Sorry, you need to enable JavaScript to visit this website.

ജിസാനിൽ സംസ്‌കരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം മൂന്നു മാസത്തിന് ശേഷം നാട്ടിലേക്കയച്ചു

ജിസാൻ- സൗദിയിലെ ജിസാൻ പ്രവിശ്യയിൽ സംസ്‌കരിച്ച ഉന സ്വദേശി സഞ്ജീവ് കുമാറിന്റെ മൃതദേഹം അദ്ദേഹത്തിന്റെ വിധവക്ക് മൂന്ന് മാസത്തിന് ശേഷം ജിദ്ദ കൗൺസുലേറ്റ് ഇടപെട്ട് നാട്ടിലേക്ക് എത്തിച്ചുകൊടുത്തു.
ജനുവരിയിൽ സൗദി അറേബ്യയിൽ മരിച്ച് ഒരു മാസത്തിന് ശേഷമാണ് സഞ്ജീവ് കുമാറിന്റെ മൃതദേഹം സംസ്‌കരിച്ചത്.  കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് സംസ്‌കാരം നടത്തിയതെന്നും മൃതദേഹം നാട്ടിലേക്ക് എത്തിക്കണമെന്നും ആവശ്യപ്പെട്ട് കുമാറിന്റെ ഭാര്യ അഞ്ജു ശർമ്മ ദൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സഞ്ജീവ് കുമാറിന്റെ മൃതദേഹം ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലേക്ക് അയച്ചതായി വിദേശ മന്ത്രാലയം കോടതിയെ അറിയിച്ചു.

വിമാന വിലക്ക് വീണ്ടും നീട്ടി; നേപ്പാളില്‍ നൂറുകണക്കിന് സൗദി പ്രവാസികള്‍ കുടുങ്ങി

23 വർഷമായി സൗദി അറേബ്യയിൽ ട്രക്ക് െ്രെഡവറായി ജോലി ചെയ്തിരുന്ന കുമാർ ഹൃദയസ്തംഭനം മൂലം ജനുവരിയിലാണ് മരിച്ചത്. മൃതദേഹം ജിസാനിലെ ബെയ്ഷ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്നു. മൃതദേഹം നാട്ടിലേക്ക്  അയക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതിന് പവർ ഓഫ് അറ്റോർണി സ്‌പോൺസറുടെ പേരിലേക്ക് ജനുവരി 28 അയച്ചുകൊടുത്തിരുന്നു. എന്നാൽ ഫെബ്രുവരി 18 ന് ഉന നിവാസിയായ ഭാര്യയെ അറിയിച്ചത്, മരണ സർട്ടിഫിക്കറ്റിന്റെ വിവർത്തനത്തിലെ ഒരു തെറ്റ് കാരണം മൃതദേഹം സൗദിയിൽ സംസ്‌കരിച്ചുവെന്നാണ്. വിവർത്തനത്തിൽ അദ്ദേഹത്തിന്റെ മതം 'മുസ്ലിം' എന്ന് ആയിരുന്നു. ഇതോടെയാണ് ഭാര്യ കോടതിയെ സമീപിച്ചത്. 
കുമാറിന്റെ മൃതദേഹം തിരികെ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനായി നയതന്ത്ര ശ്രമങ്ങൾ ആരംഭിച്ചതായും കുടുംബത്തിന് വേണ്ടി ജിസാൻ റീജിയനിൽ നിയമനടപടികൾ ആരംഭിച്ചതായും വിദേശകാര്യ മന്ത്രാലയത്തിലെ  കോൺസുലർ, പാസ്‌പോർട്ട്, വിസ ഡിവിഷൻ ഡയറക്ടർ വിഷ്ണു കുമാർ ശർമ കഴിഞ്ഞ മാസം കോടതിയെ അറിയിച്ചു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ മൃതദേഹം ലഭിച്ചതായും എം.ഇ.എ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തെ ദൽഹി ഹൈക്കോടതി ജസ്റ്റിസ് പ്രതിഭ എം സിംഗ് അഭിനന്ദിച്ചിരുന്നു. ഇത് കോടതിക്കും വലിയ ആശ്വാസമാണെന്ന് വ്യക്തമാക്കിയ അവർ കുമാറിന്റെ മൃതദേഹം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ അധികാരികൾ നടത്തിയ ശ്രമങ്ങളെ അവർ അഭിനന്ദിക്കുകയും ചെയ്തു.

മരണ സർട്ടിഫിക്കറ്റിന്റെ വിവർത്തനം കുമാറിന്റെ തൊഴിലുടമയാണ് നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം അധികൃതർ നേരത്തെ കോടതിയെ അറിയിച്ചിരുന്നുവെങ്കിലും സൗദി അറേബ്യയിലെ അധികാരികൾക്ക് അദ്ദേഹത്തിന്റെ മതത്തെക്കുറിച്ച് അറിയാമായിരുന്നതിനാൽ ജിസാൻ പ്രവശ്യയിലെ അമുസ്ലിം സെമിത്തേരിയിലാണ് അടക്കം ചെയ്തിരുന്നത്. 
ഇന്ത്യൻ പൗരന്റെ മരണത്തെക്കുറിച്ച് ഇന്ത്യൻ കോൺസുലേറ്റിനെ അറിയിക്കണമെന്നാണ് നിയമം. അതിന്റെ ചുമതല ബന്ധുക്കൾക്കും, തൊഴിലുടമക്കുമാണ്. കോൺസുലേറ്റ് എൻ.ഒ.സി നൽകിയില്ലെങ്കിൽ മൃതദേഹം സംസ്‌കരിക്കാൻ കഴിയില്ല. കോവിഡ് 19 പ്രോട്ടോക്കോൾ കാരണം ഇന്ത്യൻ കോൺസുലേറ്റിനെ അറിയിക്കാതെയാണ് കുമാറിന്റെ മൃതദേഹം അടക്കം ചെയ്തതെന്ന് അധികൃതർ ദൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ ജിദ്ദ കൗൺസുലേറ്റ് സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെയും, നേരിട്ടും ജിസാൻ ഗവർണറേറ്റുമായി ബന്ധപ്പെട്ടതിനെ തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മൂന്നു മാസത്തിന്നു ശേഷം പുറത്തെടുത്ത് നാട്ടിലേക്ക് അയക്കുകയായിരുന്നു. കൗൺസുൽ ജനറൽ മുഹമ്മത് ഷാഹിദ് ആലം, സാമൂഹ്യ ക്ഷേമ വിഭാഗം കൗൺസെൽ മുഹമ്മദ് അലീം, കൗൺസെൽ  സാഹിൽ ശർമ്മ എന്നിവർ നേതൃത്വം നൽകി. 

ജിസാൻ ഗവർണർ മുഹമ്മദ് ബിൻ നാസറും ഈ ഉദ്യമത്തിന് ആവശ്യമായ സഹായങ്ങൾ നൽകി. സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് കുറ്റിച്ചാലിന്റെ ഇടപെടൽ കൊണ്ടാണ് കാര്യങ്ങൾക്ക് വേഗം ലഭിച്ചത്. ബിജു കെ നായർ, ഹബീബ് എന്നിവരും സഹായത്തിന് കൂടെയുണ്ടായിരുന്നു. 

 

Latest News