പാരീസ്- തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററില്‍ സ്ഥാനാര്‍ഥിയുടെ ശിരോവസ്ത്രം ധരിച്ച ചിത്രം. തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടി സ്ഥാനാര്‍ഥിക്കുള്ള പിന്തുണ പിന്‍വലിച്ചു.
മുസ്ലിം ശിരോവസ്ത്രത്തെക്കുറിച്ച് ഫ്രാന്‍സില്‍ ദീര്‍ഘകാലമായി തുടരുന്ന ചര്‍ച്ചയാണ് ദേശീയ സന്ദേശം നല്‍കി പ്രാദേശിക തെരഞ്ഞെടുപ്പിലെത്തിയിരിക്കുന്നത്. വല്ലാതെ വേദനിപ്പിക്കുന്നതാണ് തീരുമാനമെന്ന് തെക്കന്‍ നഗരമായ മോണ്ട്‌പെല്ലിയറിലെ ഒരു ഡിസ്ട്രിക്ടിലേക്കുള്ള പട്ടികയിലെ പ്രധാന സ്ഥാനാര്‍ത്ഥി മഹ്ഫൂദ് ബെനാലി പറഞ്ഞു. ഇദ്ദേഹം നേതൃത്വം നല്‍കുന്ന സ്ഥാനാര്‍ഥി പട്ടികയിലെ ക്വാളിറ്റി എഞ്ചിനീയറായ സാറ സെമ്മാഹിക്കാണ് മാക്രോണിന്റെ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചത്.
അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിനായുള്ള പ്രചാരണ പോസ്റ്ററിവെളുത്ത ശിരോവസ്ത്രം ധരിച്ച സാറയുടെ ചിത്രം. ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടിയുടെ തീരുമാനത്തെ കുറിച്ച് സാറ സെമ്മാഹിയുടെ പ്രതികരണം അറിവായിട്ടില്ല.
ക്ലാസ് മുറികളില്‍ ഫ്രാന്‍സ് മുസ്ലീം ശിരോവസ്ത്രം നിരോധിച്ചിട്ടുണ്ടെങ്കിലും പൊതു ഇടത്തിലോ പ്രചാരണ പോസ്റ്ററുകളിലോ ശിരോവസ്ത്രം വിലക്കിയിട്ടില്ല.
എന്നിരുന്നാലും, പോസ്റ്ററിലെ നാലാളുകളില്‍ ഒരാളായ സെമ്മഹിയെ പാര്‍ട്ടി പിന്തുണയ്ക്കില്ലെന്ന് മാക്രോണിന്റെ എല്‍ആര്‍എം പാര്‍ട്ടി മേധാവി സ്റ്റാനിസ്ലാസ് ഗുറിനി റേഡിയോ സ്‌റ്റേഷനായ ആര്‍ടിഎലിനോട് പറഞ്ഞു, മതപരമായ അടയാളങ്ങള്‍ക്ക് പോസ്റ്ററുകളില്‍ സ്ഥാനമില്ലെന്ന് ഞങ്ങള്‍ കരുതുന്നുവെന്നും ഗുറിനി പറഞ്ഞു.
ജൂണ്‍ 20, 27 തീയതികളിലാണ് തദ്ദേശ തെരഞ്ഞെടുപ്പ്.