ വീടിനുള്ളില്‍ ഒതുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. പരിശോധന കര്‍ശനമാണെന്നും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പ്രദേശവാസികളായ ചെറുപ്പാക്കാരാണ് ബീച്ചിലെത്തിയത്.ബൈക്കിലെത്തിയ പോലീസിനെ കണ്ടതോടെ ഇവര്‍ ഇടവഴികളിലൂടെ ഓടി രക്ഷപെട്ടു. ലോക്ക്ഡൗണ്‍ ലംഘിക്കപ്പെട്ടതോടെ കൂടുതല്‍ പോലീസിനെ ബീച്ച് മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് രോഗികള്‍ കൂടുതലുള്ള ജില്ലകളിലൊന്നാണ് കോഴിക്കോട്. മാതാപിതാക്കളുടെ പേരിലുള്ളതാണ് ബൈക്കുകളില്‍ ചിലത്. അവര്‍ നേരിട്ട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകേണ്ടി വരും.